പോയത് മധ്യസ്ഥത വഹിക്കാന്‍ തന്നെയെന്ന് സുധാകരന്‍; ജിഷ്ണു കേസില്‍ ഇടപെട്ടിട്ടില്ല

Posted on: July 6, 2017 1:10 pm | Last updated: July 6, 2017 at 3:03 pm
SHARE

കണ്ണൂര്‍: നെഹ്‌റു ഗ്രൂപ്പിനായി ഇടപെട്ടുവെന്ന ആരോപണത്തിന് വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. താന്‍ പോയത് മധ്യസ്ഥത വഹിക്കാന്‍ വേണ്ടിയായിരുന്നുവെന്നും നെഹ്‌റു ഗ്രൂപ്പിന് വേണ്ടിയായിരുന്നില്ല തന്റെ ഇടപെടലെന്നും സുധാകരന്‍ പറഞ്ഞു.

രണ്ട് കൂട്ടരും ആവശ്യപ്പെട്ടപ്പോള്‍ താന്‍ അതിന് സമ്മതം മൂളി എന്നത് യാഥാര്‍ഥ്യമാണ്. നിഷപക്ഷമായാണ് ഇടപെട്ടത്. ഒരു വലിയ പ്രശ്‌നം തന്റെ മധ്യസ്ഥതയില്‍ തീരുമെങ്കില്‍ തീരട്ടെയെന്ന് കരുതി. മധ്യസ്ഥത വഹിക്കാന്‍ പോയത് ജിഷ്ണു കേസിലല്ല. ഷഹീര്‍ ഷൗക്കത്തലി കേസിലാണ്. മധ്യസ്ഥത വഹിക്കാന്‍ പോകും മുമ്പ് പാര്‍ട്ടിയോട് ചോദിച്ചിട്ടില്ല. ഷഹീര്‍ ഷൗക്കത്തലിയുടെ കേസില്‍ പാര്‍ട്ടി ഒരു നയം സ്വീകരിച്ചിട്ടില്ല. ഇത് രണ്ടും കൂട്ടിക്കുഴക്കുന്നത് ശരിയല്ല.

താന്‍ ജിഷ്ണു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന വാദം തെറ്റാണ്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ കുടുംബവുമായി എനിക്ക് അടുത്തബന്ധമാണുള്ളത്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കെഎസ്‌യു നേതാവായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കോണ്‍ഗ്രസിന് വേണ്ടി ധാരാളം പ്രവര്‍ത്തിച്ചയാളാണ്. ഒരു പാര്‍ട്ടിക്കാരനെ സഹായിക്കുകയെന്നത് മാത്രമേ ചെയ്തുള്ളൂ. നല്ല കാലത്ത് കൂടെ നില്‍ക്കുകയും ആപത്ത് കാലത്ത് തള്ളിപ്പറയുകയും ചെയ്യുന്ന രാഷ്ട്രീയ അവസരവാദം എനിക്കില്ല. എന്നെ ആരും തടഞ്ഞുവെച്ചിട്ടില്ല. എന്നെ വഴിയില്‍ തടയാന്‍ ആരും ശ്രമിച്ചിട്ടില്ല. താന്‍ നേര്‍വഴിക്കുതന്നെയാണ് പോയത്. എന്റെ ഇടപെടല്‍ സുതാര്യമായിരുന്നു. ജിഷ്ണുകേസ് അട്ടിമറിക്കാന്‍ താന്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. ജിഷ്ണുവിന്റെ അമ്മയുടെ വേദന തന്റെ ഹൃദയത്തിലുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി നല്‍കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ ഏത് തീരുമാനത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും സുധാകന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here