ഖത്വര്‍ ചാരിറ്റി ഇറാഖികള്‍ക്ക് ഇഫ്താറൊരുക്കി

Posted on: July 2, 2017 9:16 pm | Last updated: July 2, 2017 at 8:42 pm
ഇറാഖില്‍ ഖത്വര്‍ ചാരിറ്റി ഇഫ്താര്‍ ഭക്ഷണ വിതരണം നടത്തുന്നു

ദോഹ: ഇറാഖിലെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഖത്വര്‍ ചാരിറ്റി നടപ്പാക്കിയ ഇഫ്താര്‍ ഭക്ഷണ വിതരണത്തിന്റെ പ്രയോജനം ലഭിച്ചത് 20000ലധികം പേര്‍ക്ക്. കുടിയേറ്റക്കാര്‍ കൂടുതലായുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും ക്യാമ്പുകളിലുമായിട്ടായിരുന്നു ഇഫ്താര്‍ പദ്ധതികള്‍ നടപ്പാക്കിയത്. മൊസൂളിലേയും പരിസരപ്രദേശങ്ങളിലേയും അഭയാര്‍ഥികള്‍ക്കാണ് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്തതെന്ന് ഖത്വര്‍ ചാരിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റമസാന്റെ തുടക്കത്തില്‍ തന്നെ ഇഫ്താര്‍ സംഗമങ്ങള്‍ക്ക് ഖത്വര്‍ ചാരിറ്റി തുടക്കമിട്ടിരുന്നു. നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു. അരി, ചിക്കന്‍, പാല്‍, കുടിവെള്ളം, ഈന്തപ്പഴം, ബ്രെഡ് തുടങ്ങിയ ഉത്പന്നങ്ങളായിരുന്നു ഭക്ഷ്യകിറ്റുകളിലുണ്ടായിരുന്നത്. അഭയാര്‍ഥി കുടുംബങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് ഖത്വര്‍ ചാരിറ്റി അറിയിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതനുഭവിക്കുന്ന മൊസൂള്‍, സ്വലാഹുദ്ദീന്‍, അല്‍ അന്‍ബര്‍, ബാഗ്ദാദ് എന്നിവിടങ്ങളിലെ ജനങ്ങളെ കേന്ദ്രീകരിച്ചാണ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തതെന്ന് ഖത്വര്‍ ചാരിറ്റി ദുരിതാശ്വാസ വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കാബി പറഞ്ഞു. യാതൊരു സഹായവുമില്ലാതെ ദുരിതങ്ങള്‍ അനുഭവിച്ചുവരികയായിരുന്ന നിരവധിപേര്‍ക്കാണ് ഖത്വര്‍ ചാരിറ്റിയുടെ ഇടപെടല്‍ സഹായകമായത്. ഈ മേഖലയിലെ കുടിയേറ്റ കുടുംബങ്ങള്‍ കടുത്ത ഭക്ഷ്യ, കുടിവെള്ള ദൗര്‍ലഭ്യം നേരിട്ടുവരികയായിരുന്നു. ഇറാഖില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് ദാതാക്കള്‍ സഹായവുമായി മുന്നോട്ടുവരണമെന്നും ഖത്വര്‍ ചാരിറ്റി അഭ്യര്‍ഥിച്ചു. ആഗോള തലത്തില്‍ 10,031,451 റിയാലാണ് ഇഫ്താര്‍ പദ്ധതിക്കായി വിനിയോഗിച്ചത്. 9,52,889 പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. സിറിയ, ബംഗ്ലാദേശ്, നൈജര്‍, ഇന്ത്യ, ശ്രീലങ്ക, സൊമാലിയ, മൗറിത്താനിയ, ഇന്തോനേഷ്യ, യമന്‍, പലസ്തീന്‍, സുഡാന്‍, ജിബൗത്തി, ഘാന, ബെനിന്‍, ഛാദ്, കോമറോസ്, സെനഗല്‍, കെനിയ, പാക്കിസ്ഥാന്‍, ജോര്‍ദാന്‍, ബുര്‍ക്കിന ഫാസോ, മാലി, നൈജീരിയ, ഇറാഖ്, ടോഗോ, യു കെ, ലബനാന്‍, മൊറോക്കോ, ഫിലിപ്പൈന്‍സ്, ബോസ്‌നിയ, കിര്‍ഗിസ്ഥാന്‍, ടുണീഷ്യ, കൊസോവോ, അല്‍ബേനിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലാണ് ഇഫ്താര്‍ പദ്ധതി നടപ്പാക്കിയത്.