Connect with us

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് സൂചന

Published

|

Last Updated

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയതായി സൂചന. അറസ്റ്റ് ഉള്‍പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

പോലീസ് ആസ്ഥാനത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍, അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി ദിനേന്ദ്ര കശ്യപ്, മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കേസ് അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും തെളിവുകള്‍ ലഭിച്ചാല്‍ പ്രതിസ്ഥാനത്ത് എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യാമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

അന്വേഷണം നേരായ ദിശയിലാണെന്നും കൃത്യമായ ഏകോപനമുണ്ടെന്നും അറസ്റ്റും കസ്റ്റഡിയിലെടുക്കലും അന്വേഷണത്തിന്റെ ഭാഗമാണെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേസില്‍ നല്ല പുരോഗതിയുണ്ടെന്ന് ആലുവ റൂറല്‍ എസ് പി. എ വി ജോര്‍ജ് വ്യക്തമാക്കി.

അതേസമയം, ഗൂഢാലോചന നടന്ന സമയത്തെ ഫോണ്‍വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചു.
നടി അക്രമിക്കപ്പെടുന്നതിന് മുമ്പ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പള്‍സര്‍ സുനി വളിച്ചതായി പോലീസ് കണ്ടെത്തിയതായാണ് വിവരം. പള്‍സര്‍ സുനി വിളിച്ച നമ്പറിലേക്ക് അപ്പുണ്ണി തിരികെ വിളിച്ചതായും കണ്ടെത്തി. ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇരുവരുടെയും മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് പറഞ്ഞത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

പള്‍സര്‍ സുനി ദിലീപിനയച്ച കത്തിലെ സൂചന അനുസരിച്ച് തൃശൂരിലെ കണറ്റിങ്കല്‍ അക്കാദമിയില്‍ നടത്തിയ പരിശോധനയിലാണ് ചിത്രങ്ങള്‍ കണ്ടെടുത്തത്.
ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ഷൂട്ടിംഗ് ഇവിടെ നടക്കുമ്പോഴാണ് പള്‍സര്‍ സുനി എത്തിയതിയത്. ദിലീപിനൊപ്പം ആരാധകര്‍ പകര്‍ത്തിയ സെല്‍ഫിയിലാണ് പള്‍സര്‍ സുനി യാദൃച്ഛികമായി ഉള്‍പ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ ചില ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ സെല്‍ഫിക്കുപിന്നില്‍ കൈകള്‍കെട്ടി ദൂരെ മാറി നില്‍ക്കുന്ന സുനിയുടെ ചിത്രമാണ് ഉള്‍പ്പെട്ടത്. ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ക്ലബ്ബ് ജീവനക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഇവിടുത്തെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തു.
ആലുവ പോലിസ് ക്ലബ്ബില്‍ നിന്നെത്തിയ സംഘമാണ് ഇവരെ ചോദ്യം ചെയ്തത്. പള്‍സര്‍ സുനി ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് ജയിലില്‍ നിന്നെഴുതിയ കത്തില്‍ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തില്‍ വരെ ദിലീപുമായി ബന്ധപ്പെട്ടിരുന്ന കാര്യം പരാമര്‍ശിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തി പരിശോധന നടത്തിയിരുന്നു. പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ലക്ഷ്യയില്‍ എത്തിയത്. കേസിലെ കൂട്ടുപ്രതിയായ വിജീഷാണ് മെമ്മറി കാര്‍ഡ് കാക്കനാടുള്ള കടയില്‍ കൊണ്ട് ചെന്ന് കൈമാറിയതെന്നാണ് സുനി നല്‍കിയ മൊഴി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജയിലില്‍വച്ച് നല്‍കിയ മൊഴിയിലാണ് പള്‍സര്‍ സുനി ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ആരെയാണ് മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ലക്ഷ്യയില്‍ പരിശോധന നടത്തിയിരുന്നുവെങ്കിലും മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ല.

കടയിലെ സി സി ടി വിയും, ഹാര്‍ഡ് ഡിസ്‌കും അടക്കമുള്ളവ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സി സി ടിവിയില്‍ പള്‍സര്‍ സുനി പറഞ്ഞ ദിവസങ്ങളിലെ ദൃശ്യങ്ങള്‍ ഇല്ല. കഴിഞ്ഞ 10 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമാണ് സി സി ടിവിയിലുള്ളത്. പള്‍സര്‍ സുനിയോ, കൂട്ടാളിയായ വിജീഷോ ലക്ഷ്യയിലെത്തിയിട്ടുണ്ടോ എന്നറിയാനായി സമീപത്തെ കടകളിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പള്‍സര്‍ സുനി ദിലീപിനയച്ച കത്തില്‍ കാക്കനാട്ടെ ദിലീപിന്റെ വ്യാപാരസ്ഥാപനത്തില്‍ പോയതായി സൂചിപ്പിക്കുന്നുണ്ട്. ഇവിടെ രണ്ട് തവണ പോയതായും സുനി കത്തില്‍ വ്യക്തമാക്കിയിരുന്നു.