യുനൈറ്റഡ് വിട്ടു; റൂണി ഇനി എവര്‍ട്ടണില്‍

Posted on: July 10, 2017 8:16 am | Last updated: July 10, 2017 at 12:18 am

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഏക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍മാരിലൊരാളായ വെയ്ന്‍ റൂണി ടീം വിട്ടു. പതിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം താരം എവര്‍ട്ടനിലേക്ക് മടങ്ങി. ഇംഗ്ലണ്ട് ദേശീയ ടീം താരമായ റൂണി രണ്ട് വര്‍ഷത്തേക്കാണ് എവര്‍ട്ടനുമായി കരാര്‍ ഒപ്പിട്ടത്. എവര്‍ട്ടനിലേക്ക് മടങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് റൂണി പറഞ്ഞു.

യുനൈറ്റഡ് പരിശീലകന്‍ ഹൊസെ മൗറിഞ്ഞോയുമായുള്ള അഭിപ്രായ വ്യത്യാത്തെ തുടര്‍ന്നാണ് റൂണി ടീം വിട്ടത്. അടുത്തകാലത്തായി റൂണിക്ക് തീരെ കുറച്ചുമാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളു. കഴിഞ്ഞ സീസണില്‍ പതിനഞ്ച് മത്സരങ്ങളില്‍ മാത്രമാണ് റൂണി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിച്ചത്. യൂറോപ ലീഗ് ഫൈനലില്‍ അവസാന നിമിഷമാണ് കോച്ച് ഹൊസെ മൗറിഞ്ഞോ റൂണിയെ കളത്തിലിറക്കിയത്.
മുന്‍ ക്ലബ്ബായ എവര്‍ട്ടനിലേക്ക് മടങ്ങുമെന്ന് റൂണി നേരത്തെ സൂചന നല്‍കിയിരുന്നു. ഞാന്‍ രണ്ട് കബ്ബുകള്‍ക്ക് വേണ്ടിയിട്ടേ കളിച്ചിട്ടുള്ളൂ. എവര്‍ട്ടനും മാഞ്ചസ്റ്റര്‍ യുനൈറ്റഡും. ഞാന്‍ രണ്ട് ക്ലബ്ബുകള്‍ക്ക് വേണ്ടി മാത്രമേ ഭാവിയിലും കളിക്കുകയുള്ളൂ എന്നായിരുന്നു റൂണിയുടെ വാക്കുകള്‍. നേരത്തെ, എവര്‍ട്ടന്‍ താരമായ റൊമേലും ലുക്കാക്കുവിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിലെടുത്തിരുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 559 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ റൂണി 253 ഗോളുകല്‍ നേടിയിട്ടുണ്ട്. ചുവന്ന ചെകുത്താന്മാര്‍ക്ക് അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരോ തവണ വീതം ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, എഫ് എ കപ്പ് എന്നിവ നേടിക്കൊടുക്കുന്നതിലും റൂണി നിര്‍മായക പങ്ക് വഹിച്ചു. 2004ലാണ് റൂണി എവര്‍ട്ടന്‍ വിട്ട് യുനൈറ്റഡില്‍ എത്തിയത്. അലക്‌സ് ഫെര്‍ഗൂസണാണ് റൂണിയെ മാഞ്ചസ്റ്ററിലെത്തിച്ചത്. 2016ല്‍ ഹൊസെ മൗറിന്യോ യൂനൈറ്റഡിന്റെ പരിശീലകനായെത്തിയതോടെ റൂണിയുടെ അവസരങ്ങള്‍ കുറഞ്ഞു.
എവര്‍ട്ടണിനായി കലിച്ച 77 കളികളില്‍ 17 തവണ ലക്ഷ്യം കണ്ടു. ഇതിഹാസ താരം ബോബി ചാള്‍ട്ടനെ മറികടന്നാണ് റൂണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എക്കാലത്തെയും ഗോള്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലെഴുതിയത്.