കണ്ണൂരിൽ നഴ്സുമാരുടെ സമരം നേരിടാൻ കർശന നടപടി

Posted on: July 16, 2017 2:54 pm | Last updated: July 16, 2017 at 8:46 pm

കണ്ണൂർ : ജില്ലയിൽ ഉൾപ്പടെ സംസ്ഥാനത്തു തുടരുന്ന നഴ്സിംഗ് സമരം ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ നഴ്സിംഗ് വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കാൻ കണ്ണൂർ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇന്ന് കണ്ണൂർ ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റേതാണ് തീരുമാനം.

തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ജില്ലയിലെ നഴ്‌സിംഗ് കോളജുകളില്‍ പഠനം നിര്‍ത്തിവെച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെ ഉള്ളവരെ വിവിധ ആശുപത്രികളില്‍ വിന്യസിക്കാനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 144ാം വകുപ്പ് അനുസരിച്ചാണ് നടപടി.

ആശുപത്രികളില്‍ വിന്യസിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് 150 രൂപ വേതനം നല്‍കണം. ഇത് ആശുപത്രി മാനേജ്‌മെന്റാണ് നല്‍കേണ്ടത്. വിദ്യാര്‍ഥികള്‍ കോളജില്‍ നിന്ന് ആശുപത്രിയിലേക്ക് പോകുമ്പോള്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ പോകാന്‍ വിമുഖത കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും വേണ്ടി വന്നാല്‍ കോഴ്‌സില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്യണമെന്നും കലക്കടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

നാളെ മുതൽ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സമരത്തിൽ നിന്നും യു.എൻ.എ പിന്മാറിയെങ്കിലും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (ഐ.എൻ.എ) കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിരുന്നു.