മുതലയുടെ ആക്രമണത്തില്‍ കൈ നഷ്ടമായ യുവാവിനെതിരെ അതിക്രമിച്ച് കടന്നതിന് കേസ്

Posted on: June 27, 2017 10:13 pm | Last updated: June 27, 2017 at 10:13 pm

ബെംഗളൂരു: മുതലയുടെ ആക്രമണത്തില്‍ കൈ നഷ്ടമായ യുവാവിനെതിരെ അതിക്രമിച്ച് കടന്നതിന് വനംവകുപ്പ് അധികൃതര്‍ കേസെടുത്തു.
ബെംഗളൂരു സ്വദേശിയായ സ്റ്റാര്‍ട്ട് അപ്പ് സി ഇ ഒ 26 കാരനായ മുദിത് ദണ്ഡേവാഡെയാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായത്. ബെംഗളൂരു നഗരത്തിലെ വനപ്രദേശത്തിനോടു ചേര്‍ന്നുള്ള തടാകത്തില്‍ വെച്ച് യുവാവിന്റെ ഇടതുകൈയുടെ മുകളില്‍ വെച്ച് മുതല കടിച്ചെടുക്കുകയായിരുന്നു.
സുഹൃത്തിനൊപ്പം രാമനഗര ജില്ലയിലെ ക്ഷേത്ര സന്ദര്‍ശനത്തിനെത്തി കാറില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു മുതല ആക്രമിച്ചതെന്നായിരുന്നു 26 കാരനായ യുവാവ് ഡോക്ടര്‍മാരോട് വ്യക്തമാക്കിയത്. കാറില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് വളര്‍ത്തുനായ്ക്കള്‍ തടാകത്തിനടുത്തേക്ക് എത്തിയപ്പോള്‍ വെള്ളത്തിന് പുറത്തേക്ക് വന്ന മുതലയാണ് ആക്രമിച്ചത്. പരുക്കേറ്റ യുവാവ് ഹോസ്മത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവിന്റെ ഇടതുകൈ കടിച്ചെടുത്ത ഭാഗവുമായി കൂട്ടി യോജിപ്പിക്കാനുള്ള സാധ്യതകള്‍ എല്ലാം അവസാനിച്ചതായി ഹോസ്മത്ത് ആശുപത്രിയിലെ ഡയറക്ടര്‍ ഡോ. അജിത് ബെനഡിക്ട് റയാന്‍ അറിയിച്ചു. ഐ സി യുവില്‍ കഴിഞ്ഞിരുന്ന യുവാവിനെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. നായ്ക്കള്‍ തടാകത്തിലേക്ക് ഇറങ്ങിയപ്പോള്‍ അവയെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിനിടെ മുന്നറിയിപ്പിനായി സ്ഥാപിച്ച ബോര്‍ഡുകള്‍ ശ്രദ്ധിച്ചില്ലെന്നാണ് ഇരുവരുടേയും വാദം.

എന്നാല്‍ ഇത് സംബന്ധിച്ച് യുവാവിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് രാമനഗരം പോലീസ് സൂപ്രണ്ട് ബി രമേശ് വ്യക്തമാക്കി. എന്നാല്‍ പ്രവേശനത്തിന് നിയന്ത്രണമുള്ള പ്രദേശത്ത് അനുമതിയില്ലാതെ അതിക്രമിച്ച് കടന്നതിനാണ് വനംവകുപ്പ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംരക്ഷിത വനമേഖലയായി കണക്കാക്കുന്ന പ്രദേശമാണ് തെക്കേക്കര.

ഇലക്ട്രിക് വേലികള്‍ സ്ഥാപിച്ച തടാകത്തിന് സമീപത്ത് മുതലയുടെ സാന്നിധ്യത്തെക്കുറിച്ച് അറിയിപ്പ് നല്‍കിക്കൊണ്ട് സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.