Connect with us

Editorial

തൃശൂരിലെ കള്ളനോട്ടടി

Published

|

Last Updated

കള്ളപ്പണം വെളിച്ചത്തു കൊണ്ടു വരുന്നതോടൊപ്പം കള്ളനോട്ട് നിര്‍മാണം തടയുക കൂടിയാണ് 500ന്റെയും 1000ന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്ന കാരണം. പുതുതായി ഇറക്കുന്ന നോട്ടുകളിലെ സുരക്ഷാ സവിശേഷതകള്‍ ആര്‍ക്കും പകര്‍ത്താന്‍ പറ്റില്ലെന്നും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗും റിസര്‍ച്ച് ബ്യൂറോയും അവയുടെ സവിശേഷതകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. തികച്ചും പൊള്ളയാണ് ഈ അവകാശവാദങ്ങളെന്ന് മോദിയുടെ സ്വന്തം അനുയായി തെളിയിച്ചിരിക്കുകയാണിപ്പോള്‍. ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളും അവ അച്ചടിക്കുന്നതിനുള്ള മെഷീനുമാണ് തൃശൂര്‍ കൈപമംഗലത്തെ ബി ജെ പി യുവ നേതാവ് ശ്രീനാരായണപുരം ഏരാശ്ശേരി രാജേഷിന്റെ വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. തൃശൂര്‍ ജില്ലയിലെ പ്രമുഖ പാര്‍ട്ടി നേതാവായ രാഗേഷ് കള്ളപ്പണത്തിനെതിരെയുള്ള ബി ജെ പി യുടെ പ്രചാരണ പരിപാടികളില്‍ മുന്‍പന്തിയിലുണ്ടാകാറുണ്ടെന്നതാണ് വിരോധാഭാസം. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിച്ച കള്ളപ്പണവിരുദ്ധ പ്രചാരണജാഥയുടെ പോസ്റ്ററുകളില്‍ രാഗേഷിന്റെ ഫോട്ടോയും സ്ഥലം പിടിച്ചിരുന്നു.
ഒരു സാദാ ക്രിമിനല്ല രാഗേഷ്. പുതിയ നോട്ടുകളടിക്കാനുള്ള വിപുലമായ സംവിധാനമാണ് അയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് ക്ഷതമേല്‍പിക്കാന്‍ പാക് തീവ്രവാദികളാണ് കള്ളനോട്ട് അടിച്ചിറക്കി രാജ്യത്ത് വിതരണം ചെയ്യുന്നതെന്നായിരുന്നു മോദിയുടെയും ബി ജെ പിയുടെയും ആരോപണം. രാഗേഷിനെ പോലെ, മികച്ച കള്ളനോട്ടുകള്‍ അടിച്ചിറക്കാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍ വിദഗ്ധര്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെയുണ്ടാകുമ്പോള്‍ എന്തിന് പാക് തീവ്രവാദികള്‍ ഇതിന് ഒരുമ്പെടണം? തങ്ങളാണ് ദേശസ്‌നേഹത്തിന്റെ വക്താക്കളെന്നും മറ്റുള്ളവര്‍ക്കൊന്നും ശരിയായ രാജ്യസ്‌നേഹമില്ലെന്നുമുള്ള ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും അവകാശവാദവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ഒരു ദേശസ്‌നേഹിക്കെങ്ങനെയാണ് രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന കള്ളനോട്ടടിയില്‍ ഏര്‍പ്പെടാനാവുക? നോട്ട് നിരോധിച്ച ശേഷം പിടിയിലായ കള്ളപ്പണക്കാരില്‍ കൂടുതലും ബി ജെ പി നേതാക്കളോ പ്രവര്‍ത്തകരോ ആയിരുന്നുവെന്നതും ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. അരുണാചല്‍ പ്രദേശ് ബി ജെ പി അധ്യക്ഷന്‍ തപിര്‍ ഗവോ, മധ്യപ്രദേശിലെ പ്രമുഖ ബി ജെ പി നേതാവ് സുശീല്‍ വാശ്വാനി, യുവമോര്‍ച്ചാ നേതാവ് കൊടുങ്ങല്ലൂര്‍ ഷനില്‍ തുടങ്ങി നിരവധി പേരാണ് കള്ളനോട്ട് കേസില്‍ നിയമനടപടികള്‍ക്ക് വിധേയമായത്.
രാഗേഷിനെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയത് കൊണ്ട് ബി ജെ പി നേതൃത്വത്തിന് മുഖം രക്ഷിക്കാനാകില്ല. കടുത്ത രാജ്യദ്രോഹമാണ് കള്ളനോട്ടടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയാണ് യഥാര്‍ഥത്തില്‍ യു എ പി എ പോലെയുള്ള വകുപ്പുകള്‍ ചുമത്തേണ്ടത്. രാഗേഷിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുമോ? മറ്റൊരു പാര്‍ട്ടിക്കാരനായിരുന്നു രാഗേഷിന്റെ സ്ഥാനത്തെങ്കില്‍ തീവ്രവാദ ബന്ധമുള്‍പ്പെടെ എന്തൊക്കെ ആരോപണങ്ങളായിരിക്കും ബി ജെ പി നേതൃത്വം ഉന്നയിക്കുമായിരുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന രാഗേഷിന്റെ കള്ളനോട്ടടി പല പാര്‍ട്ടി നേതാക്കള്‍ക്കും നേരത്തെ അറിയാമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പല നേതാക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനത്തിന് പണം നല്‍കിയിരുന്നത് രാഗേഷാണെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല ആവശ്യപ്പെട്ടത് പോലെ കള്ളനോട്ടടി കേസ് അന്വേഷണം ഉന്നതങ്ങളിലേക്ക് വ്യാപിക്കേണ്ടതുണ്ട്.

