സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ 30 നഗരങ്ങളെ പിന്തള്ളി തിരുവനന്തപുരം ഒന്നാമത്

Posted on: June 23, 2017 9:56 pm | Last updated: June 24, 2017 at 9:34 am

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ തിരുവനന്തപുരം ഒന്നാമത്. തിരുവനന്തപുരത്തെ കൂടാതെ ബെംഗളൂരു, തിരുപ്പൂര്‍, തിരുനല്‍വേലി, തൂത്തുക്കുടി, തിരുച്ചിറപ്പിള്ളി, പുതുച്ചേരി, അമരാവതി (ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം), നയാ റായ്പുര്‍ (ചത്തീസ്ഗഢിന്റെ പുതിയ തലസ്ഥാനം) എന്നീ നഗരങ്ങളും അമൃത് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലുണ്ട്. 30 നഗരങ്ങളെ പിന്തള്ളിയാണ് തിരുവനന്തപുരം ഒന്നാമതായത്. ഛത്തീസ്ഗഡിലെ നയാ റായ്പുര്‍ രണ്ടാം സ്ഥാനത്ത് എത്തി. സ്മാര്‍ട് സിറ്റി മിഷന്റെ ഭാഗമായി ആകെ 90 നഗരങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിക്കുന്നത്. സ്മാര്‍ട്‌സിറ്റി പദവി ലഭിച്ചതോടെ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി കേന്ദ്രം നല്‍കുന്ന 500 കോടിയുള്‍പ്പെടെ 1000 കോടിയുടെ നിക്ഷേപം തിരുവനന്തപുരത്തിനു ലഭിക്കും.
തിരുവനന്തപുരത്തിനൊപ്പം രണ്ടാംഘട്ടത്തില്‍ സ്മാര്‍ട്‌സിറ്റി പദവിക്കുവേണ്ടി 45 നഗരങ്ങളാണ് മത്സരിച്ചത്.

കേന്ദ്ര നഗരവികസനമന്ത്രി എം വെങ്കയ്യ നായിഡുവാണ് തീരുമാനം പ്രഖ്യാപിച്ചത്. 40 നഗരങ്ങളുടെ പേരുകള്‍ കൂടി ഉടനുണ്ടാകും. സ്മാര്‍ട്ട്‌സിറ്റിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പില്‍ മിനിമം യോഗ്യതാമാര്‍ക്ക് പോലും നേടാത്ത നഗരങ്ങളും ഉണ്ടായിരുന്നു. 45 നഗരങ്ങളില്‍ 40 എണ്ണമാണ് മത്സരിച്ചത്. ഇക്കാര്യത്തില്‍ ജനങ്ങളുടെ അഭിലാഷവുമായി പൊരുത്തപ്പെടുന്ന 30 എണ്ണം പ്രാഥമിക ഘട്ടത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങള്‍ക്ക് 57,393 കോടി രൂപ വീതം കിട്ടും. ഇങ്ങിനെ മൊത്തം 90 നഗരങ്ങള്‍ പട്ടികയില്‍ വരുമ്പോള്‍ 1,91,155 കോടി രൂപ ആവശ്യമായി വരും. . നഗരത്തിലെ ദരിദ്രര്‍ക്ക് വീടു വെച്ചു കൊടുക്കും. 26 നഗരങ്ങളില്‍ സ്‌കൂളും ആശുപത്രികളും കിട്ടും. 29 നഗരങ്ങളില്‍ റോഡുകളുടെ നവീകരണവും പുന:ക്രമീകരണങ്ങളും ഉണ്ടാകും.