Connect with us

Gulf

ഖത്വര്‍ എയര്‍വേയ്‌സിനെ നിരോധിച്ചത് വാണിജ്യ താത്പര്യം മുന്‍നിര്‍ത്തിയെന്ന് ഖിക്ക

Published

|

Last Updated

ദോഹ: എല്ലാ അന്താരാഷ്ട്ര ചാര്‍ട്ടറുകളും കണ്‍വെന്‍ഷനുകളും ലംഘിച്ചാണ് ഖത്വറിനെതിരെ അന്യായമായ ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് ഖത്വര്‍ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ കണ്‍സിലിയേഷന്‍ ആന്‍ഡ് ആര്‍ബിട്രേഷന്‍ (ഖിക്ക). ഖത്വര്‍ എയര്‍വേയ്‌സിന് നിരോധം ഏര്‍പ്പെടുത്തിയത് ഖത്വറിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രം ലക്ഷ്യമിട്ടാണ്. ഖത്വര്‍ എയര്‍വേയ്‌സിന് ആകാശ പാത നിഷേധിച്ച ഉപരോധ രാഷ്ട്രങ്ങളിലെ സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരാരും തന്നെ ഖത്വര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുണ്ട് എന്ന് കാണിക്കുന്ന ഒരു തെളിവും സമര്‍പ്പിച്ചിട്ടില്ല. 1944ലെ ചിക്കാഗോ സിവില്‍ ഏവിയേഷന്‍ കണ്‍വെന്‍ഷനും അതിന്റെ ഭേദഗതികളും അനുസരിച്ച് ഇത്തരമൊരു തീരുമാനത്തിന് യാതൊരു നിയമ പിന്‍ബലവും ഇല്ലെന്നും ഖിക്ക ബോര്‍ഡംഗം ശൈഖ് ഡോ. താനി ബിന്‍ അലി അല്‍ താനി ഖത്വര്‍ പത്രത്തോട് പറഞ്ഞു.

വാണിജ്യ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് ഉപരോധ രാഷ്ട്രങ്ങള്‍ ഖത്വര്‍ എയര്‍വേയ്‌സിന് നിരോധം ഏര്‍പ്പെടുത്തിയത്. ഖത്വര്‍ എയര്‍വേയ്‌സിന്റെ വളര്‍ച്ച ദുര്‍ബലപ്പെടുത്തുകയെന്ന അജന്‍ഡ മാത്രമാണിതിന് പിന്നില്‍. വ്യോമയാന വാണിജ്യ വ്യവയാസത്തില്‍ വിജയം തുടരുന്ന കമ്പനിയാണ് ഖത്വര്‍ എയര്‍വേയ്‌സ്. ആഗോള വ്യോമയാന വിപണിയില്‍ ഖത്വര്‍ എയര്‍വേയ്‌സിന്റെ സാന്നിധ്യം അന്താരാഷ്ട്ര, പ്രാദേശിക, ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് പ്രത്യേകിച്ച് യു എ ഇ കമ്പനികള്‍ക്ക് ആശങ്കയായിട്ടുണ്ട്. യാത്രക്കാര്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കി, ഈ കമ്പനികളുമായി നിയമാനുസൃത മത്സരമാണ് ഖത്വര്‍ എയര്‍വേയ്‌സ് നടത്തിയത്.

കഴിഞ്ഞ വര്‍ഷം 100 ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്ന പദ്ധതി പ്രഖ്യാപിച്ചത് ഉപരോധ രാഷ്ട്രങ്ങള്‍ക്ക് അലോസരമുണ്ടാക്കിയിട്ടുണ്ട്. 90 ബില്യന്‍ ഡോളറിന്റെ ഈ ഇടപാട് ചരിത്രത്തില്‍ തന്നെ ഏറ്റവും വലുതാണ്. ഉപരോധ രാഷ്ട്രങ്ങളിലെ വിമാനക്കമ്പനികള്‍ക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയാണ് നിരോധത്തിന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ മാസം ആറിന് സഊദി എകണോമിക് മാഗസില്‍ വന്ന ലേഖനം സാക്ഷ്യപ്പെടുത്തുന്നു. സഊദി, യു എ ഇ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള നിരവധി സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ജിദ്ദയില്‍ രഹസ്യ യോഗം നടത്തിയെന്ന് ലേഖനത്തില്‍ പറയുന്നു. സഊദി വിപണിയില്‍ ഖത്വര്‍ എയര്‍വേയ്‌സിന്റെ ഓഹരി വിതരണവും റിഷെഡ്യൂളും ചെയ്യുന്നതിനായിരുന്നു ഇത്.

മൂന്ന് രാഷ്ട്രങ്ങളില്‍ നിന്ന് ഖത്വര്‍ എയര്‍വേയ്‌സിനെ ഒഴിവാക്കിയതിലൂടെ റിയാദിനും ദുബൈക്കുമിടയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിച്ചു. ഇത് സഊദിയ എയര്‍ലൈന്‍സിന് ഗുണകരമാണ്. മദീന, ദമ്മാം, ദുബൈ എന്നിവിക്കിടയില്‍ പ്രതിദിനം ശരാശരി മൂന്ന് ട്രിപ്പ് വെച്ച് ആഴ്ചയില്‍ 70 സര്‍വീസുകളും തുടങ്ങി. അഞ്ച്, സഊദി, യു എ ഇ വിമാനക്കമ്പനികള്‍ക്കിടയിലാണ് സഊദിയിലെ ഖത്വര്‍ എയര്‍വേയ്‌സിന്റെ ഓഹരികള്‍ വിതരണവും റിഷെഡ്യൂളും ചെയ്തത്. ഖത്വര്‍ എയര്‍വേയ്‌സ് ഒറ്റക്ക് സ്വന്തമാക്കിയിരുന്ന 15 ശതമാനം ഓഹരികളാണ് ഇങ്ങനെ വിതരണം ചെയ്യപ്പെട്ടത്. യു കെ, ആസ്‌ത്രേലിയ തുടങ്ങിയയിടങ്ങളിലെ വിമാനക്കമ്പനികള്‍ക്കും ഓഹരി നല്‍കിയിട്ടുണ്ടെന്നും ഡോ. അല്‍ താനി ചൂണ്ടിക്കാട്ടുന്നു.

 

 

Latest