നടിക്കെതിരായ പരാമര്‍ശം: വനിതാ കമ്മീഷന്‍ ഇടപെടുന്നു

Posted on: June 28, 2017 4:27 pm | Last updated: June 28, 2017 at 4:27 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ ദിലീപ് നടത്തിയ പരാമര്‍ശം നടിയെ വീണ്ടും ആക്രമിക്കുന്നതിന് തുല്ല്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ദിലീപിന്റെ പരാമര്‍ശം നിഗൂഢമാണ്. എന്ത് മനസ്സിലാക്കിയിട്ടാണ് ദിലീപും സലിം കുമാറും ഇങ്ങനെ പ്രതികരിക്കുന്നത്. ഇവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ നടിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ആരായും. നടിയുടെ പേര് വ്യക്തമാക്കി പരാമര്‍ശം നടത്തിയതാരായാലും അവര്‍ക്കെതിരെ നിയമനടപടി എടുക്കണം. പരാമര്‍ശം അപലപനീയമാണ്. യാതൊരു സത്യസന്ധതയും സാമൂഹിക ധാരണയും ഇല്ലാതെ കേസിന്റെ നിര്‍ണായ ഘട്ടത്തില്‍ ഇത്തരത്തില്‍ നടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയുന്നതിന് പിന്നില്‍ നിഗൂഢതയുണ്ട്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ആ സ്ത്രീയെ വീണ്ടും വീണ്ടും ആക്രമിക്കുകയാണ് ചെയ്തതെന്നും ജോസഫൈന്‍ പറഞ്ഞു.