ജനസംഖ്യാ സിദ്ധാന്തവും ഫാസിസത്തിലേക്കുള്ള വഴികളും

അടുത്തൂണ്‍പറ്റി പിറ്റേന്നാള്‍ ഡി ജി പി സെന്‍കുമാര്‍ ഒരു മലയാളം വാരികക്കു നല്‍കിയ അഭിമുഖത്തിലൂടെ തന്റെ 'സംഘി മനസ്സ്' തുറക്കുകയായിരുന്നു. അടിസ്ഥാനങ്ങളില്ലാത്ത സ്ഥിതിവിവരങ്ങള്‍ ഉദ്ധരിച്ച് മുസ്‌ലിംകള്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമാകുകയാണെന്ന വിദേ്വഷപ്രചാരണമാണ് സെന്‍കുമാര്‍ അഭിമുഖത്തിലൂടെ നടത്തിയത്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരായ വിദേ്വഷപ്രചാരണമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പ്രചാരണതന്ത്രം. ന്യൂനപക്ഷവിരുദ്ധമായ അപരത്വനിര്‍മിതിയിലൂടെയാണ് ഹിന്ദുത്വവാദികള്‍ തങ്ങളുടെ വര്‍ഗീയവത്കരണ അജന്‍ഡ നടപ്പാക്കുന്നത്. അതായത്, ഹിന്ദുത്വവാദികള്‍ കടുത്ത ന്യൂനപക്ഷവിരുദ്ധത ഉയര്‍ത്തിയാണ് ഹിന്ദുസ്വത്വത്തെ വളര്‍ത്തി യെടുക്കുന്നത്.
Posted on: July 19, 2017 8:34 am | Last updated: July 18, 2017 at 11:38 pm

അടുത്തൂണ്‍പറ്റി പിറ്റേന്നാള്‍ ഡി ജി പി സെന്‍കുമാര്‍ ഒരു മലയാളം വാരികക്കു നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ‘സംഘി മനസ്സ്’ തുറക്കുകയായിരുന്നു. അടിസ്ഥാനങ്ങളില്ലാത്ത സ്ഥിതിവിവരങ്ങള്‍ ഉദ്ധരിച്ച് മുസ്‌ലിംകള്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമാകുകയാണെന്ന വിദേ്വഷപ്രചാരണമാണ് സെന്‍കുമാര്‍ അഭിമുഖത്തിലൂടെ നടത്തിയത്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരായ വിദേ്വഷപ്രചരണമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പ്രചാരണതന്ത്രം. ന്യൂനപക്ഷവിരുദ്ധമായ അപരത്വനിര്‍മ്മിതിയിലൂടെയാണ് ഹിന്ദുത്വവാദികള്‍ തങ്ങളുടെ വര്‍ഗീയവത്കരണ അജന്‍ഡ നടപ്പാക്കുന്നത്. അതായത് ഹിന്ദുത്വവാദികള്‍ കടുത്ത ന്യൂനപക്ഷവിരുദ്ധത ഉയര്‍ത്തിയാണ് ഹിന്ദുസ്വത്വത്തെ വളര്‍ത്തിയെടുക്കുന്നത്.

എല്ലാ കാര്യത്തിലും ഭൂരിപക്ഷ സമുദായം അവഗണനയും പീഡനങ്ങളും നേരിടുകയാണെന്ന പ്രചാരണമാണ് അവര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരാണെന്നും എല്ലാകാര്യങ്ങളിലും മുസ്‌ലിംകളും ക്രിസ്ത്യാനികളും മേല്‍ക്കൈനേടുകയുമാണെന്ന പ്രചാരണമാണ് കേരളത്തില്‍ കഴിഞ്ഞ കുറേ ദശകങ്ങളായി പി പരമേശ്വരന്‍ മുതല്‍ കുമ്മനവും ശശികല ടീച്ചറുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. ശശികലടീച്ചറുടെ അശ്ലീലകരമായ ജനസംഖ്യാസിദ്ധാന്തം തന്നെയാണ് സെന്‍കുമാര്‍ തട്ടിവിട്ടത്. മുസ്‌ലിംകള്‍ മേല്‍ക്കൈ നേടുകയാണെന്ന ഭീതിപരത്തി ഭൂരിപക്ഷസമുദായത്തെ വര്‍ഗീയവത്കരിക്കുകയെന്നതാണല്ലോ വര്‍ഗീയ ഫാസിസ്റ്റ് തന്ത്രം.

