Connect with us

National

രജൗരിയില്‍ പാക് വെടിവെപ്പ്; സൈനികനും പെണ്‍കുട്ടിയും മരിച്ചു

Published

|

Last Updated

ജമ്മു: രജൗരി ജില്ലയിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പിലും മോര്‍ട്ടാര്‍ ആക്രമണത്തിലും ഒരു സൈനികനും ഒമ്പത് വയസ്സുകാരിയും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലുണ്ടായ ഈ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെ 7.30ഓടെ പാക് സൈന്യം പ്രകോപനമില്ലാതെ ആക്രമണം നടത്തുകയായിരുന്നു. ബങ്കറില്‍ പതിച്ച പാക് മോര്‍ട്ടാര്‍ ഷെല്‍ പൊട്ടി നായിക്ക് മുദസാര്‍ അഹ്മദാണ് മരിച്ചത്.
ജനവാസ കേന്ദ്രങ്ങളായ ബലാകോത്, മഞ്ചകോത് എന്നിവിടങ്ങളിലും പാക് സൈന്യം പ്രകോപനമില്ലാതെ വെടിവെപ്പും മോര്‍ട്ടാര്‍ ആക്രമണവും നടത്തിയതായി പോലീസ് അറിയിച്ചു. ഇതിനിടെയാണ് ബറോതിയില്‍ ഒമ്പതുകാരി കൊല്ലപ്പെട്ടത്. മഞ്ചകോത് രണ്ട് സാധാരണക്കാര്‍ക്കും മറ്റൊരു സൈനികനും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ സൈന്യം നിര്‍ദേശം നല്‍കി. ശക്തമായ ഷെല്ലാക്രമണം നടക്കുന്നതിനാല്‍ ആരും വീട് വിട്ടിറങ്ങരുതെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, ഉറി സെക്ടറിലും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി. ഈ സംഭവങ്ങളില്‍ ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്. കേണല്‍ മനീഷ് മേത്ത പറഞ്ഞു. പൂഞ്ച്, രജൗരി ജില്ലകളിലെ ഭീമ്പര്‍, ഗലി, മെന്ദാര്‍ സെക്ടറുകളില്‍ പാക്കിസ്ഥാന്‍ ഏകപക്ഷീയ ആക്രമണം തുടരുകയാണ്. ഇതിനെതിരെ ശക്തവും ഫലപ്രദവുമായ രീതിയില്‍ ഇന്ത്യന്‍ സൈന്യം പ്രതികരിക്കുമെന്നും മേത്ത വ്യക്തമാക്കി.
വ്യാഴാഴ്ച ഇരു രാജ്യങ്ങളിലെയും ഡയരക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍ തല (ഡി ജി എം ഒ) ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇന്നലെ രാവിലെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായത്. അതിര്‍ത്തിയിലുണ്ടാകുന്ന എല്ലാ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നാണെന്ന് ഇന്ത്യയുടെ ഡി ജി എം ഒ ലഫ്. ജനറല്‍ എ കെ ഭട്ട് പ്രസ്താവനയില്‍ പറഞ്ഞു. കുപ്‌വാര സെക്ടറില്‍ ഈ മാസം 12ന് പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Latest