ടിപി സെന്‍കുമാറിനെതിരെ കേസെടുക്കണം: യൂത്ത് ലീഗ്

Posted on: July 9, 2017 10:28 pm | Last updated: July 9, 2017 at 10:28 pm

തൃശ്ശൂര്‍ : മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിന് മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ ഐ.പി.സി 153എ പ്രകാരം കേസെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്. ഇക്കാര്യമുന്നയിച്ച് നാളെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് യൂത്ത്‌ലീഗ് പരാതി നല്‍കും. രാജ്യവ്യാപകമായി മതസ്പര്‍ദ്ധ വളര്‍ത്തി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കുന്നതിന് സംഘ്പരിവാര്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍മാരില്‍ ഒരാളാണോ സെന്‍കുമാറെന്നത് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ആവശ്യപ്പെട്ടു.

വസ്തുതാവിരുദ്ധവും അത്യന്തം മത വിദ്വേഷമുണ്ടാക്കുന്നതുമായ പ്രചാരണങ്ങളാണ് ഉന്നത പോലീസ് പദവിയിലിരുന്ന ഒരാളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് അങ്ങേയറ്റം ഗൗരവമുള്ളതാണ്. പോലീസ് അന്വേഷിച്ച് സംഘ്പരിവാര്‍ പ്രചാരണമാണെന്ന് കണ്ടെത്തിയ ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് ഇപ്പോള്‍ പ്രസ്താവന നടത്തിയ സെന്‍കുമാര്‍ ആര്‍.എസ്സ്.എസ്സിന്റെ ലൗഡ് സ്പീക്കര്‍ ആയി മാറിയിരിക്കയാണെന്നും പികെ ഫിറോസ് പറഞ്ഞു.