അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടില്‍ ജനത്തിരക്കേറുന്നു

Posted on: June 25, 2017 8:26 pm | Last updated: June 25, 2017 at 8:26 pm
ഷാര്‍ജ അല്‍ മജാസ് വൈദ്യുത ദീപങ്ങളാല്‍ അലംകൃതമായപ്പോള്‍

ഷാര്‍ജ: ഷാര്‍ജയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടില്‍ ജനത്തിരക്കേറുന്നു. അല്‍ മജാസില്‍നിന്ന് രാത്രിക്കാഴ്ചകള്‍ ആസ്വദിക്കാനായി നൂറുകണക്കിന് കുടുംബങ്ങളാണ് എത്തുന്നത്.
ഷാര്‍ജയിലെ പ്രധാന സന്ദര്‍ശക കേന്ദ്രമായും അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് മാറിക്കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ഇവിടെ ശീതകാല ഉത്സവം നടന്നിരുന്നു. റംസാനില്‍ ആത്മീയത നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷവും അല്‍ മജാസ് പ്രദാനം ചെയ്യുന്നു. അറേബ്യന്‍ പൈതൃകം ഓര്‍മിപ്പിക്കുന്ന പരമ്പരാഗത ഭക്ഷണശാലകളുണ്ട് ഇവിടെ.

കൂടാതെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് വ്യത്യസ്തവും രുചികരവുമായ ഭക്ഷണങ്ങളും ലഭിക്കുന്നു. തറാവീഹ് നമസ്‌കാരത്തിനുശേഷം അറേബ്യന്‍ ആതിഥ്യം ഓര്‍മിപ്പിക്കുന്ന ഈത്തപ്പഴം, വെള്ളം, കഹ്‌വ എന്നിവയും അല്‍ മജാസില്‍ ലഭ്യമായിരുന്നു. ലോകോത്തര നിലവാരമുള്ള റെസ്റ്റൊറന്റുകളും കഫേകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇഫ്താര്‍, സുഹുര്‍ വിഭവങ്ങളുമായി ഇവ വിശ്വാസികളെ സത്കരിച്ചു. സംഗീതമൊഴുകുന്ന വെള്ളച്ചാട്ടം കാണാനാണ് അല്‍ മജാസില്‍ കൂടുതല്‍പേരും എത്തുന്നത്. ഷാര്‍ജ പോലീസുമായി സഹകരിച്ച് ഷാര്‍ജ ടി.വി. സംഘടിപ്പിക്കുന്ന ‘ഷാര്‍ജ കാനോണ്‍’ അല്‍ മജാസിലെ പ്രത്യേകതയാണ്. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് ഈ ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നത്.