Connect with us

National

വിജയ് മല്യയെ തിരിച്ചെത്തിച്ചാല്‍ മാത്രം വിധി: സുപ്രീം കോടതി

Published

|

Last Updated

കോടതിയലക്ഷ്യക്കേസില്‍ വിവാദ മദ്യ വ്യവസായി വിജയ് മല്യ ഹാജരാകാതെ ശിക്ഷ വിധിക്കാനാകില്ലെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ മല്യയെ രാജ്യത്ത് തിരിച്ചെത്തിച്ചാല്‍ മാത്രമേ വിധി പ്രഖ്യാപിക്കാനാകൂവെന്ന് ജസ്റ്റിസ് അദര്‍ശ് കുമാര്‍ ഗോയാല്‍, യു എ ലളിത് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. കുറ്റവാളിയെ കോടതിയില്‍ ഹാജരാക്കുകയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും ബഞ്ച് പറഞ്ഞു. ഇതേത്തുടര്‍ന്ന്, മല്യയെ ഹാജരാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ബ്രിട്ടണിലെ ഇന്ത്യന്‍ സ്ഥാനപതി ബ്രിട്ടനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മല്യയെ തിരികെ എത്തിക്കുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു.

മല്യയെ വിട്ടുകിട്ടണമെന്ന അപേക്ഷ കഴിഞ്ഞ ഫ്രെബുവരിയില്‍ സര്‍ക്കാര്‍ യു കെ ഭരണകൂടത്തിന് നല്‍കിയിരുന്നു. മല്യക്കെതിരെയുള്ള കേസില്‍ ബ്രിട്ടീഷ് കോടതിയില്‍ നടപടി ഡിസംബര്‍ നാലിന് തുടങ്ങുമെന്നും ഐ ജി കോടതിയില്‍ വ്യക്തമാക്കി. 2018 ജനുവരിയില്‍ ഇദ്ദേഹത്തെ തിരികെ എത്തിക്കുമെന്നും അറ്റോര്‍ണി ജനറല്‍ ഉറപ്പു നല്‍കി.
എന്നാല്‍ മല്യയെ തിരികെ എത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ താത്പര്യമില്ലെന്ന് ബഞ്ച് വ്യക്തമാക്കി. മല്യയെ ഹാജരാക്കുമ്പോള്‍ മാത്രമേ കോടതി കേസില്‍ വിധി പ്രഖ്യാപിക്കുകയുള്ളൂവെന്നും അതുവരെ കേസ് നീട്ടിവെക്കുന്നുവെന്നും ബഞ്ച് പറഞ്ഞു.
മല്യയെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങളുടെ റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി ബി ഐയും ലണ്ടനില്‍ വെച്ച് ബ്രിട്ടനില്‍ ക്രിമിനല്‍ വിചാരണകള്‍ ചെയ്യുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ അഭിഭാഷകനുമായി മെയ് 2, 3 തീയതികളില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മല്യയുമായി ബന്ധപ്പെട്ട കേസിന്റെ എല്ലാ രേഖകളും യു കെ സര്‍ക്കാറിന് മുമ്പില്‍ സമര്‍പ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ടും മല്യയെ തിരികെ എത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ജൂലൈ 10ന് മുമ്പ് മല്യയെ കോടതിയില്‍ ഹാജരാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വിവിധ ബേങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് രക്ഷപ്പെട്ട മല്യയെ വിട്ടുനല്‍കാന്‍ ഇന്ത്യ നേരത്തെ തന്നെ യു കെയോട് ആവശ്യപ്പെട്ടിരുന്നു. കോടതിയലക്ഷ്യ ഹരജിയില്‍ മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി നേരത്തെ കണ്ടെത്തിയതാണ്. ബേങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹരജിയിലാണ് കോടതി വിധി.

Latest