Connect with us

Articles

നികുതിയിളവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭിച്ചേ മതിയാകൂ

Published

|

Last Updated

ജി എസ് ടി വന്നതോടെ അച്ചടിച്ച വിലക്കു മീതെ നികുതി ചുമത്തി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് എന്ന പരാതി വ്യാപകമാകുകയാണ്. അത്തരത്തില്‍ നിയമവിരുദ്ധമായി നല്‍കിയ പല ബില്ലുകളും ഇതിനകം സര്‍ക്കാറിന്റെ ശ്രദ്ധയിലെത്തിയിട്ടുണ്ട്. നികുതി ഘടനയാകെ അടിമുടി മാറിയ സാഹചര്യത്തെ കൊള്ളലാഭമൂറ്റാനുള്ള അവസരമാക്കുകയാണ് പലരും. ഇങ്ങനെയൊരു സാഹചര്യമുണ്ടാകുമെന്ന് കേരളം ജി എസ്ടി കൗണ്‍സിലില്‍ ആവര്‍ത്തിച്ചു വാദിച്ചതാണ്. ശക്തമായ സമ്മര്‍ദം നാം നിരന്തരമായി ചെലുത്തിയതിന്റെ ഭാഗമായാണ് നിയമത്തില്‍ ആന്റി പ്രോഫിറ്റീറിംഗ് ക്ലോസ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ആ മുന്നറിയിപ്പ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുകയാണ്. പുതിയ നികുതി ഘടന നാട്ടില്‍ വിലക്കയറ്റത്തിനു കാരണമായിക്കഴിഞ്ഞു. കൊടും ചൂഷണത്തിനാണ് ഉപഭോക്താക്കള്‍ ഇരയാകുന്നത്.
ഇതിനു പരിഹാരം കണ്ടേ മതിയാകൂ. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കപ്പെടണം. ജിഎസ്ടി വരുമ്പോള്‍ ലഭിക്കുന്ന നികുതിയിളവ് മറച്ചു വെച്ച് എംആര്‍പിയുടെ മുകളില്‍ പിന്നെയും നികുതി ചുമത്തുന്നുവെന്ന പരാതികളില്‍ നികുതി വകുപ്പ് കര്‍ശനമായി ഇടപെടും. അത്തരം ബില്ലുകള്‍ ലഭിച്ചാല്‍ വേേു:െ//ംംം.ളമരലയീീസ.രീാ/ുീേെയശഹഹവെലൃല/ എന്ന നികുതിവകുപ്പിന്റെ ഫേസ് ബുക്ക് പേജിലേയ്ക്ക് അപ്‌ലോഡു ചെയ്യുക. സ്മാര്‍ട് ഫോണ്‍ കൈയിലുള്ളവര്‍ക്ക് എളുപ്പം ഇതു ചെയ്യാവുന്നതാണ്. ഈ ബില്ലുകള്‍ നല്‍കിയ കടകളില്‍ പരിശോധനയുണ്ടാകും.
ജി എസ് ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതു പോലെ നിലവിലുണ്ടായിരുന്ന കേന്ദ്ര എക്‌സൈസ്, സര്‍വീസ് ടാക് ്‌സ്, കേന്ദ്രവില്‍പന നികുതി, എന്‍ട്രി ടാക്‌സ്, വാറ്റ് നികുതി തുടങ്ങിയവയൊന്നും ഇപ്പോഴില്ല. ഇവയുടെ സംയുക്ത തുകയെക്കാള്‍ താഴ്ന്ന നിരക്കാണ് പകരം ജി എസ് ടിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്തരം ഉത്പന്നങ്ങള്‍ക്ക് ന്യായമായും വില കുറയേണ്ടതാണ്. നികുതി കുറഞ്ഞതിന്റെ നേട്ടം ജനങ്ങള്‍ക്കു ലഭിച്ചേ തീരൂ. അക്കാര്യത്തില്‍ സര്‍ക്കാറിനു വിട്ടുവീഴ്ചയില്ല.
സാധാരണയായി ഉപയോഗിച്ചു വരുന്ന നൂറ് ഉത്പന്നങ്ങളുടെ നിലവിലുണ്ടായിരുന്ന ആകെ നികുതിയും പുതിയ ജി എസ് ടി നിരക്കും തമ്മിലുള്ള താരതമ്യപ്പട്ടിക പത്രങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ വിലക്കുറവ് കമ്പോളത്തില്‍ പ്രതിഫലിക്കണം.
നൂറ്റിയൊന്ന് വിഭാഗത്തില്‍പ്പെട്ട ഉത്പന്നങ്ങളുടെ പട്ടികയാണ് കേരള സര്‍ക്കാര്‍ പുറത്തുവിട്ടത്. ഈ ഉത്പന്നങ്ങള്‍ക്ക് പതിനാലര ശതമാനം മുതല്‍ അര ശതമാനം വരെ നികുതിയില്‍ കുറവുണ്ടായിട്ടുണ്ട്. പതിനാലര ശതമാനമായിരുന്ന കോഴിയിറച്ചിയുടെ നികുതി ഇപ്പോള്‍ പൂജ്യമാണ്. ടൂത്ത് പേസ്റ്റിനും സോപ്പിനുമൊക്കെ 12 ശതമാനം വരെ നികുതി കുറഞ്ഞിട്ടുണ്ട്.
