Connect with us

International

റഖയില്‍ യു എസ് കൂട്ടക്കുരുതി; ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 200 പേര്‍

Published

|

Last Updated

റഖയില്‍ ആക്രമണം നടത്തുന്ന സിറിയന്‍ വിമത സായുധ സേനാംഗം

ദമസ്‌കസ്: ഇസില്‍ ഭീകരരെ തുരത്താനെന്ന പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സിറിയയില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ കൂട്ടക്കുരുതിയെന്ന് റിപ്പോര്‍ട്ട്. ഇസിലിന്റെ ശക്തി കേന്ദ്രമായ റഖയില്‍ ജൂണ്‍ ആറ് മുതല്‍ നടന്ന ആക്രമണങ്ങളിലായി 224 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

38 കുട്ടികളും 28 സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്നും ഇസില്‍ ഭീകരരെ തുരത്താനെന്ന പേരില്‍ നടക്കുന്ന വ്യോമാക്രമണങ്ങള്‍ പലതും ജനവാസ കേന്ദ്രങ്ങളിലാണ് നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണ മേഖലയില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
വ്യോമാക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണമാണ് 224 എന്നും മറ്റ് സൈനിക ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഇതില്‍ കൂടുതലാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. അമേരിക്കക്ക് പുറമെ വിമതരുടെയും കുര്‍ദ് സേനയുടെയും ആക്രമണം റഖയില്‍ ശക്തമാണ്. ഇസിലിന്റെ ശക്തി കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് സിറിയന്‍ സൈന്യവും മുന്നേറ്റം നടത്തുന്നുണ്ട്. എന്നാല്‍ ആക്രമണങ്ങളില്‍ സാധാരണക്കാരും വ്യാപകമായ തോതില്‍ കൊല്ലപ്പെടുന്നുണ്ട്. ജൂണ്‍ ആറ് മുതല്‍ റഖയിലുണ്ടായ ആക്രമണങ്ങളില്‍ 311 ഇസില്‍ തീവ്രവാദികളും 106 വിമത സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

സിറിയയില്‍ പൊട്ടിപ്പുറപ്പെട്ട വിമത പ്രക്ഷോഭത്തിന് പിന്നാലെയാണ് ഇസില്‍ തീവ്രവാദികള്‍ റഖയില്‍ ചുവടുറപ്പിക്കുന്നത്.
റഖയിലെ സാധാരണക്കാരുടെ സൈ്വര്യ ജീവിതം തകര്‍ത്ത ഇസില്‍ ഭീകരര്‍ നിരവധി പേരെ ഇവിടെ കൊന്നൊടുക്കിയിട്ടുണ്ട്. എന്നാല്‍, വിമതരുടെ സഹായത്തോടെ ഇസില്‍ ഭീകരരെ തുരത്താന്‍ യു എസ് സൈന്യം വ്യോമാക്രമണം ആരംഭിച്ചതോടെ ജനങ്ങള്‍ക്ക് പലായനം ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഇസില്‍ തീവ്രവാദികളുടെ കേന്ദ്രമാണെന്ന് ഉറപ്പിക്കാതെയാണ് പലയിടത്തും യു എസ് സൈന്യം വ്യോമാക്രമണം നടത്തുന്നത്.