മാര്‍പ്പാപ്പയുടെ ഉപദേശകനെതിരെ പീഡനാരോപണം

Posted on: June 30, 2017 12:46 am | Last updated: June 29, 2017 at 10:47 pm

സിഡ്‌നി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുതിര്‍ന്ന ഉപദേശകനും വത്തിക്കാനിലെ ധനകാര്യ വിഭാഗം തലവനുമായ കര്‍ദിനാല്‍ ജോര്‍ജ്ജ് പെലിനെതിരെ ലൈംഗികാരോപണം. സ്വദേശമായ ആസ്‌ത്രേലിയയില്‍ നിന്നാണ് പെലിനെതിരെ ആരോപണം ഉയര്‍ന്നത്. ലൈംഗിക ആരോപണം ഉയര്‍ത്തി രണ്ട് പേര്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് കോടതി കര്‍ദിനാലിനെതിരെ സമന്‍സും അയിച്ചിട്ടുണ്ട്. മുമ്പും പെലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു. കോടതിയില്‍ നിയമപോരാട്ടം നടത്താനായി തനിക്ക് പോപ്പ് അവധി അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ ആസ്‌ത്രേലിയയിലേക്ക് തിരിക്കുമെന്നും പെല്‍ വ്യക്തമാക്കി. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വത്തിക്കാനിലെ മുതര്‍ന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് പെല്‍.

അതേസമയം, ജോര്‍ജ്ജ് പെല്ലിനെതിരെ നിരവധി പേര്‍ ലൈംഗിക ആരോപണ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷെയ്ന്‍ പാറ്റണ്‍ വ്യക്തമാക്കി. ജൂലൈ 18ന് മുമ്പ് മെല്‍ബണിലെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാകണം. ഇതിന് ശേഷം മാത്രമെ പരാതിയെ കുറിച്ചുള്ള വിശദീകരണം പുറത്തുവിടുകയുള്ളുവെന്ന് പോലീസ് മേധാവി വ്യക്തമാക്കി.