മക്കയില്‍ ചാവേറാക്രണ ശ്രമം സുരക്ഷാ സേന തകര്‍ത്തു

> ഭീകരന്‍ സ്വയം പൊട്ടിത്തെറിച്ചു; >സ്ത്രീ ഉള്‍പ്പെട അഞ്ച് ഭീകരര്‍ പിടിയില്‍ >11 പേര്‍ക്ക് പരുക്ക്  
Posted on: June 24, 2017 9:07 am | Last updated: June 24, 2017 at 2:55 pm
ആക്രമണത്തില്‍ തകര്‍ന്ന കാര്‍

ജിദ്ദ: സഊദി അറേബ്യയിലെ മക്കയിലുണ്ടായ ഭീകരാക്രമണശ്രമം സുരക്ഷാ സേന തകര്‍ത്തു. ഹറം പള്ളിയെ ലക്ഷ്യമിട്ടാണ് ഭീകരര്‍ എത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭീകരാക്രമണത്തിന് ശ്രമിച്ച ഭീകരരില്‍ ഒരാള്‍ സ്വയം പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ആറ് വിദേശ തീര്‍ഥാടകര്‍ക്കും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
മക്കയിലും ജിദ്ദയിലും സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ നിരവധി ഭീകരവാദികളെ പിടികൂടിയിരുന്നു. സുരക്ഷാ സേന തേടിക്കൊണ്ടിരിക്കുന്ന ഭീകരരെയാണ് പരിശോധനകളില്‍ പിടികൂടിയത്. സ്ത്രീഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്. മക്കയിലെ അല്‍ അസ്സില മേഖലയില്‍ പിടിയിലായ ഭീകരരനില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഭീകരാക്രമണ ശ്രമം തകര്‍ക്കാന്‍ സഹായമായത്.

തുടര്‍ന്ന് മക്കയിലെ അജ്യാദ് അള്‍ മസാഫിയില്‍ ഭീകരന്‍ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന വളഞ്ഞു. കീഴടങ്ങാന്‍ സുരക്ഷാ സേന ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും പ്രത്യാക്രമണം നടത്തി. രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.