എല്ലായിടത്തും ജൂതര്‍ മേല്‍ക്കൈ നേടുന്നുവെന്ന വ്യാജപ്രചാരണത്തിലൂടെയാണ് ഹിറ്റ്‌ലര്‍ ആര്യവംശാഭിമാനത്തിലധിഷ്ഠിതമായ നാസിസം വളര്‍ത്തിയെടുത്തത്. അത് ദശലക്ഷക്കണക്കിന് ജൂതന്മാരുടെ കൂട്ടക്കൊലയിലാണ് അവസാനിച്ചത്. ഇന്ത്യയിലിപ്പോള്‍ ഹിന്ദുരാഷ്ട്രവാദികള്‍ വാശിയോടെ നടപ്പിലാക്കുന്ന ലൗജിഹാദും ഇന്ത്യയുടെ ബ്രാഹ്മണപാരമ്പര്യത്തെ വിമര്‍ശിക്കുന്നവര്‍ പൗരത്വം ഉപേക്ഷിക്കണം എന്നതുപോലുള്ള പ്രഖ്യാപനങ്ങളും ഹിറ്റ്‌ലേറിയന്‍ ഫാസിസത്തിന്റെ ഇന്ത്യന്‍ പരീക്ഷണങ്ങളാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സങ്കരം അഥവാ രണ്ട് വംശങ്ങളില്‍പെട്ട ആളുകള്‍ തമ്മിലുള്ള സഹവാസവും സഹവര്‍ത്തിത്വവും വരാനിരിക്കുന്ന ഏറ്റവും വലിയ വിപത്ത് എന്നായിരുന്നല്ലോ ഹിറ്റ്‌ലര്‍ തന്റെ ആര്യവംശസിദ്ധാന്തത്തിലൂടെ പ്രചാരണം നടത്തിയത്. ജൂതന്മാരുടെ രക്തം കലര്‍ന്ന് വര്‍ണസങ്കരം സംഭവിച്ചതാണ് ആര്യവംശം അധഃപതിക്കാന്‍ കാരണമെന്നതായിരുന്നല്ലോ നാസിപ്രചാരണം. ഇവിടെ ഹിന്ദുത്വവാദികളും ഗീതയും സ്മൃതിയുമെല്ലാം ഉദ്ധരിച്ച് ഭൂരിപക്ഷസമുദായത്തിന്റെ അധഃപതനത്തിനുകാരണം ന്യൂനപക്ഷങ്ങളാണ് എന്ന് പ്രചരിപ്പിക്കുകയാണ്. ഹിന്ദുക്കളല്ലാത്ത എല്ലാവരും അന്യരും അകലം സൂക്ഷിക്കേണ്ടവരുമാണെന്ന അതോറിറ്റേറിയന്‍ സിദ്ധാന്തമാണ് സംഘ്പരിവാര്‍ ന്യൂനപക്ഷവിരുദ്ധ ക്യാമ്പയിനിലൂടെ പുറത്തെടുക്കുന്നത്. ഹിറ്റ്‌ലറുടെ വംശവിരോധത്തിന്റെ ഭാഷാന്തരം കടമെടുത്തുകൊണ്ട് ആര്‍എസ് എസും കേരളത്തില്‍ മുസ്‌ലിം-ക്രിസ്ത്യന്‍ വിരുദ്ധമായ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ഹിന്ദുക്കള്‍ കുറയുകയാണെന്നും മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ വര്‍ധിക്കുകയാണെന്നുമുള്ള പ്രചാരണം സംഘ്പരിവാര്‍ 1980-കള്‍ മുതല്‍ തന്നെ സംഘടിതമായി നടത്തിയിട്ടുണ്ട്. 1982-ല്‍ പ്രസിദ്ധീകരിച്ച“വിശാലഹിന്ദുസമ്മേളനം എന്ത്? എന്തിന്?” എന്ന ലഘുലേഖയില്‍ പി പരമേശ്വരന്‍ 1971-ലെ ജനസംഖ്യാ കണക്കനുസരിച്ച് ഭാരതത്തില്‍ 86 ശതമാനം ഹിന്ദുക്കളുള്ളപ്പോള്‍ കേരളത്തില്‍ അവരുടെ സംഖ്യ 59 ശതമാനം മാത്രമാണെന്ന് പരിതപിക്കുന്നുണ്ട്. പരമേശ്വരന്റെ അപഗ്രഥനപ്രകാരം ഇതരമതസ്ഥര്‍ 39 ശതമാനം കണ്ട് വര്‍ധിച്ചപ്പോള്‍ ഹിന്ദുക്കളുടെ ജനസംഖ്യയിലെ വര്‍ദ്ധനവ് 23 ശതമാനം മാത്രമാണ്. ഇന്നിപ്പോള്‍ ഈ ജനസംഖ്യാമാറ്റസിദ്ധാന്തം ഉപയോഗിച്ചുള്ള ന്യൂനപക്ഷവിരുദ്ധ പ്രചാരവേലകള്‍ തീവ്രഗതിയിലായിരിക്കുകയാണ്.
