കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും

Posted on: July 13, 2017 7:08 pm | Last updated: July 13, 2017 at 10:49 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും കാവ്യയുടെ അമ്മ ശ്യാമളയെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. നടിയെ ആക്രമിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടോയെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും  പോലീസ് അന്വേഷിക്കും. അതിനിടെ കാവ്യയേയും മാതാവിനെയും കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍, ഈ സ്ത്രീ ആരെന്നതിനെക്കുറിച്ച് പോലീസിന് വ്യക്തതയില്ല. അന്വേഷണം വഴിതിരിച്ചുവിടാന്‍ പള്‍സര്‍ സുനി പറഞ്ഞകളവാണോ ഇതെന്ന് വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യലിലൂടെ കഴിയുമെന്നും പോലീസ് പ്രതീക്ഷിക്കുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം കാവ്യയുടെ വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചതായി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കാക്കനാട്ടെ ഈ സ്ഥാപനത്തിലും തമ്മനത്തെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും. ദിലീപ് ഫോണില്‍ ബന്ധപ്പെട്ടവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട അന്നും പിറ്റേന്നുമുള്ള സംഭാഷണമാണ് അന്വേഷിക്കുക. അന്‍വര്‍ സാദത്ത് എഎല്‍എ, മറ്റൊരു പ്രമുഖ നടന്‍ എന്നിവരെ ചോദ്യം ചെയ്യും.