Connect with us

Kerala

കടകളടച്ചിട്ട് കോഴി വ്യാപാരികളുടെ പ്രതിഷേധം

Published

|

Last Updated

ആലപ്പുഴ: ചരക്ക് സേവന നികുതിയുമായി (ജി എസ് ടി) ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ ധനമന്ത്രി ടി എം തോമസ് ഐസമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ സംസ്ഥാനത്തെ കോഴി കച്ചവടക്കാര്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടും. ചൊവ്വാഴ്ചത്തെ കടയടപ്പ് സമരം പിന്‍വലിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും വ്യക്തമാക്കി.

ഇന്നലെ രാവിലെ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന പ്രാഥമിക ചര്‍ച്ചയിലും തുടര്‍ന്ന് വൈകുന്നേരം നടന്ന ചര്‍ച്ചയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സര്‍ക്കാറും വ്യാപാരികളും നിലകൊള്ളുകയായിരുന്നു.
ആയിരത്തോളം ഉത്പന്നങ്ങളില്‍ നീക്കുപോക്ക് വരുത്തേണ്ടതുണ്ട്. ചെറുകിട കച്ചവടക്കാരെ ഉന്മൂലനം ചെയ്യുന്നതാണ് നടപടിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. നേരത്തെ ഒടുക്കിയ നികുതിയേക്കാള്‍ അധിക നികുതിയുള്ള ചില്ലറ വില്‍പ്പന ഉത്പന്നങ്ങള്‍ കുറവാണെന്ന ധനമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

സി പി എം അനുകൂല വ്യാപാരി വ്യവസായി സംഘടന ഹര്‍ത്താലില്‍ നിന്ന് പിന്മാറിയിട്ടുണ്ടെങ്കിലും സി പി ഐ അനുകൂല സംഘടന ഹര്‍ത്താലിനെ പിന്തുണക്കുകയാണ്. നേരത്തെ ജി എസ് ടി വിഷയത്തില്‍ മൂന്ന് പേജുള്ള നിവേദനം വ്യാപാരി വ്യവസായി ഏകോപന സമിതി ധനമന്ത്രിക്ക് നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ജി എസ് ടി നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്നായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം.
കോഴിയിറച്ചിക്ക് കിലോഗ്രാമിന് ഇന്ന് മുതല്‍ 87 രൂപയാക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങള്‍ ഇടപെടുമെന്നുമുള്ള മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കോഴി വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് കടകളടച്ചിടാന്‍ തീരുമാനിച്ചതെന്ന് ആള്‍ കേരള പൗള്‍ട്രി ഫാം ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ 130 രൂപക്ക് ഫ്രഷ് കോഴി വില്‍പ്പന നടത്തുമ്പോള്‍ അതില്‍ നിന്ന് മുപ്പത് രൂപ കുറച്ച് വില്‍ക്കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതിനാല്‍ ചര്‍ച്ച ഗുണം ചെയ്തില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എം താജുദ്ദീന്‍ പറഞ്ഞു.

പതിമൂന്ന് രൂപ കുറവ് ആവശ്യപ്പെട്ടുവെന്ന ധനമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. 43 രൂപ കൂറക്കാനാണ് ധനമന്ത്രിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജി എസ് ടി നടപ്പാക്കുമ്പോഴുള്ള വ്യാപാരികളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. നേരത്തെ ഒടുക്കിയ നികുതിയേക്കാള്‍ അധിക നികുതിയുള്ള ചില്ലറ വില്‍പ്പന ഉത്പന്നങ്ങള്‍ കുറവാണ്. അതുക്കൊണ്ടു തന്നെ വ്യാപാരികള്‍ ആശങ്കപ്പെടേണ്ടതില്ല. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വ്യാപാരികള്‍ക്ക് സമയം നല്‍കുമെന്നും മന്ത്രി അറിയിച്ചു. സംശയ ദൂരീകരണത്തിനായി പരസ്യം നല്‍കും. ജി എസ് ടി ഗ്രീവന്‍സ് കമ്മിറ്റി രൂപവത്കരിക്കും. എന്നാല്‍ എം ആര്‍ പിയില്‍ കൂടുതല്‍ വില ഈടാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വ്യാപാരികള്‍ക്ക് അനുകൂല നിലപാടെടുക്കുന്ന സാഹചര്യത്തില്‍ ഹര്‍ത്താലില്‍ നിന്ന് പിന്മാറണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Latest