മതേതര ജനാധിപത്യനിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാത്രമെ സംഘ്പരിവാറിന്റെ ജനസംഖ്യയെ മുന്‍നിര്‍ത്തിയുള്ള ഫാസിസ്റ്റ് പ്രചാരവേലകളെ പുരോഗമനശക്തികള്‍ക്ക് നേരിടാനാകൂ. ഇന്ത്യയില്‍ 2011-ലെ സെന്‍സസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് മുസ്‌ലിംകളും ക്രിസ്ത്യാനികളും അടങ്ങുന്ന ന്യൂനപക്ഷ ജനസംഖ്യ 17 ശതമാനം ആണെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത്. എല്ലാ വിഭാഗത്തിലുംപെട്ട ന്യൂനപക്ഷവിഭാഗങ്ങള്‍ ചേര്‍ന്നാലും ജനസംഖ്യാപരമായി ഭൂരിപക്ഷഹിന്ദുമതക്കാരേക്കാള്‍ ഒരു മേല്‍ക്കൈയും ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്കുണ്ടാവില്ലെന്നതാണ് യാഥാര്‍ഥ്യം. 80 ശതമാനത്തിലേറെ വരുന്ന ഹിന്ദുഭൂരിപക്ഷ മതക്കാരേക്കാളും ന്യൂനപക്ഷങ്ങള്‍ വളര്‍ന്ന് ഭൂരിപക്ഷമാകുമെന്നുള്ളത് ഒരു അസംബന്ധവാദം മാത്രമാണ്. കേരളത്തില്‍ പുതിയ ജനസംഖ്യാകണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുക്കള്‍ ന്യനപക്ഷമായിരിക്കുന്നുവെന്ന വാദം ഹിന്ദുഐക്യവേദിക്കാര്‍ മാത്രമല്ല പുരോഗമനവിഭാഗങ്ങളില്‍പെട്ടവര്‍ പോലും ആവര്‍ത്തിക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയാണുള്ളത്. വ്യാജപ്രചാരണങ്ങളില്‍ പുരോഗമനവിഭാഗങ്ങള്‍പോലും വീണുപോകുന്ന അവസ്ഥയെയാണ് അവരെ ഫാസിസത്തിന്റെ മാപ്പുസാക്ഷികളാക്കിതീര്‍ക്കുന്നത്. നമ്മുടെ പൊതുബോധത്തെ ഹിന്ദുത്വശക്തികള്‍ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നതെന്ന് മതനിരപേക്ഷവാദികള്‍ അതീവഗൗരവമായിതന്നെ പഠിക്കേണ്ടതുണ്ട്. രാഷ്ട്രീയപ്രചാരണത്തിന്റെയും വ്യവഹാരത്തിന്റെയും മണ്ഡലങ്ങളില്‍ നിന്നും വര്‍ഗീയത സമൂഹമനസ്സിന്റെ അകത്തളങ്ങളില്‍ ശത്രുതയും വിദേ്വഷവും വളര്‍ത്തിയാണ് സാമൂഹ്യജീവിതത്തിനാകെ ഭീഷണിയായി കഴിഞ്ഞിരിക്കുന്നത്.
