ദേശസ്‌നേഹ പ്രകടനം കേക്കുകളിലും

Posted on: July 6, 2017 10:24 pm | Last updated: July 6, 2017 at 10:24 pm
അമീറിന്റെ ചിത്രം പതിച്ച് വില്‍പ്പനക്ക് വെച്ച പലഹാരപ്പൊതികള്‍

ദോഹ: ടീ ഷര്‍ട്ടുകള്‍ക്ക് പുറമെ ദേശസ്‌നേഹ പരീക്ഷണം കേക്കുകളിലും. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററി (ഡി ഇ സി സി)ലെ എന്റര്‍ടെയ്ന്‍മെന്റ് സിറ്റിയില്‍ കഴിഞ്ഞ ദിവസത്തെ പ്രധാന ആകര്‍ഷണം ദേശസ്‌നേഹ സന്ദേശങ്ങളെഴുതിയ കേക്കുകളും മഗുകളും മൊബൈല്‍ കവറുകളുമൊക്കെയായിരുന്നു. സാധാരണ കുട്ടികള്‍ക്കുള്ള വിസ്മയകരമായ ഗെയിമുകള്‍ക്കടുത്താണ് തിരക്കുണ്ടാകാറുള്ളതെങ്കിലും ഇന്നലെ ഇത്തരം വസ്തുക്കള്‍ക്ക് സമീപത്തായിരുന്നു പലരും സമയം ചെലവഴിച്ചത്.

എന്റര്‍ടെയ്ന്‍മെന്റ് സിറ്റി മാളിലേക്ക് പ്രത്യേകമായാണ് ‘തമീം അല്‍ മജ്ദ്’ കേക്കുകള്‍ നിര്‍മിച്ചതെന്ന് ദരീന്‍ സ്വീറ്റ്‌സിലെ സെയില്‍സ്മാന്‍ ദി പെനിന്‍സുലയോട് പറഞ്ഞു. തമീം അല്‍ മജ്ദ് പെയിന്റിംഗിനോടുള്ള ജനങ്ങളുടെ അഭിനിവേശമാണ് പുതിയ പരീക്ഷണത്തിന് പിന്നില്‍. എല്ലാ സ്വീറ്റ് ബോക്‌സിന്റെയും പുറത്ത് ഈ ചിത്രം പതിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമല്ല, ഇത് അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനിക്കുള്ള തങ്ങളുടെ പിന്തുണയുടെ പ്രകടനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

തമീം അല്‍ മജ്ദ് ചിത്രങ്ങളുള്ള മഗിന് 60 ഖത്വര്‍ റിയാലാണ് വില. ട്രാവല്‍ മഗ് (ഹരാരി) 100 റിയാലിനും കീ ചെയിന്‍ 35 റിയാലിനും കാര്‍ കീ ചെയിന്‍ 50 റിയാലിനും നോട്ട്ബുക്ക് 50 റിയാലിനും ക്ലോക്ക് 150 റിയാലിനും പെന്‍ ഹോള്‍ഡര്‍ 50 റിയാലിനും മൗസ്- കോസ്റ്റര്‍ 50 റിയാലിനും ലഭിക്കും.