Connect with us

Sports

ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ജര്‍മനിക്ക്

Published

|

Last Updated

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഫുട്‌ബോളിന്റെ വരവറിയിച്ചുകൊണ്ട് റഷ്യയില്‍ അരങ്ങേറിയ വന്‍കരാ ചാമ്പ്യന്മാരുടെ പോരില്‍ ജര്‍മനി കപ്പുയര്‍ത്തി. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ചിലിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലോക ചാമ്പ്യന്മാരായ ജര്‍മനി കരുത്തറിയിച്ചത്. ഇതാദ്യമായാണ് ജര്‍മനി ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടുന്നത്. 2005ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ഇതിന് മുമ്പത്തെ മികച്ച പ്രകടനം. ചിലിയും കന്നി കിരീടമായിരുന്നു ലക്ഷ്യമിട്ടത്.

മത്സരത്തിന്റെ ഒഴുക്കിന് വിപരീതമായിട്ടായിരുന്നു ജര്‍മനിയുടെ ഗോള്‍. ഇരുപതാം മിനുട്ടില്‍ ലാര്‍സ് സ്റ്റിന്‍ഡലാണ് ഗോള്‍ നേടിയത്. ചിലി സെന്റര്‍ ഡിഫന്‍ഡര്‍ മാര്‍സലോ ഡയസിന്റെ ഭീമന്‍ അബദ്ധമാണ് ഗോളില്‍ കലാശിച്ചത്. അവസാന ഡിഫന്‍ഡറായ മാര്‍സലോ രണ്ട് ജര്‍മന്‍ മുന്നേറ്റ താരങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പന്ത് നഷ്ടമായി. സ്റ്റന്‍ഡലിനെ മാര്‍സലോ കബളിപ്പിച്ചെങ്കിലും പറന്നെത്തിയ ടിമോ വെര്‍നര്‍ പന്ത് തട്ടിയെടുത്ത് ഗോളി ബ്രാവോയെ കീഴടക്കി സ്റ്റിന്‍ഡലിന് പാസ് ചെയ്തു. ഒഴിഞ്ഞു കിടന്ന പോസ്റ്റിലേക്ക് സ്റ്റിന്‍ഡല്‍ സാവകാശം പന്ത് തട്ടി വിട്ടു (1-0).

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ചിലി പൊരുതിക്കളിക്കുകയും അതിന് തടയിടാന്‍ ജര്‍മനി വര്‍ധിത വീര്യത്തോടെ കളിക്കുകയും ചെയ്തതോടെ മത്സരം ആവേശകരമായി. പലപ്പോഴും കൈയ്യാങ്കളിയിലേക്ക് വഴിമാറുകയും ചെയ്തു ആവേശം. അമ്പത്തൊമ്പതാം മിനുട്ടില്‍ ജര്‍മനിയുടെ ജോഷ്വ കിമിചും ചിലിയുടെ ആര്‍തുറോ വിദാലും തമ്മിലുണ്ടായ ഉന്തും തള്ളും സംഘര്‍ഷത്തിനിടയാക്കി. റഫറി രണ്ട് പേര്‍ക്കും മഞ്ഞക്കാര്‍ഡ് കാണിച്ചാണ് രംഗം ശാന്തമാക്കിയത്.
എഴുപത് മിനുട്ടിന് ശേഷം ചിലി തുടരെ മൂന്ന് തവണയാണ് ജര്‍മന്‍ ഗോള്‍ മുഖം വിറപ്പിച്ചത്. ഗോള്‍ വല കാത്തത് ടെര്‍സ്റ്റിഗനാണ്. ജിന്റര്‍, മുസ്താഫി, റുഡിഗര്‍, കിമിച്, റുഡി, ഗോറെസ്‌ക, ഹെക്ടര്‍, സ്റ്റിന്‍ഡല്‍, വെര്‍നര്‍, ഡ്രാക്‌സലര്‍ എന്നിങ്ങനെയാണ് ജര്‍മന്‍ നിര. ബ്രാവോ ഗോള്‍ കീപ്പര്‍. ഇസ്ല, യാറ, മെദെല്‍, ബ്യുസിയോര്‍, മാര്‍സലോ ഡയസ്, അരാംഗ്വുസ്, ഹെര്‍നാണ്ടസ്, വിദാല്‍, സാഞ്ചസ്, വര്‍ഗാസ് എന്നിവരാണ് ചിലിയുടെ ആദ്യ ലൈനപ്പില്‍.
മൂന്നാമന്‍ പോര്‍ച്ചുഗല്‍

ആവേശപ്പോരാട്ടത്തില്‍ മെക്‌സിക്കോയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ഫിഫ കോണ്‍ഫെഡറഷന്‍ കപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനം നേടി. അധിക സമയത്തേക്ക് നീണ്ട സെമിയില്‍ തോറ്റവരുടെ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. രണ്ട് പെനാല്‍റ്റികളും രണ്ട് ചുവപ്പ് കാര്‍ഡും കണ്ട മത്സരത്തിനൊടുവില്‍ റഫറിയോട് കയര്‍ത്ത മെക്‌സിക്കന്‍ കോച്ച് യുവാന്‍ കാര്‍ലോസ് ഒസാരിയോ പുറത്തേക്കുള്ള വഴികണ്ടു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അസാന്നിധ്യത്തിലാണ് പോര്‍ച്ചുഗല്‍ മത്സരത്തിന് ഇറങ്ങിയത്. 54ാം മിനുട്ടില്‍ ലൂയിസ് നെറ്റോയുടെ സെല്‍ഫ് ഗോളില്‍ മെക്‌സിക്കോ മൂന്നിലെത്തി. പിന്നീട് തോല്‍വി തുറിച്ചു നോക്കിയ ഘട്ടത്തില്‍ 90ാം മിനുട്ടില്‍ പെപ്പെ പോര്‍ച്ചുഗലിന്റെ രക്ഷകനായെത്തി. തുടര്‍ന്ന് കളി അധികസമയത്തേക്ക് നീണ്ടു. 104ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി അഡ്രിയന്‍ സില്‍വ ലക്ഷ്യത്തിലെത്തിച്ച് പോര്‍ച്ചുഗലിന് ജയംസമ്മാനിച്ചു.

Latest