2011-ലെ ജനസംഖ്യാ സെന്‍സസ് വിവരങ്ങളെന്ന പേരില്‍ കേരളത്തില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയാണെന്നും ന്യൂനപക്ഷസമൂഹം ഭൂരിപക്ഷമാകുകയാണെന്നുമുള്ള പ്രചാരണങ്ങള്‍ യാതൊരുവിധ അവലംബവുമില്ലാതെ ഹീനമായ രീതിയില്‍ അടിച്ചുവിടുകയാണ്. ലിബറല്‍ഹിന്ദുത്വ നിലപാടുളള മാധ്യമങ്ങളും തീവ്രഹിന്ദുത്വശക്തികളും ലേഖനങ്ങളിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും മുസ്‌ലിം ജനസംഖ്യാവളര്‍ച്ചാനിരക്ക് ഉയര്‍ന്നതായി വ്യാപകമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. വസ്തുതകളുമായി ബന്ധമില്ലാത്ത നുണപ്രചാരണങ്ങളിലൂടെ ഭൂരിപക്ഷമത വിഭാഗത്തില്‍ ആശങ്കകള്‍ സൃഷ്ടിച്ച് ഹിന്ദുത്വ ധ്രുവീകരണത്തിന് ഗതിവേഗം കൂട്ടുക എന്നതാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം. 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചനകള്‍ എന്ന നിലയില്‍ ഇത്തരക്കാര്‍ മാധ്യമചര്‍ച്ചകളിലും അവരുടെ ക്യാമ്പയിനുകളിലും വ്യാപകമായി പ്രചരിപ്പിക്കുന്നത് കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ 38 ശതമാനം ആയി ഉയര്‍ന്നെന്നും ക്രിസ്ത്യന്‍ ജനസംഖ്യ 19 ശതമാനം ആണെന്നും ഹിന്ദുക്കള്‍ 43 ശതമാനം ആയി താഴ്ന്നുവെന്നുമാണ്. മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ ജനസംഖ്യയിലും ന്യൂനപക്ഷങ്ങള്‍ മേല്‍ക്കൈ നേടുകയാണെന്ന ഫാസിസ്റ്റ് പ്രചാരണമാണ് തെറ്റായ വിവരങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്നത്. എന്താണ് യാഥാര്‍ഥ്യം? സെന്‍സസ് റിപ്പോര്‍ട്ടുപ്രകാരം കേരളത്തില്‍ 56 ശതമാനം ഹിന്ദുക്കളും 24 ശതമാനം മുസ്‌ലിംകളും 19 ശതമാനം ക്രിസ്ത്യാനികളും ബാക്കി ജൈന-ബുദ്ധ-ജൂതമതക്കാരുമാണ്. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചയില്‍ ഒരു ദശകക്കാലം കൊണ്ട് സംഭവിച്ച മാറ്റത്തിന്റെ കണക്ക് ‘ടൈംസ് ഓഫ് ഇന്ത്യ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിക്കിപീഡിയ കേരളത്തിലെ സാമൂഹിക ഘടനയനുസരിച്ച് നല്‍കുന്ന ജനസംഖ്യാ കണക്ക് ഇങ്ങനെതന്നെയാണ്. 2001-ലെ സെന്‍സസ് അനുസരിച്ച് 56 ശതമാനം ഹിന്ദുക്കളും 24 ശതമാനം മുസ്‌ലിംകളുമാണ്. 