റഷ്യയുമായി ഒരുമിച്ച് നീങ്ങാന്‍ സമയമായി: ട്രംപ്

Posted on: July 10, 2017 2:19 am | Last updated: July 10, 2017 at 12:20 am

വാഷിംഗ്ടണ്‍: റഷ്യയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമയമയെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി20 ഉച്ചകോടിയോടനുബന്ധിച്ച് നടന്ന ആദ്യത്തെ മുഖാമുഖ സംഭാഷണത്തിന് ശേഷം ട്രംപ് നടത്തിയ ട്വീറ്റിലാണ് റഷ്യയുമായുള്ള അമേരിക്കയുടെ പുതിയ നയതന്ത്ര ബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്. യു എസ് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ റഷ്യ ശ്രമിച്ചുവെന്ന ആരോപണം പുടിന്‍ വികാരതീവ്രതയോടെ നിഷേധിച്ചതായി ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിഘാതമായി നില്‍ക്കുന്നതെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലെര്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് റഷ്യയുമായി രഹസ്യ ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ ട്രംപ് ഭരണകൂടം വിമര്‍ശനത്തിന് ഇരയായിക്കൊണ്ടിരിക്കിവെയാണ് യു എസ് പ്രസിഡന്റിന്റെ ട്വീറ്റ്. റഷ്യയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനാകില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രസ്താവിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. റഷ്യയെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ഇനിയങ്ങനെ ഉണ്ടാകില്ലെന്നും യു എന്നിലെ യു എസ് അംബാസഡര്‍ നിക്കി ഹാലെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സിറിയ, ഇറാന്‍, ഉത്തര കൊറിയ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുള്ള റഷ്യയുമായി ബന്ധം സ്ഥാപിക്കാന്‍ ആകില്ലെന്ന് വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്. എന്നാല്‍, കാലങ്ങളായുള്ള അകല്‍ച്ച മാറ്റിവെച്ച് റഷ്യയുമായി ബന്ധം സ്ഥാപിക്കാനും അതുവഴി ശക്തരായ എതിരാളികളെ ഇല്ലാതാക്കാനുമുള്ള തന്ത്രമാണ് ട്രംപ് പയറ്റുന്നത്. ചൈനയുമായും ഇന്ത്യയുമായും ബന്ധം ശക്തിപ്പെടുത്താന്‍ ട്രംപിന് സാധിച്ചിട്ടുണ്ട്.