കലാഭവന്‍ മണിയുടെ മരണം: ദിലീപിനെതിരെ ആരോപണവുമായി സഹോദരന്‍

Posted on: July 13, 2017 9:51 am | Last updated: July 13, 2017 at 12:54 pm

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടോയെന്ന സംശയം സിബിഐയെ അറിയിച്ചുവെന്ന് സഹോദരന്‍ പറഞ്ഞു.

മണിയുടെ ഭൂമിയിടപാടും സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളും നേരത്തെ പോലീസിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍, പോലീസ് ഇത് വേണ്ടത്ര രീതിയില്‍ ഗൗനിച്ചില്ല. മണി മരണപ്പെട്ടതിന് ശേഷം ഒരു തവണ മാത്രമാണ് ദിലീപ് വീട്ടില്‍ വന്നത്. പിന്നീട് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. സിനിമാ സംഘടനയില്‍ നിന്ന് ആരും കേസുമായി ബന്ധപ്പെട്ട് സഹകരിച്ചിട്ടില്ലെന്നും സഹോദരന്‍ പറഞ്ഞു.

മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീ തന്നെ വിളിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയെന്നാണ് ബൈജു കൊട്ടാരക്കര പറഞ്ഞത്. തുടര്‍ന്ന് ബൈജു കൊട്ടാരക്കരയെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.