ജുനൈദിന്റെ പെരുന്നാള്‍

Posted on: June 26, 2017 6:00 am | Last updated: June 25, 2017 at 9:50 pm

വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ നിന്ന് പെരുന്നാള്‍ സാധനങ്ങള്‍ വാങ്ങി തീവണ്ടിയില്‍ തിരിച്ചുവരുന്ന വഴിയാണ് ഹരിയാന ബല്ലഭ്ഗഢിലെ ജുനൈദിനെയും സഹോദരങ്ങളായ ഹാഷിമിനെയും ശകീറിനെയും സഹയാത്രികരായ ഹിന്ദുത്വ വര്‍ഗീയവാദികള്‍ അക്രമിച്ചത്. ബീഫ് തീറ്റക്കാരെന്നും രാജ്യദ്രോഹികളെന്നും ആക്രോശിച്ചും അവര്‍ ധരിച്ചിരുന്ന തൊപ്പി വലിച്ചെറിഞ്ഞും താടി പിടിച്ചുവലിച്ച് മുല്ലയെന്ന് പരിഹസിച്ചുമായിരുന്നു ക്രൂരമര്‍ദനം. ജുനൈദ് ദാരുണമായി മരണപ്പെട്ടു. ഒരാഴ്ച മുമ്പാണ് ജുനൈദും സഹോദരന്മാരും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി ഹാഫിള് ബിരുദം കരസ്ഥമാക്കിയത്. ഈ നേട്ടത്തിന് ഉമ്മ സമ്മാനമായി നല്‍കിയ 1500 രൂപയുമായാണ് മൂവരും പെരുന്നാള്‍ സാധനങ്ങള്‍ എടുക്കാന്‍ പോയത്. കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പശ്ചിമബംഗാളില്‍ മുഹമ്മദ് നസിറുള്‍ ഹഖ്, മുഹമ്മദ് സമീറുദ്ദീന്‍, മുഹമ്മദ് നാസിര്‍ എന്നിവരെ തല്ലിക്കൊന്നതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ഈ സംഭവം.

ജുനൈദിനെ കൊന്ന കേസ് പോലീസ് കൈകാര്യം ചെയ്ത രീതിയാണ് അതിനേക്കാളേറെ ആശങ്കാജനകം. ബീഫ് ഭക്ഷിക്കുന്നവരായത് കൊണ്ടാണ് മുസ്‌ലിം ചെറുപ്പക്കാരെ മര്‍ദിച്ചതെന്ന് പ്രതി പത്രക്കാര്‍ക്ക് മുമ്പില്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടും പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയത് തീവണ്ടിയിലെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ്. അല്ലെങ്കിലും പശുവിനെ മാതാവായും ദൈവമായും വാഴിക്കുകയും മനുഷ്യരേക്കാള്‍ സംരക്ഷണവും സുരക്ഷയും നല്‍കുകയും ചെയ്യുന്ന ഒരു ഭരണത്തിന് കീഴില്‍ ബീഫിന്റെ പേരില്‍ നിരപരാധികള്‍ അക്രമിക്കപ്പെടുന്നത് അധികാരികളെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമല്ലല്ലോ. ഹരിയാനയിലെ മേവാതില്‍ ബീഫിനെ ചൊല്ലി ഇരട്ട കൊലപാതകം അരങ്ങേറുകയും സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞത്, ഇതത്ര വലിയ സംഭവമല്ലെന്നും രാജ്യത്തെവിടെയും നടക്കാവുന്ന ചെറിയ പ്രശ്‌നങ്ങളാണെന്നുമായിരുന്നു. രാജ്യത്തെമ്പാടും ബീഫിന്റെ പേരില്‍ അക്രമവും കൊലപാതകങ്ങളും അരങ്ങേറിയിട്ടു പ്രധാനമന്ത്രി ഇതുവരെ വായ തുറന്നിട്ടുമില്ല.

യഥാര്‍ഥത്തില്‍ ഇതൊരു ബീഫ് പ്രശ്‌നമല്ല. ഇന്ത്യയിലെ മുസ്‌ലിം സ്വത്വത്തിന് നേരെയുള്ള വെല്ലുവിളിയാണ്. സാംസ്‌കാരികമായി രാജ്യത്ത് മുസ്‌ലിംകളെ തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഏറെയായി. മുസ്‌ലിം വ്യക്തി നിയമത്തെ സ്ത്രീവിരുദ്ധമായി ചിത്രീകരിച്ചു മുസ്‌ലിംകള്‍ക്ക് ഭരണഘടന അനുവദിച്ച പരിമിതമായ ചില ആനുകൂല്യങ്ങളും എടുത്തു കളയാനുള്ള കരുനീക്കങ്ങള്‍ സജീവമാണല്ലോ. മുഗള്‍ ഭരണകാലത്തെ ചരിത്രം വളച്ചൊടിച്ചു മുസ്‌ലിം ന്യുനപക്ഷത്തെ മുഖ്യശത്രുവായി പ്രഖ്യാപിച്ചു ഒറ്റപ്പെടുത്താനും വംശനാശം വരുത്താനുമുളള ഇന്ത്യന്‍ ഫാഷിസത്തിന്റെ പ്രത്യയശാസ്ത്ര അജന്‍ഡ നിയമപാലകരെയും രാഷ്ട്രീയ നേതൃത്വത്തെയും ജൂഡീഷ്യറിയെ പോലും സ്വാധീനിച്ചുവെന്നാണ് സമകാലിക സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ഓരോ ദിനം പിന്നിടുംതോറും മുസ്‌ലിംകളുടെ നില കൂടുതല്‍ പരുങ്ങലിലാകുകയാണ്. ഏത് സമയത്തും എവിടെയും ഹിന്ദുത്വ ഫാസിസം അവരെ കടന്നാക്രമിച്ചെന്നിരിക്കാം. ഏറെക്കുറെ സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന കേരളം പോലുള്ളിടങ്ങളില്‍ പോലും അണിയറയില്‍ പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കയാണ് ഹിന്ദുത്വ സംഘങ്ങള്‍. ഫൈസല്‍, റിയാസ് മുസ്‌ലിയാര്‍ വധങ്ങള്‍ അവിചാരിതമായ സംഭവങ്ങളല്ല. മുസ്‌ലിംകള്‍ക്കെതിരായ ഒരാഭ്യന്തര യുദ്ധം പോലും അവരുടെ പരിഗണനയിലുണ്ടെന്നാണ് സംഘ്പരിവാര്‍ സഹയാത്രികനായ ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയിയുടെ കഴിഞ്ഞ ദിവസത്തെ ട്വിറ്റ് സന്ദേശം നല്‍കുന്ന സൂചന. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള പ്രശ്‌നം ആഭ്യന്തര യുദ്ധത്തിലൂടെയല്ലാതെ പരിഹരിക്കാനാകില്ലെന്ന ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം സമകാലീന ഇന്ത്യയുടെ പ്രശ്‌നങ്ങളെ വിലയിരുത്തുന്നത്. അതിന്റെ ഒരു സാമ്പിളായിരുന്നു ഗുജറാത്തില്‍ അരങ്ങേറിയത്. ആയിരക്കണക്കിന് വരുന്ന ഹിന്ദുത്വ ആക്രമികള്‍ സംഘടിതരായി മുസ്‌ലിംകളെ കൊന്നൊടുക്കുകയും മുസ്‌ലിം വീടുകളും വ്യവസായ സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ചു തകര്‍ത്തു സാമ്പത്തികമായി അവരെ പാപ്പരാക്കുകയുമായിരുന്നല്ലോ ഗുജറാത്തില്‍. കോണ്‍ഗ്രസ് എം പിയായിരുന്ന ഇഹ്‌സാന്‍ ജാഫ്‌റിയെ പോലും അവര്‍ വെറുതെ വിട്ടില്ല.

മക്കള്‍ ഹാഫിളായതിന്റെ ഇരട്ട ആഹ്ലാദത്തില്‍ ചെറിയ പെരുന്നാളിനൊരുങ്ങവേ ജൂനൈദിന്റെ കുടുംബത്തിന് നേരിട്ട ദുരന്തം നല്ലവരായ മനുഷ്യരെ പൊതുവിലും മുസ്‌ലിംകളെ പ്രത്യേകിച്ചും ചകിതരാക്കിയിരിക്കുന്നു. എങ്ങനെയാകും രാജ്യം ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുക എന്നതാണ് ഓരോ ഇന്ത്യക്കാരന്റെയും ഉള്ളുലക്കുന്ന ചോദ്യം.