ഇതുപോലെ വില കുറയുകയും കൂടുകയും ചെയ്യുന്ന ഉല്‍പന്നങ്ങളുടെയും പട്ടിക പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, അവര്‍ ഇക്കാര്യത്തില്‍ ഒളിച്ചു കളിക്കുകയാണ്. ജി എസ് ടി ഏര്‍പ്പെടുത്തുമ്പോള്‍ ഏതെല്ലാം ഉത്പന്നങ്ങള്‍ക്കാണ് നികുതിയിളവു ലഭിച്ചത് എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കു വ്യക്തതയുണ്ടാകണം. പൊതുസമൂഹത്തില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെച്ച് തീവെട്ടിക്കൊള്ളക്ക് അവസരമൊരുക്കാന്‍ പാടില്ല.
75 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ഒരു ശരാശരി എസി റെസ്റ്റോറന്റില്‍ 75 രൂപയാണ് വെജിറ്റേറിയന്‍ ഊണിനു വില. ഇതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നിലവിലുള്ള ആകെ നികുതി 7.95 രൂപയാണ്. അതായത് യഥാര്‍ഥ വില 67.05 രൂപ. ഈ വിലയുടെ അഞ്ചു ശതമാനമാണ് ജി എസ് ടി. അപ്പോള്‍ പുതിയ വില 70.40 രൂപയാകും. ജി എസ് ടി വരുമ്പോള്‍ ഈ റെസ്റ്റോറെന്റുകളിലെ ഊണിന്റെ വിലയില്‍ അഞ്ചു രൂപയോളം കുറയുകയാണ് വേണ്ടത്.
എ സി റെസ്റ്റോറന്റില്‍ 350 രൂപ വിലയുള്ള ഫുള്‍ ചിക്കന് നിലവില്‍ 56 രൂപയാണ് നികുതി. ഇതു കഴിച്ചുള്ള 294 രൂപക്കു മേലാണ് അഞ്ച് ശതമാനം ജി എസ് ടി ചുമത്തേണ്ടത്. അപ്പോള്‍ വില 308.70 രൂപയായി കുറയും. ജി എസ് ടിയുടെ ഭാഗമായി ഉപഭോക്താവിന് 42 രൂപയുടെ ലാഭമുണ്ടാകണം. എന്നാല്‍ പലേടത്തും ഇപ്പോള്‍ ചെയ്യുന്നത് 350 രൂപയ്ക്കു മേല്‍ 5 ശതമാനം നികുതി ചേര്‍ത്ത് 367 രൂപ ഈടാക്കുകയാണ്. ഇതു നിയമവിരുദ്ധമാണ്.
ജി എസ് ടി നടപ്പാക്കിയ എല്ലാ രാജ്യങ്ങളിലും വിലക്കയറ്റമുണ്ടായിട്ടുണ്ട്. ഉപഭോക്താവിനെ കബളിപ്പിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന വിലക്കയറ്റമാണത്. പഴയ നികുതി സമ്പ്രദായത്തില്‍ അവസാനം ചുമത്തുന്ന വാറ്റ് 14.5 ശതമാനം നികുതിയേ ബില്ലില്‍ കാണൂ. കേന്ദ്ര സര്‍ക്കാറോ മറ്റു സംസ്ഥാന സര്‍ക്കാറുകളോ പലഘട്ടങ്ങളിലായി ഈടാക്കിയ നികുതി കൂടി ചേര്‍ക്കുകയാണെങ്കില്‍ യഥാര്‍ഥനികുതിഭാരം 30-40 ശതമാനം വരും. വാസ്തവത്തില്‍ ഈ നികുതിഭാരം ഇപ്പോള്‍ കുറയുകയാണ് ചെയ്തത്. എന്നാല്‍, ഈ വിലയിന്മേല്‍ ചരക്കുസേവന നികുതി ഈടാക്കുന്ന പ്രവണതയാണ് കാണുന്നത്. ഇത് നിയമവിരുദ്ധമാണ്. ഇതാണ് വിലക്കയറ്റത്തിനു പ്രധാന കാരണം. നികുതിഭാരം കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ എംആര്‍പി പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. ഇന്നത്തെ ഈ സ്ഥിതിവിശേഷം വിവരിച്ചുകൊണ്ട് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കേരളം കത്തെഴുതിയിട്ടുണ്ട്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകളുടെ സംഘടനാ നേതാക്കളെ അടിയന്തര ചര്‍ച്ചക്കു ക്ഷണിച്ചിട്ടുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്തും. ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ സ്വീകരിക്കും.
വിവിധയിനം നികുതിയിളവുകള്‍ വഴി ഏതാണ്ട് ഒരു ലക്ഷം കോടിയുടെ വരുമാനനഷ്ടമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്. ഈ കുറവ് സാധാരണ ജനങ്ങളുടെ കുടുംബബജറ്റില്‍ പ്രതിഫലിക്കണം. അതു സാധ്യമാകണമെങ്കില്‍ ജി എസ് ടി നിയമത്തിലെ ആന്റി പ്രോഫിറ്റീറിംഗ് ക്ലോസ് കര്‍ശനമായി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

Latest