പുതിയ 2000 രൂപയുടെ കള്ളനോട്ട് നിര്‍മാണം തൃശൂരില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോട്ടിലെ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ചു സര്‍ക്കാര്‍ വലിയ അവകാശവാദങ്ങളുന്നയിച്ചെങ്കിലും അത് എളുപ്പത്തില്‍ അനുകരിക്കാവുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വ്യാജന്മാരെ പ്രതിരോധിക്കണമെങ്കില്‍ നോട്ടിലെ സുരക്ഷാ സവിശേഷതകളില്‍ സമൂലമായ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിന് വര്‍ഷങ്ങളുടെ പ്രയത്‌നം ആവശ്യമാണെന്ന് റിസര്‍വ് ബേങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. 2000 രൂപയുടെ പുതിയ നോട്ടുകള്‍ നിര്‍മിക്കാനുള്ള തീരുമാനം വരുന്നത് നോട്ട് നിരോധത്തിന്റെ ആറ് മാസം മുമ്പ് മാത്രമായതിനാല്‍ സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കാനായിട്ടില്ല. ഇത് കള്ളനോട്ടടിക്കാരുടെ പ്രയത്‌നം ഏറെ ലഘൂകരിച്ചിട്ടുണ്ട്. പുതിയ നോട്ടുകളിലെ 17 സുരക്ഷാ സംവിധാനങ്ങളില്‍ വാട്ടര്‍ മാര്‍ക്ക്, അശോകചക്രം, 2000 രൂപ എന്നെഴുതിയ ഭാഗം, ഗവര്‍ണറുടെ ഒപ്പ്, നോട്ടിന്റെ ഗ്യാരന്റി, ദേവനാഗിരി ലിപിയിലെ അക്കം, ചന്ദ്രയാന്‍ ഉപഗ്രഹ ചിത്രം, സ്വച്ഛ്ഭാരത് ചിഹ്നം, സുതാര്യമായ ഭാഗം, തുടങ്ങിയവയെല്ലാം ഒറിജിനലിനെ വെല്ലും വിധമാണ് വ്യാജന്മാര്‍ അനുകരിക്കുന്നത്.

ഇനി നോട്ടുകളിലെ സുരക്ഷാ സംവിധാനം അനുകരിക്കാനാവാത്ത വിധം അന്താരാഷ്ട്ര നിലവാരത്തില്‍ പരിഷ്‌കരിക്കാനും നാല് വര്‍ഷം കൂടുമ്പോഴെങ്കിലും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റംവരുത്താനുമാണ് രണ്ട് മാസം മുമ്പ് ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. പുതിയ നോട്ടുകളിറക്കാന്‍ രാജ്യത്തിന്റെ പൊതുസമ്പത്ത് വന്‍തോതില്‍ ചെലവഴിച്ചത് വ്യര്‍ഥമായെന്ന് സര്‍ക്കാര്‍ അംഗീകരിച്ചുവെന്നാണ് ഈ തീരുമാനത്തിന്റെ പൊരുള്‍. വെറുതെയാണോ നോട്ട് നിരോധത്തെ തുഗ്ലക്ക് പരിഷ്‌കാരമെന്ന് എം ടിയെ പോലെയുള്ളവര്‍ വിശേഷിപ്പിച്ചത്?