Connect with us

Gulf

മികച്ച നഗരങ്ങളില്‍ അബൂദബി രണ്ടാമത്

Published

|

Last Updated

അബുദാബി: വ്യാപാരത്തിനും ജോലിക്കും താമസ സൗകര്യങ്ങള്‍ക്കും അബുദബി നഗരം ലോകത്ത് രണ്ടാം സ്ഥാനമെന്ന് അന്താരാഷ്ട്ര സര്‍വേ. അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടതാണിക്കാര്യം. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ മികച്ചു നിന്ന ലണ്ടന്‍, പാരിസ് എന്നീ നഗരങ്ങളെ പിന്തള്ളിയാണ് അബുദാബി ഈ നേട്ടം കൈവരിച്ചത്. 26 രാജ്യങ്ങളിലെ 18,000 ജനങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഈ റിപോര്‍ട്ടുള്ളത്. 16 മുതല്‍ 64 വയസ്സ് വരെയുള്ള ജനങ്ങളിലായിരുന്നു സര്‍വേ. ന്യൂയോര്‍ക്ക് നഗരമാണ് സര്‍വേയില്‍ മുന്നിട്ടു നില്‍ക്കുന്നത്.

26 രാജ്യങ്ങളില്‍ നിന്ന് മികച്ച 60 നഗരങ്ങളെ സര്‍വേയില്‍ തിരഞ്ഞെടുത്തു. സിഡ്‌നി,ഹോംഗ് കോങ്ങ്,കേപ്പ് ടൗണ്‍ മോസ്‌കോ, ടൊറോന്റോ തുടങ്ങി നഗരങ്ങളും പട്ടികയിലുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 21 ശതമാനം പേരും അബുദാബി നഗരം വ്യാപാരത്തിന് മികച്ച നഗരമാണെന്നുള്ള അപിപ്രായമാണ് രേഖപ്പെടുത്തിയത്. പുതു തലമുറയില്‍ പെട്ടവര്‍ അബുദാബി നഗരം ഏറ്റവും പ്രിയതരമെന്ന് സര്‍വേയില്‍ രേഖപ്പെടുത്തി. അബുദാബി നഗരത്തെ കൂടുതല്‍ ലോകത്തര നിലവാരത്തിലെത്തിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളാണ് ഗുണഫലങ്ങള്‍ കാണിക്കുന്നത്.

ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ ഇടമൊരുക്കുക എന്നതിന് ഉപരി അന്താരാഷ്ട്ര സമൂഹത്തിന് ഉന്നതമായ രീതിയില്‍ വ്യാപാര ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിനും തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും മികച്ച ജീവിത വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഉതകുന്ന മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരാന്‍ അബുദാബി ഭരണകൂടം മികച്ച രീതിയിലുള്ള ശ്രമങ്ങളാണ് കൈകൊള്ളുന്നതെന്ന് അബുദാബി ടൂറിസ്റ്റ് ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സൈഫ് സഈദ് ഗോഭാഷ് പറഞ്ഞു. അബുദാബി ടൂറിസം വിഭാഗത്തിന്റെ വളര്‍ച്ച നഗരത്തെ കൂടുതല്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ നഗരത്തിലേക്ക് ആകര്‍ഷിക്കാന്‍ ഉതകുന്നതാണ്.

Latest