19 ശതമാനം ക്രിസ്ത്യാനികളും ബാക്കിവരുന്നത് ജൈന-ബുദ്ധ-ജൂത-സിക്കുമതങ്ങളില്‍ പെടുന്നവരുമാണ്. മലപ്പുറം ഒഴിച്ച് ബാക്കി എല്ലാ ജില്ലകളിലും ഹിന്ദു ഭൂരിപക്ഷമാണ്. 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് തെറ്റായി ഉദ്ധരിച്ച് ന്യൂനപക്ഷവിഭാഗങ്ങള്‍ ഭൂരിപക്ഷമാകുകയാണെന്ന ഫാസിസ്റ്റ് പ്രചാരണം ഒരടിസ്ഥാനവുമില്ലാത്തതാണ്. കേരളത്തിലെ ജനസംഖ്യയെ സംബന്ധിച്ച പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് മുസ്‌ലിം ജനസംഖ്യ 24.4 ശതമാനം ആണെന്നാണ്. ക്രിസ്ത്യന്‍ ജനസംഖ്യ 19 ശതമാനവും. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ ജനസംഖ്യയില്‍ 56 ശതമാനവും ഇപ്പോഴും ഹിന്ദുക്കളാണെന്നതാണ് വസ്തുത. ഇന്ത്യയുടെ പൊതുഘടനയില്‍ 80 ശതമാനത്തിലേറെ ഹിന്ദുമതവിശ്വാസികളാണെന്ന വസ്തുത മറച്ചുപിടിച്ചാണ് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകുന്നുവെന്ന കപടപ്രചാരണം സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്നത്.

മുസ്‌ലിംകളും ക്രിസ്ത്യാനികളും ചേര്‍ന്ന് കേരളത്തില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമാക്കിക്കളയുമെന്ന ആശങ്കകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്? ആഗോള ഭീകരവിരുദ്ധയുദ്ധത്തില്‍ ആംഗ്ലിക്കല്‍ ക്രിസ്ത്യന്‍ വിഭാഗവും പ്രൊട്ടസ്റ്റന്റ് വിഭാഗവും കത്തോലിക്കരും അടങ്ങുന്ന യു എസ് – യൂറോപ്യന്‍ ശക്തികള്‍ ഇസ്‌ലാം വിരുദ്ധമായൊരു സൈനിക പ്രത്യയശാസ്ത്ര മുന്നണിയെക്കുറിച്ചാണ് പറയുന്നത്. ഏഷ്യയില്‍ സിയോണിസവും ഹിന്ദുത്വവും ചേര്‍ന്നൊരു പ്രത്യയശാസ്ത്ര മുന്നണിയാണത്. ഹണ്ടിംഗ്ടണിന്റെ സംസ്‌കാരസംഘര്‍ഷ സിദ്ധാന്തവും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റും പെന്റഗണും സി ഐ എയുമെല്ലാം ചേര്‍ന്ന വിശാലസഖ്യത്തിലെ തന്ത്രപരമായ പങ്കാളിയാകാനാണ് സംഘ്പരിവാറും സിയോണിസ്റ്റ് സംഘടനകളുമെല്ലാം വ്യഗ്രതപ്പെട്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ഇസ്‌ലാമിസവും ആധുനിക ജിഹാദിസവും സാമ്രാജ്വത്വത്തിന്റെ തന്നെ സൃഷ്ടിയാണെന്നത് മറ്റൊരുകാര്യം. എല്ലാ വര്‍ഗീയപ്രസ്ഥാനങ്ങളും സാമ്രാജ്യത്വപ്രോക്തമായ പ്രത്യയശാസ്ത്രങ്ങളുടെ നിര്‍മിതിയാണെന്നതാണ് കാണേണ്ടത്.