വൈസ് അവാര്‍ഡ് ചുരുക്കപ്പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പദ്ധതികള്‍

Posted on: June 29, 2017 9:40 pm | Last updated: June 29, 2017 at 9:22 pm

ദോഹ: വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ എജുക്കേഷന്‍ (വൈസ്) അവാര്‍ഡ് 2017നുള്ള അന്തിമ ചുരുക്കപ്പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് പദ്ധതികളും. ഇന്ത്യയില്‍ നിന്ന് മൈന്‍ഡ്‌സ്പാര്‍ക്: പേഴ്‌സനലൈസ്ഡ്, ടെക്‌നോളജി ബേസ്ഡ് ലേണിംഗ്, ടെലി എജുക്കേഷന്‍ പ്രൊജക്ട് – സെയിം എന്നിവയാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. മൊത്തം 15 പദ്ധതികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. ഇവയില്‍ ആറ് വിജയികളെ സെപ്തംബറില്‍ പ്രഖ്യാപിക്കും. ലോകത്തുടനീളമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി പദ്ധതികളാണ് അവാര്‍ഡിന് വേണ്ടി സമര്‍പ്പിച്ചത്. നിലവിലെ ആഗോള വിദ്യാഭ്യാസ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന നൂതനവും ഫലപ്രദവുമായ സമീപനങ്ങള്‍ പ്രദാനം ചെയ്യുന്ന പദ്ധതികളാണിവ. ആഗോള വിദ്യാഭ്യാസ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന നൂതന പദ്ധതികളെ എല്ലാ വര്‍ഷവും വൈസ് അവാര്‍ഡ് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഖത്വറില്‍ നിന്ന് ശംസ് ജനറേഷന്‍ പദ്ധതി അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മൊറോക്കോയുടെ അനീര്‍, യു കെയുടെ മാറ്റത്തിനും നൂതനത്വത്തിനും അധ്യാപക നേതൃത്വത്തിലുള്ള നീക്കം നിര്‍മിക്കുക, സ്‌പെയിനിന്റെ പഠിക്കാനുള്ള പ്രകാശം, അമേരിക്കയുടെ ഫെറ്റ് ഇന്ററാക്ടീവ് സിമുലേഷന്‍സ്, ബ്രിട്ടന്റെ ഓപണ്‍ ബുക്ക് പബ്ലിഷേഴ്‌സ്, അമേരിക്കയുടെ ഓപണ്‍പഡിയാട്രിക്‌സ്- സീരിയസ് ഗെയിംസ് ടു സേവ് ചില്‍ഡ്രണ്‍സ് ലൈവ്‌സ്, ഘാനയുടെ റീച്ച്, ഫ്രാന്‍സിന്റെ 42, സ്‌പെയിനിന്റെ സയന്‍സ് ബിറ്റ്‌സ്, ടാന്‍സാനിയ/ യു കെ എന്നിവയുടെ ദി ലേണര്‍ ഗൈഡ് പ്രോഗ്രാം, അമേരിക്കയുടെ ദി സ്പീഡ് സ്‌കൂള്‍ പ്രൊജക്ട്, ടാന്‍സാനിയയുടെ ഉബോംഗോ എജുടെയ്ന്‍മെന്റ് എന്നിവയാണ് ചുരുക്കപ്പട്ടികയിലെ മറ്റ് പദ്ധതികള്‍.
നേരത്തെയുള്ള ബാല വിദ്യാഭ്യാസം, സ്‌കൂളിന്റെ അടിസ്ഥാന പശ്ചാത്തല സൗകര്യം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, കോഡിംഗ്, ഡിജിറ്റല്‍ ശേഷി, പുസ്തകങ്ങള്‍ ലഭ്യമാക്കല്‍, കുട്ടികള്‍ക്കുള്ള പ്രധാന ആരോഗ്യ ശ്രദ്ധ, ഗണിതം- ശാസ്ത്രം, വായന എന്നിവയുടെ വര്‍ധന തുടങ്ങിയവയടക്കമുള്ള ലക്ഷ്യങ്ങളില്‍ കേന്ദ്രീകരിച്ചുള്ളവയാണ് ഈ പദ്ധതികള്‍.

ഖത്വര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ 14 മുതല്‍ 16 വരെ നടക്കുന്ന സമ്മിറ്റില്‍ ആറ് പദ്ധതികള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. ഓരോ പദ്ധതിക്കും ഇരുപതിനായിരം ഡോളറാണ് അവാര്‍ഡ് തുക. ‘ഒന്നിച്ച് നിലനില്‍ക്കുക, ഒന്നിച്ച് സൃഷ്ടിക്കുക: ഒന്നിച്ച് ജീവിക്കാനും തൊഴിലെടുക്കാനും പഠിക്കല്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ സമ്മിറ്റില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇളവകുള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ജൂണ്‍ 30ന് അവസാനിക്കും. ആഗോളതലത്തില്‍ മുന്‍നിര വിദ്യാഭ്യാസ സമ്മേളനമായ വൈസില്‍ നൂറിലേറെ രാഷ്ട്രങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ പ്രമുഖരായ പ്രതിനിധികള്‍ പങ്കെടുക്കും. 90 അന്താരാഷ്ട്ര പ്രഭാഷകരും 1200 സംഘടനകളും സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്. 2009ലാണ് പ്രഥമ വൈസ് സമ്മിറ്റ് ആരംഭിച്ചത്.