കാരുണ്യ വഴിയില്‍ ഓട്ടോ ഓടി റസലും മുഹമ്മദും മാതൃക

Posted on: July 11, 2017 2:45 pm | Last updated: July 11, 2017 at 2:14 pm
ചോക്കാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രത്തിന് ധനസമാഹരണത്തിനായി സര്‍വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളായ റസലും മുഹമ്മദും.

കാളികാവ്: ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ചോക്കാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രത്തിന് ധനസമാഹരണത്തിനായി സര്‍വീസ് നടത്തി ഓട്ടോ തൊഴിലാളികളായ റസലും മുഹമ്മദും. ഒരു ദിവസത്തെ സര്‍വ്വീസ് കാരുണ്യ വഴിയില്‍ ഇവര്‍ നീക്കിവെച്ചത്.ചോക്കാട് അങ്ങാടി സ്റ്റാന്‍ഡില്‍ ഉപ ജീവനത്തിനായി ഓട്ടോ സര്‍വീസ് നടത്തുന്ന ഇവര്‍ ഒരു ദിവസത്തെ വരുമാനം പലിയേറ്റീവിനായി സമ്മാനിച്ച് മാതൃകയായത്.

മലയോര മേഖലയിലെ ദുര്‍ബല വിഭാഗങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ച സാന്ത്വന പരിചരണ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടമില്ല. വാഹന സൗകര്യവുമില്ല. കാളികാവ്, പൂക്കോടുംപാടം ക്ലിനിക്കുകളുടെ സഹായത്തലാണ് ഇവിടെ ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഇതിന് വേണ്ട സാമ്പത്തിക സഹായം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പാലിയേറ്റീവ് പ്രവര്‍ത്തകര്‍. റസലിനും മുഹമ്മദിനും പുറമെ ചോക്കാട്ടെ മറ്റു ഓട്ടോ തൊഴിലാളികളും വരും ദിവസങ്ങളില്‍ സാന്ത്വന പരിചരണ കേന്ദ്രത്തിനായി രംഗത്തിറങ്ങുമെന്നാണ് പാലിയേറ്റീവ് ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പൈനാട്ടില്‍ അശ്‌റഫ് പറയുന്നത്.