Connect with us

International

നാഥുല ചുരം ചൈന അടച്ചു; കൈലാസ് മാനസസരോവര്‍ തീര്‍ത്ഥാടനം പൂര്‍ണമായും തടസപ്പെടും

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ അതിക്രമിച്ചു കയറിയതായി ആരോപിച്ച് ചൈന ടിബത്തിലേക്കുള്ള പ്രവേശന കവാടമായ നാഥുല ചുരം അടച്ചു. ഇതോടെ കൈലാസ് മാനസസരോവര്‍ തീര്‍ത്ഥാടനം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. ഇന്ത്യന്‍ സൈന്യം പിന്‍മാറുന്നത് വരെ തീര്‍ത്ഥാടകരെ ഇതുവഴി കടത്തി വിടില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച് സിക്കിമില്‍ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. മേഖലയില്‍ കാവലുണ്ടായിരുന്ന ഇന്ത്യന്‍ ജവാന്മാരും അതിക്രമിച്ചു കയറിയ ചൈനീസ് ജവാന്‍മാരും തമ്മില്‍ ഉന്തുംതള്ളലും നടന്നതായും, ഈ ഭാഗത്തെ രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യന്‍ സൈന്യം തങ്ങളുടെ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറിയതായാണ് ചൈന ആരോപിക്കുന്നത്.

ഹിന്ദു, ബുദ്ധ, ജൈന മതക്കാരുടെ പുണ്യ സ്ഥലമായ മാനസസരോവറിലേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാമെന്ന് 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ചൈന ഉറപ്പു നല്‍കിയതാണ്. നാഥുല ചുരം വഴി ഏതാണ്ട് 400 തീര്‍ത്ഥാടകര്‍ക്കാണ് ചൈന യാത്രാനുമതി നല്‍കുന്നത്. ഇതില്‍ 100 പേരടങ്ങുന്ന രണ്ടാമത്ത സംഘം, നാഥുല ചുരത്തിനടുത്ത് ചൈനീസ് അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന്,സിക്കിം തലസ്ഥാനമായ ഗാംടോക്കിലേക്ക് തിരിച്ചു വന്നതായി കേന്ദ്രആഭ്യന്തര സെക്രട്ടറി രാജീവ് മെഹിറിഷി പറഞ്ഞു. മൂന്നാമത്തെ സംഘത്തിന് യാത്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ തന്നെ തങ്ങുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, തീര്‍ത്ഥാടകരെ തടഞ്ഞത് സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്നാണ് ചൈനീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.