Connect with us

Articles

മാട്ടിറച്ചി തിന്നവന്‍ !

Published

|

Last Updated

1975 ജൂണ്‍ 25 അസ്തമിച്ചപ്പോഴുണ്ടായിരുന്ന രാജ്യമായിരുന്നില്ല 1975 ജൂണ്‍ 26 പുലര്‍ന്നപ്പോഴുണ്ടായിരുന്നത്. ആഭ്യന്തര സുരക്ഷ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൗരാവകാശങ്ങള്‍ റദ്ദാക്കിയപ്പോള്‍ 1975 ജൂണ്‍ 25 വരെ ജീവിച്ച രീതികള്‍ മാറിമറിഞ്ഞു. 42 വര്‍ഷത്തിനിപ്പുറം ഓരോ ദിവസവും രാജ്യം മാറുകയാണ്. അടിയന്തരാവസ്ഥയില്‍ ഭരണകൂടത്തെ ചോദ്യംചെയ്യാനുള്ള സ്വാതന്ത്ര്യം നിയമം മൂലം പരിമിതപ്പെടുത്തിയപ്പോള്‍ ഇന്ന് നിയമങ്ങളുടെയൊന്നും ഇടനിലയില്ലാതെ തന്നെ സ്വാതന്ത്ര്യങ്ങള്‍ പരിമിതപ്പെടുത്തുകയാണ്. ഭരണകൂടത്തെ ഭയക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കി, സ്വാതന്ത്ര്യം സ്വയം പരിമിതപ്പെടുത്തുകയും ചെയ്യുന്നു ജനം.

കഴിഞ്ഞ വര്‍ഷം ഈദുല്‍ ഫിത്വര്‍ ആഘോഷിച്ച സാഹചര്യമല്ല ഈ വര്‍ഷം. കഴിഞ്ഞ വര്‍ഷം ഓണം ആഘോഷിച്ച സാഹചര്യമാകില്ല ഇക്കുറി. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് ആഘോഷിച്ച സാഹചര്യമാകില്ല ഈ വര്‍ഷം. അതിന്റെ ദൃഷ്ടാന്തങ്ങള്‍ പലത് 2014 മേയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുണ്ടായി. ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നത് ഭരണകൂടം അടിച്ചേല്‍പ്പിക്കുകയും ഈ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിയമത്തിന് പുറത്തുള്ള സംഘങ്ങള്‍ രംഗത്തെത്തുകയും ചെയ്യുന്ന അവസ്ഥ. അതിന്റെ തുടര്‍ച്ചയാണ് ഡല്‍ഹിയില്‍ നിന്ന് മഥുരയിലേക്ക് പോയ ട്രെയിനില്‍ കണ്ടത്. പശ്ചിമ ബംഗാളില്‍ കാലിക്കടത്ത് ആരോപിച്ച് മൂന്ന് പേരെ തല്ലിക്കൊന്നപ്പോള്‍ കണ്ടത്. ശിക്ഷ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടെന്ന് അക്രമി സംഘങ്ങള്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കും വിധത്തില്‍ ഭരണകൂടം മൗനം പാലിക്കുകയും നിയമവാഴ്ച ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സികളെ മുഴുവന്‍ നിഷ്‌ക്രിയരാക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ വംശഹത്യാ ശ്രമമുണ്ടായപ്പോള്‍ ഭരണകൂടം ഏത് വിധത്തിലാണോ പ്രവര്‍ത്തിച്ചത് അതിന്റെ മറ്റൊരു മാതൃക നടപ്പാക്കപ്പെടുകയാണ്. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭീതിയില്‍ ജനങ്ങള്‍ മൗനം പാലിക്കുകയും സ്വാതന്ത്ര്യങ്ങള്‍ സ്വയം പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന ബോധ്യം തീവ്ര ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്കുണ്ട്. ആ ബോധ്യം ശരിയാണെന്ന് തെളിയിക്കപ്പെടുന്ന കാഴ്ചയാണ് എല്ലായിടത്തും.

