Connect with us

National

ശബ്ദമലിനീകരണ ഉറവിടം മുസ്ലിം പള്ളിയെന്ന് ഐസിഎസ്ഇ ആറാം ക്ലാസ് പുസ്തകം

Published

|

Last Updated

ഡല്‍ഹി: ഐസിഎസ്ഇ സിലബസിലെ ആറാം ക്ലാസ് ശാസ്ത്രപാഠപുസ്തകത്തിലെ ശബ്ദമലിനീകരണത്തിനു കാരണമായി നല്‍കിയ ചിത്രം വിവാദമാകുന്നു. ശബ്ദമലിനീകരണത്തിന്റെ വിവിധ ഉറവിടങ്ങളെ വിശദീകരിക്കുന്നതിനായി കൊടുത്തിരിക്കുന്ന ചിത്രത്തിലാണ് മുസ്ലിം പള്ളി കൊടുത്തിരിക്കുന്നത്. പള്ളിയില്‍ നിന്നും വരുന്ന ശബ്ദം സഹിക്കാനാവാതെ ഒരാള്‍ ചെവി പൊത്തുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത് . ഈ ചിത്രമാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.മറ്റ് ശബ്ദമലിനീകരണ മാര്‍ഗങ്ങളായി വിമാനം, തീവണ്ടി, മറ്റു വാഹനങ്ങള്‍, എന്നിവയും പാഠപുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.ഐസിഎസ്ഇ സിലബസുകള്‍ക്കുള്ള ആറാം ക്ലാസ് ശാസ്ത്രപാഠപുസ്തകത്തിലാണിത്.

ഡല്‍ഹി ദരിയാഗഞ്ചിലെ സലീന പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍. എസ്‌കെ ബാഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദഗ്ധരായ അധ്യാപകരാണ് ഉള്ളടക്കം തയ്യാറാക്കിയതെന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രം ശ്രദ്ധയില്‍പെട്ട ഒരു രക്ഷിതാവ് വാട്ട്‌സ്ആപ്പിലൂടെ സംഭവം പങ്കുവച്ചതോടെയാണ് വിഷയം വിവാദമായത്.

അതേസമയം, പുസ്തകം വിതരണം ചെയ്യുന്നത് നിര്‍ത്തിവച്ചതായി പബ്ലിഷര്‍ അറിയിച്ചു. ഇതാദ്യമായല്ല വര്‍ഗീയ ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ വിവാദമാവുന്നത്. യേശുക്രിസ്തുവിനെ ചെകുത്താനായി ചിത്രീകരിക്കുന്ന പാഠപുസ്തകം ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു.കൂടാതെ രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹിക പാഠം പുസ്തകത്തില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിരുന്നു, പുതിയ സിലബസ് അനുസരിച്ചു നെഹ്‌റുവിനു പുസ്തകത്തില്‍ സ്ഥാനമില്ല. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ പുറത്തിറക്കിയ പുസ്തകമാണു വിവാദം സൃഷ്ടിച്ചത്.

Latest