ഉത്തര കൊറിയയോട് ഇനി ക്ഷമയില്ല:ട്രംപ്

Posted on: July 1, 2017 11:23 pm | Last updated: July 1, 2017 at 11:23 pm

വാഷിംഗ്ടണ്‍: വര്‍ഷങ്ങളായി ഉത്തര കൊറിയയോട് തുടരുന്ന ‘നയതന്ത്ര ക്ഷമ’ അവസാനിച്ചെന്നും ഇനി ഉറച്ച മറുപടി നല്‍കാനുള്ള സമയമാണെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

ക്ഷമ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തുറന്നുപറയാം, ക്ഷമ അവസാനിക്കുക തന്നെ ചെയ്തു. ദക്ഷിണ കൊറിയ, ജപ്പാന്‍ മറ്റ് ലോക രാജ്യങ്ങള്‍, ഇവിടങ്ങളിലെ അമേരിക്കന്‍ പൗരന്മാര്‍ എന്നിവരെ ഉത്തര കൊറിയയുടെ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എത്രയും വേഗം നല്ല വഴി തിരഞ്ഞെടുക്കുന്നതാണ് ഉത്തര കൊറിയക്ക് ഉചിതമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ വ്യക്തമാക്കി. എന്നാല്‍, പ്രതിരോധ സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നോട്ടുപോകും. ശക്തമായ സുരക്ഷ മാത്രമേ ഏഷ്യ- പസഫിക് മേഖലയില്‍ സുസ്ഥിരമായ സമാധാനം കൊണ്ടുവരികയുള്ളൂവെന്നും മൂണ്‍ കൂട്ടിച്ചേര്‍ത്തു.