മാട്ടിറച്ചി കഴിക്കരുത്, മാടുകളെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകരുത്, അറവിനായി മാടുകളെ വില്‍ക്കരുത്, പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ പൊതു സ്ഥലങ്ങളില്‍ അലഞ്ഞുതിരിയരുത് (പ്രത്യേകിച്ച് പാര്‍ക്കുകളിലും ഷോപ്പിംഗ് മാളുകളിലും), അങ്ങനെ സഞ്ചരിക്കുന്നവര്‍ എതിര്‍ ലിംഗത്തിലുള്ള ആളെ കൂടെക്കൂട്ടരുത് (അത് ബന്ധുവാണെങ്കില്‍പോലും) എന്നിങ്ങനെ വിലക്കുകളുടെ പട്ടിക നീളുന്നു. സിനിമാ ഹാളില്‍ ദേശീയ ഗാനം ആലപിക്കുകയും കാണികള്‍ എഴുന്നേറ്റുനിന്ന് ആദരിക്കുകയും വേണം, യോഗ പരിശീലിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം (വൃത്തി നിശ്ചയിക്കുന്നത് സദാചാരം സംരക്ഷിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്തവരായിരിക്കും) എന്നിങ്ങനെ പാലിക്കേണ്ട സംഗതികളുടെ പട്ടികയും നീളുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യമെന്ന വാഴ്ത്തുപാട്ട് ഇപ്പോഴും ഉയരുന്ന രാജ്യത്താണ് ഇതൊക്കെ. ഭക്ഷണം, സഞ്ചാരം, വസ്ത്രധാരണം ഇവയൊക്കെ നിയമം നടപ്പാക്കാനും ശിക്ഷ വിധിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നവര്‍ നിശ്ചയിക്കുന്ന അവസ്ഥയില്‍ ജനാധിപത്യം നിലനില്‍ക്കുകയാണ്!
പെരുന്നാളിന് പുതുവസ്ത്രങ്ങളും മറ്റും വാങ്ങാനാണ് ഹരിയാനയിലെ ബല്ലഭ്ഗഢ് സ്വദേശിയായ ജുനൈദ് ഖാന്‍, മൂത്ത സഹോദരങ്ങളായ ഷാക്കിര്‍, ഹാഷിം എന്നിവര്‍ക്കൊപ്പം ഡല്‍ഹിയിലെത്തിയത്. മഥുരയിലേക്കുള്ള ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങും വഴിയാണ് അക്രമികളുടെ കത്തിക്ക് ഇരയായത്. പരുക്കേറ്റ ഷാക്കിര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുമ്പോള്‍ എല്ലാവര്‍ക്കും ഇരിക്കാന്‍ ഇടമുണ്ടായിരുന്നു. പിന്നീട് തിരക്കേറി. പ്രായാധിക്യമുള്ള ഒരാള്‍ക്കായി ജുനൈദ് സീറ്റൊഴിഞ്ഞു നല്‍കി. ഇതിന് പിറകെയാണ് അക്രമി സംഘത്തിന്റെ ഇടപെടലുണ്ടായത്. ജുനൈദിന്റെ സഹോദരന്‍മാരും സീറ്റൊഴിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ പൊതു ഗതാഗത സംവിധാനത്തില്‍ മുസ്‌ലിംകളായവര്‍ക്ക് ഇരിക്കാനുള്ള അവകാശമില്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു അക്രമികള്‍. രാജ്യത്തെ പൗരന്‍മാര്‍ക്ക് പൊതുവില്‍ ലഭിക്കുന്ന സൗകര്യങ്ങളൊന്നും ആസ്വദിക്കാന്‍ അവകാശമില്ലാത്തവരാണ് മുസ്‌ലിംകളെന്ന് അക്രമിസംഘം തീരുമാനിക്കുന്നത് യാദൃച്ഛികമല്ല. ഭരണകൂടത്തിന്റെ, അവരെ നിയന്ത്രിക്കുന്ന സംഘ്പരിവാരത്തിന്റെ ഇംഗിതം അതാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ തീരുമാനമുണ്ടാകുന്നത്.
സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മാട്ടിറച്ചി കഴിക്കുന്നവരെന്നും പശുവിനെ കൊന്ന് തിന്നുന്നവരെന്നുമൊക്കെ ജുനൈദും സഹോദരരും ആക്ഷേപിക്കപ്പെട്ടു. അതിന് ശേഷമാണ് കത്തികൊണ്ട് കുത്തുന്നതും എല്ലാവരെയും ട്രെയിനില്‍ നിന്ന് പുറം തള്ളുന്നതും. ഇതിനൊക്കെ സാക്ഷികളായി ട്രെയിന്‍ നിറഞ്ഞ ജനക്കൂട്ടം. അക്രമി സംഘത്തെ തടയാന്‍ ആരും ശ്രമിച്ചില്ല. ജുനൈദിനും സഹോദരങ്ങള്‍ക്കും വേണ്ടി സംസാരിക്കാന്‍ ആരും തയ്യാറായുമില്ല. ബല്ലഭ്ഗഢില്‍ ട്രെയിനെത്തിയപ്പോള്‍ സഹായം അഭ്യര്‍ഥിച്ച് സ്റ്റേഷനിലാകെ പാഞ്ഞുനടന്നു ഹാഷിം. ആരും സഹായിക്കാനെത്തിയില്ല. ഹാഷിമിനെ ട്രെയിനിലേക്ക് അക്രമി സംഘം വലിച്ചിട്ടപ്പോഴും എതിര്‍ക്കാന്‍ ആരുമുണ്ടായില്ല. പല്‍വല്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ജുനൈദിനെയും ഷാക്കിറിനെയും ഹാഷിമിനെയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെയും അക്രമി സംഘം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. ജുനൈദിന്റെ ശരീരം പ്ലാറ്റ് ഫോമിലേക്ക് വലിച്ചിട്ട് ഹാഷിം സഹായം തേടി. പ്ലാറ്റ് ഫോമില്‍ തിങ്ങിനിന്ന ജനക്കൂട്ടത്തിലൊരാള്‍ പോലും സഹായിക്കാനുണ്ടായില്ല. ആരോ വിളിച്ച ആംബുലന്‍സില്‍ ഇവരെ പ്രദേശത്തെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സമയം ഏറെക്കഴിഞ്ഞിരുന്നു. ജുനൈദിന്റെ ശരീരത്തിലെ മിടിപ്പ് അറ്റുപോകുകയും ചെയ്തു.

