അസാധു നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന ഏഴംഗ സംഘം അറസ്റ്റില്‍

Posted on: July 15, 2017 11:57 pm | Last updated: July 16, 2017 at 8:57 am

ചേര്‍ത്തല: വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലൂടെ അസാധുവാക്കിയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന ഏഴംഗ സംഘത്തെ അരക്കോടിയോളം രൂപയുമായി പോലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച ആഡംബര കാറും 13 പാസ്പോര്‍ട്ടുകളും ഒമ്പത് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

ഇവരുടെ വാഹനത്തില്‍ നിന്ന് പുരാതനമായ പഞ്ചലോഹ ശംഖും കണ്ടെടുത്തു. തൃശൂര്‍ കുര്യച്ചിറ ജൂബിലി സ്ട്രീറ്റില്‍ കുന്നത്ത് ഹനീഫ് ജോര്‍ജ് (39), കോഴിക്കോട് താമരശ്ശേരി പുതുപ്പാടി ആനാറമ്പല്‍ കബീര്‍(33), എറണാകുളം മൂവാറ്റുപുഴ ആവേലി പഞ്ചായത്ത് രണ്ടാര്‍ നെടിയാംമല ആരിഫ്(33), കോഴിക്കോട് ഉണ്ണികുളം മടുത്തുമ്മേല്‍ മുഹമ്മദലി (39), കണ്ണൂര്‍ തളിപ്പറമ്പ് മണിക്കടവ് കല്ലുപുരപ്പറമ്പില്‍ അഖില്‍ ജോര്‍ജ്(24), വയനാട് പരിയാരം മുക്കില്‍ നോര്‍ത്ത് കള്ളംപെട്ടി സനീര്‍(35), തിരുവനന്തപുരം വര്‍ക്കല ചെറുകുന്ന് മുസ്‌ലിയാര്‍ കോട്ടേജില്‍ നൗഫല്‍(44) എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച രാവിലെ ദേശീയപാതക്ക് സമീപം ചേര്‍ത്തല എക്സ്റേ ബൈപാസിലാണ് ഇവരെ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടാനായത്. ഇതേ സംഘം മണ്ണഞ്ചേരി, കലവൂര്‍, ചേര്‍ത്തല കേന്ദ്രീകരിച്ച് രണ്ടരകോടി രൂപയുടെ കൈമാറ്റം നടത്തിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിലെ കമ്മീഷന്‍ വീതം വെക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പോലീസിന് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് വെള്ളിയാഴ്ച ഉച്ചക്ക് ദേശീയപാതയില്‍ സംഘത്തെ കുടുക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ജീപ്പ് കണ്ടപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടു.

പിന്നീട് പോലീസ് തന്നെ ഇടപാടുകാരെന്ന നിലയില്‍ ബന്ധപ്പെട്ട് ഇവരെ കുടുക്കുകയായിരുന്നു.
അതേസമയം ഇന്റലിജന്‍സ് ബ്യൂറോ ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള സംഘവും പ്രതികളെ ചോദ്യം ചെയ്തു. ആയുര്‍വേദ വൈദ്യന്റെ കൈവശമുണ്ടായിരുന്ന പുരാതന ശംഖാണെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞതെങ്കിലും അതിപുരാതനമായ ക്ഷേത്രങ്ങളില്‍ നിന്നോ രാജകുടുംബങ്ങളില്‍ നിന്നുമോ ലഭിച്ചതാണെന്നാണ് പോലീസിന്റെ സംശയം. അസാധു നോട്ട് കൈമാറ്റം ചെയ്ത സംഭവത്തിലും അനധികൃതമായി പാസ്പോര്‍ട്ട് കൈവശം വച്ചതിലും പുരാവസ്തു കടത്തിലുമായി ഇവര്‍ക്ക് എതിരെ ചേര്‍ത്തല പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.