ക്രിസ്റ്റ്യാനോയെ ഒതുക്കുമെന്ന്‌ വിദാല്‍; പോര്‍ച്ചുഗല്‍-ചിലി സെമി ഇന്ന്

മത്സരം രാത്രി 10.30ന് സോണി സിക്‌സില്‍ ലൈവ്‌
Posted on: June 28, 2017 11:07 am | Last updated: June 28, 2017 at 11:43 am

മോസ്‌കോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ന് പോര്‍ച്ചുഗലും ചിലിയും നേര്‍ക്കുനേര്‍. കന്നിക്കിരീടം ലക്ഷ്യമിടുന്ന ടീമുകള്‍ ഫൈനലുറപ്പിക്കാന്‍ ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെക്കും. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിന്റെ കരുത്ത് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവാണ്. കോപ അമേരിക്ക ചാമ്പ്യന്‍മാരായ ചിലി അട്ടിമറി നടത്താന്‍ കരുത്തുള്ള നിരയാണ്. ബയേണ്‍ മ്യൂണിക്കിന്റെ ആര്‍തുറോ വിദാലും ആഴ്‌സണലിന്റെ സൂപ്പര്‍താരം അലക്‌സിസ് സാഞ്ചസും ചിലിയുടെ നെടും തൂണുകളാണ്.
ക്രിസ്റ്റ്യാനോയെ ഒതുക്കുമെന്നാണ് വിദാല്‍ പറഞ്ഞിരിക്കുന്നത്. ജര്‍മനിയുമായിട്ട് ഫൈനല്‍ കളിക്കുക ചിലിയായിരിക്കുമെന്ന് വിദാല്‍ പ്രവചിക്കുന്നത് മാനസികാധിപത്യം സ്ഥാപിക്കാനാണ്.
എന്നാല്‍, ഇതൊന്നും പറങ്കിപ്പടയുടെ ക്യാമ്പിനെ ഏശുന്നില്ല. കസാനിലെ പരിശീലന കേന്ദ്രത്തില്‍ നിന്ന് എടുത്ത ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ക്രിസ്റ്റിയാനോ തങ്ങളുടെ അവസാന വട്ട ഒരുക്കവും പൂര്‍ത്തിയായെന്ന് അറിയിച്ചിരിക്കുന്നത്. വിദാലിനുള്ള മറുപടിയായിട്ട് കണ്ടാല്‍ മതി ഈ പോസ്റ്റിനെ.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിദാലിന്റെ ബയേണ്‍ മ്യൂണിക്കും ക്രിസ്റ്റ്യാനോയുടെ റയല്‍ മാഡ്രിഡും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു. ജയം ക്രിസ്റ്റ്യാനോക്കും സംഘത്തിനുമായിരുന്നു. മാത്രമല്ല, വിദാല്‍ ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്തു.
ക്ലബ്ബ് ഫുട്‌ബോളിലേറ്റ തിരിച്ചടിക്ക് രാജ്യാന്തര ഫുട്‌ബോളിലൂടെ തിരിച്ചു നല്‍കാമെന്ന കണക്ക് കൂട്ടലിലാണ് വിദാല്‍. മത്സരത്തിന് മുമ്പെ തന്നെ ക്രിസ്റ്റ്യാനോയുടെ മാനസികാധിപത്യം തകര്‍ക്കുക എന്ന തന്ത്രമാണ് വിദാല്‍ പയറ്റിയത്. എല്ലാം അറിയാമെന്ന് ധരിക്കുന്ന മിടുക്കനായ കഴുതയെന്ന രീതിയില്‍ വിദാല്‍ പരാമര്‍ശം നടത്തിയത് വിവാദമായിരിക്കുകയാണ്.
റഷ്യയില്‍ പോര്‍ച്ചുഗല്‍ മികച്ച ഫോമിലാണ്. ക്രിസ്റ്റിയാനോയാകട്ടെ രണ്ട് ഗോളുകള്‍ നേടി. നിര്‍ണായക വേളയില്‍ സ്‌കോര്‍ ചെയ്യുവാന്‍ റയല്‍ മാഡ്രിഡ് താരത്തിനുള്ള കഴിവാണ് ചിലി പ്രതിരോധ നിരയെ കുഴക്കുക. സെമി ഫൈനല്‍ നടക്കുന്ന വേദിക്കരികില്‍ തന്നെയാണ് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍നാണ്ടോ സാന്റോസ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്.
ശനിയാഴ്ച ന്യൂസിലാന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ നാല് ഗോളുകള്‍ അടിച്ച് കൂട്ടിയപ്പോള്‍ ക്രിസ്റ്റിയാനോ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടി. ഇത് ക്രിസ്റ്റിയാനോയുടെ എഴുപത്തഞ്ചാം രാജ്യാന്തര ഗോളായിരുന്നു. ക്ലബ്ബിനും രാജ്യത്തിനുമായി അവസാനം കളിച്ച പത്ത് മത്സരങ്ങളില്‍ നിന്ന് പതിനാറ് ഗോളുകളാണ് പോര്‍ച്ചുഗല്‍ താരം നേടിയത്.
സ്‌പെയ്‌നില്‍ നികുതിവെട്ട് കേസ് പിന്തുടരുന്നതിനിടെയാണ് ക്രിസ്റ്റ്യാനോ റഷ്യയില്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് കളിക്കാനെത്തിയത്.
രണ്ട് ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ക്രിസ്റ്റിയാനോ മൂന്ന് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. കഴി്ഞ്ഞ വര്‍ഷം പോര്‍ച്ചുഗലിന് യൂറോ കപ്പ് നേടിക്കൊടുത്തതോടെ ഫിഫ ലോകഫുട്‌ബോളര്‍ പട്ടം ക്രിസ്റ്റ്യാനോയെ തേടിയെത്തിയിരുന്നു. കരിയറിലെ ആദ്യ രാജ്യാന്തര കിരീടം സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ നായകന്‍ റഷ്യയില്‍ രണ്ടാം കിരീടം മനസില്‍ ഉറപ്പിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം ലോകകപ്പ് ഫുട്‌ബോളിനുള്ള തയ്യാറെടുപ്പുകള്‍ മികവുറ്റതാക്കുവാന്‍ സാന്റോസിന്റെ ടീം കഠിന യത്‌നത്തിലാണ്.