ട്രെയിനില്‍, ബല്ലഭ്ഗഢില്‍, പല്‍വലിലൊക്കെ കാഴ്ചക്കാരായി ജനം. അത് കേവല നിസ്സംഗതയല്ല. നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ ഇന്ത്യന്‍ യൂണിയനില്‍ ജീവിക്കാന്‍ യോഗ്യരല്ലാത്തവര്‍ ആക്രമിക്കപ്പെടുന്നതില്‍ ന്യായമുണ്ടെന്ന ബോധ്യമാണ്, ആക്രമിക്കപ്പെടുന്നവര്‍ക്കൊപ്പം നിന്നാല്‍ രാജ്യത്തിന്റെ ശത്രുപക്ഷത്ത് ചേര്‍ക്കപ്പെടുമോ എന്ന ഭയമാണ്. മാട്ടിറച്ചിയുടെ പേരില്‍ ഇരുപതോളം പേര്‍ രാജ്യത്ത് കൊലചെയ്യപ്പെട്ടിട്ടും നിരവധി പേര്‍ ആക്രമിക്കപ്പെട്ടിട്ടും ശക്തമായ പ്രതിഷേധം ഇല്ലാതിരിക്കുന്നത് അതുകൊണ്ടാണ്. ഇത്തരം കേസുകളില്‍ അന്വേഷണം അട്ടിമറിക്കപ്പെടുമ്പോള്‍ ചോദ്യംചെയ്യാന്‍ ആരും തയ്യാറാകാത്തത് അതുകൊണ്ടാണ്. ജുനൈദിനെ കൊല്ലുകയും സഹോദരങ്ങളെ മൃതപ്രായരാക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഹരിയാന പോലീസ്, വര്‍ഗീയതയില്‍ അധിഷ്ഠിതമായ ആക്രമണത്തിന് കേസെടുക്കാതിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് കര്‍മമെന്നും അതിനേ സ്വാതന്ത്ര്യമുള്ളൂവെന്നും പോലീസ് മനസ്സിലാക്കിയിരിക്കുന്നു. അല്ലെങ്കില്‍ പോലീസ് സേനയില്‍ കാലാകാലമായി നിലനില്‍ക്കുന്ന വര്‍ഗീയത, മറയില്ലാതെ പ്രകടിപ്പിക്കാനുള്ള സാഹചര്യമായെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
ഹരിയാനയില്‍ പതിനഞ്ചുകാരന്റെ ജീവനെടുത്ത വര്‍ഗീയ അതിക്രമത്തിന് പിറകെയാണ് പശ്ചിമ ബംഗാളില്‍ കാലികളെ മോഷ്ടിക്കാനെത്തിയെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല്ലിക്കൊല്ലുന്നത്. യുവാക്കളെത്തിയത് കാലി മോഷണത്തിനായിരുന്നോ എന്നതില്‍ തിട്ടമില്ല. പക്ഷേ, പ്രദേശവാസികള്‍ സംശയിക്കുന്നത് അങ്ങനെയാണ്. ആ സംശയം മതിയായിരുന്നു ശിക്ഷ തീരുമാനിക്കാനും നടപ്പാക്കാനും. കാലികളെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് പോലും നിഷിദ്ധമായ രാജ്യത്ത് അവയെ മോഷ്ടിക്കാനെത്തുക എന്നത് കൊടിയ കുറ്റമായി ജനം അംഗീകരിച്ച് കഴിഞ്ഞിരിക്കുന്നു. അത്തരക്കാരെ ശിക്ഷിക്കാനുള്ള അധികാരം ഇതിനകം ജനങ്ങള്‍ക്ക് കൈമാറ്റം ചെയ്തുകിട്ടിയിട്ടുണ്ടെന്ന് അരങ്ങേറിയ അതിക്രമങ്ങളില്‍ നിന്ന് പഠിക്കുകയും ചെയ്തിരിക്കുന്നു. അതിനെ തിരുത്താന്‍ ഭരണകൂടം ഉദ്ദേശിക്കുന്നില്ല. ഗോ വധത്തിന് വലിയ ശിക്ഷ വേണമെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നുമൊക്കെ ന്യായാസനങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കുകയും അത്തരം അഭിപ്രായ പ്രകടനങ്ങളിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടാന്‍ ഉയര്‍ന്ന ന്യായാസനങ്ങള്‍ തയ്യാറാകാതിരിക്കുകയും ചെയ്യുമ്പോള്‍ അത് അക്രമോത്സുക വര്‍ഗീയതക്ക് പ്രോത്സാഹനവുമാകുന്നു.

