അന്തിയുറങ്ങാനൊരിടമില്ല: വൃദ്ധ മാതാവും അന്ധനായ മകനും ദുരിതക്കയത്തില്‍

Posted on: July 12, 2017 5:19 pm | Last updated: July 12, 2017 at 5:19 pm

മേപ്പയ്യൂര്‍: അന്തിയുറങ്ങാനൊരു വീടില്ലാതെ വൃദ്ധ മാതാവും അന്ധനായ മകനും ദുരിതക്കയത്തില്‍. ഏതു നിമിഷവും തകര്‍ന്നു വീഴാന്‍ സാധ്യതയുള്ള ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ആരോടും പരിഭവമില്ലാതെ കണ്ണുനീര്‍ തുടച്ച് ജീവിതം തള്ളിനീക്കുകയാണവര്‍. മേപ്പയ്യൂര്‍ നടുവണ്ണൂര്‍ റോഡില്‍ തോട്ടുമല കോട്ടപ്പുറത്ത് പെണ്ണുകുട്ടി അമ്മക്കും മകന്‍ ശ്രീധരനുമാണ് വലിച്ചുകെട്ടിയ ടാര്‍പോളിന്‍ ഷീറ്റിനടിയില്‍ ഈ ദുര്‍ഗതി.

ജീവിത സൗകര്യങ്ങള്‍ മതിമറന്ന് ആസ്വദിക്കുന്നവര്‍ക്കിടയില്‍ കടുത്ത അവഗണനയുടെ ഇരകളായി രണ്ടു ജീവിതങ്ങള്‍ വേദന തിന്നുകയാണിവിടെ. മഴ കനത്തതോടെ ഭീതിയോടെയാണ് ഇരുവരും കൊച്ചു കൂരയില്‍ കഴിഞ്ഞ് കൂടുന്നത്. കാറ്റത്ത് ആടി ഉലയുന്ന കൂരയില്‍ അമ്മക്കും മകനും ഉറക്കമില്ലാത്ത രാത്രികളാണ്. വാര്‍ധക്യ സഹജമായ അസുഖം മൂലം എഴുപതുകാരിയായ പെണ്ണുകുട്ടി അമ്മക്ക് ജോലിയൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. വയറ്റില്‍ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ നിരന്തരമായ ചികിത്സയിലാണവര്‍. കാഴ്ചശക്തി തൊണ്ണൂറ് ശതമാനവും നഷ്ടപ്പെട്ട അമ്പത്തഞ്ചുകാരനായ ശ്രീധരന്‍ മുമ്പ് നടുവണ്ണൂരില്‍ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഉന്തുവണ്ടിയില്‍ കച്ചവടം നടത്തിയിരുന്നു. അന്നത്തിന് വക കിട്ടിയിരുന്നെങ്കിലും കാഴ്ചക്കുറവുള്ളതിനാല്‍ കച്ചവടം തുടരാനായില്ല. തൊഴിലെടുക്കാനുള്ള ആരോഗ്യം ഇല്ലാത്തതിനാല്‍ നിത്യജീവിതത്തിനുള്ള പണം കണ്ടെത്താനാവാതെ ആശങ്കയിലാണ് ഈ കുടുംബം.

സര്‍ക്കാര്‍ നല്‍കുന്ന വികലാംഗ പെന്‍ഷനായിരുന്നു ഏക ആശയം. കുറച്ചു കാലമായി പെന്‍ഷന്‍ കൃത്യമായി ലഭിക്കാത്തതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
25ാമത്തെ വയസ്സിലാണ് കര്‍ഷക തൊഴിലാളിയായ ശ്രീധരന്റെ കണ്ണിന് മയോപ്പിയ രോഗം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടത്. വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും വലിയ സാമ്പത്തിക ബാധ്യതയല്ലാതെ ഫലമൊന്നുമുണ്ടായില്ല. ഉള്ള്യേരി ഗ്രാമീണ ബാങ്ക്, കോഴിക്കോട് വികലാംഗ കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നായി എടുത്ത വായ്പ തിരിച്ചടക്കാനാവാതെ കടക്കെണിയിലുമാണ് ഈ അമ്മയും മകനും.

നേരത്തെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വീടു നിര്‍മാണത്തിനായി 1.65 ലക്ഷം രൂപ ഇവര്‍ക്ക് അനുവദിച്ചിരുന്നു. എന്നാല്‍ ലഭിച്ച തുക പടവ് നിര്‍മാണത്തിന് പോലും തികഞ്ഞില്ല. മഴയില്‍ കുതിര്‍ന്ന് തകരുന്ന അവസ്ഥയിലാണിപ്പോള്‍ ആ വീട്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് കൊയി
ലാണ്ടിയില്‍ ജില്ലാ കലക്ടര്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വീടു നിര്‍മാണത്തിനുള്ള ധനസഹായത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഒന്നും ലഭിച്ചിട്ടില്ല. നാട്ടുകാരുടെയും ഉദാരമതികളുടെയും കാരുണ്യം മാത്രമാണ് ഈ കുടുംബത്തിന് ഇന്ന് ആ പ്രതീക്ഷ. പടവു പണി തീര്‍ന്ന് കോണ്‍ഗ്രീറ്റ് ചെയ്താല്‍ ധൈര്യത്തോടെ കിടന്നുറങ്ങാം. അതിനുള്ള സഹായത്തിനായാണ് ഈ കുടുംബം കൈ നീട്ടുന്നത്. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ നടുവണ്ണൂര്‍ ശാഖയില്‍ ശ്രീധരന്റെ പേരില്‍ ബേങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഏക്കൗണ്ട് നമ്പര്‍: 32 6401 24555, ഐ എഫ് എസ് സി കോഡ്: എസ് ബി ഐ എന്‍ 001 2860. മൊബൈല്‍ നമ്പര്‍: 964549