പൗരാവകാശങ്ങള്‍ റദ്ദാക്കുകയും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തുകയുമാണ് അടിയന്തരാവസ്ഥയില്‍ കണ്ടത്. നിര്‍ബന്ധിത വന്ധ്യംകരണത്തിലൂടെ ജനസംഖ്യ നിയന്ത്രിക്കാനും ചേരികള്‍ ഇടിച്ചുനിരത്തി രാജ്യത്തെ സുന്ദരമാക്കാനും ശ്രമമുണ്ടായി. ആയിരക്കണക്കിനാളുകള്‍ ഭരണകൂടത്തിന്റെ ക്രൂരതയുടെ ഇരകളായി. പ്രതിപക്ഷത്തെയാകെ ഏറെക്കുറെ നിശ്ശബ്ദരാക്കി 21 മാസം നീണ്ട അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടപ്പോള്‍ അനുഭവിച്ച ക്രൂരതക്ക് മറുപടി നല്‍കാന്‍ ജനം തയ്യാറായി. ഇന്ദിരാഗാന്ധിയെയും കൂട്ടരെയും അവര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ സ്വാതന്ത്ര്യത്തിന്റെ ചെറുശ്വാസങ്ങളുപയോഗിച്ച് ചെറുക്കാന്‍ തയ്യാറായ പ്രതിപക്ഷനിരയെ വിശ്വസിക്കാന്‍ അന്ന് ജനം തയ്യാറായിരുന്നു. അത്തരമൊരു പ്രതിപക്ഷ നിരയെ കാണാനില്ലെന്നത് പുതിയ കാലത്ത് ഭരണകൂടത്തിനും അതിനെ നിയന്ത്രിക്കുന്ന സംഘ്പരിവാരത്തിനും സഹായകമാണ്.
സ്വാതന്ത്ര്യം നിഷേധിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തേക്കാള്‍ വലിയ വെല്ലുവിളി സ്വാതന്ത്ര്യം സ്വയം പരിമിതപ്പെടുത്താന്‍ തയ്യാറാകുന്ന ജനതയാണ്. ജനതയെ ഈ അവസ്ഥയിലേക്ക് അതിവേഗം എത്തിക്കാന്‍ പാകത്തില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. അതിനു വേണ്ടി ബഹുമുഖങ്ങളിലൂടെ വിഷം വമിപ്പിക്കുന്നു സംഘ വര്‍ഗീയത. എവിടെ പ്രതിരോധം തീര്‍ക്കണമെന്ന് തിരിച്ചറിയാതെ, പ്രതിഷേധത്തിന്റെ നാമ്പുകളെ വളര്‍ത്തിയെടുക്കേണ്ടത് എങ്ങനെ എന്നറിയാതെ അന്ധാളിച്ചു നില്‍ക്കുന്നു പ്രതിപക്ഷം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest