ചേളാരി സംഘടനയുടെ ആംബുലന്‍സ് തട്ടിപ്പ്: പോലീസ് കേസെടുത്തു

Posted on: June 23, 2017 1:30 pm | Last updated: June 23, 2017 at 11:55 am

തിരുവനന്തപുരം: സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ എസ് കെ എസ് എസ് എഫ് നടത്തിയ ആംബുലന്‍സ് തട്ടിപ്പില്‍ പോലീസ് കേസെടുത്തു. കഴക്കൂട്ടം, മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നേടാതെ വ്യാജ നമ്പറില്‍ സര്‍വീസ് നടത്തിയും ഒരേ നമ്പറില്‍ ഒന്നിലധികം ആംബുലന്‍സുകള്‍ നിരത്തിലിറക്കിയുമാണ് എസ് കെ എസ് എസ് എഫ് തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങിനെ സര്‍വീസ് നടത്തിയ മൂന്ന് ആംബുലന്‍സുകള്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവയെല്ലാം പോലീസിന് കൈമാറി. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് തുടര്‍നടപടികളെടുക്കുമെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ സമാന തട്ടിപ്പ് നടന്നതായി മോട്ടോര്‍ വാഹന വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരിശോധന തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, കേസ് ഒതുക്കി തീര്‍ക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

മോട്ടോര്‍ വാഹന വകുപ്പിന്റെ തിരുവനന്തപുരം, കഴക്കൂട്ടം ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ കോളജ് വളപ്പില്‍ നിന്ന് രണ്ട് ആംബുലന്‍സുകളും ഒരെണ്ണം പോത്തന്‍കോട് വെട്ടുറോഡിനടുത്തുള്ള വര്‍ക്‌ഷോപ്പില്‍ നിന്നുമാണ് പിടിച്ചെടുത്തിരുന്നത്. രജിസ്‌ട്രേഷനില്‍ കൃത്രിമം നടത്തി കൂടുതല്‍ തട്ടിപ്പ് നടത്തുന്നവെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി എസ് കെ എസ് എസ് എഫിന്റെ ആംബുലന്‍സുകള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആര്‍ ടി ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കെ എല്‍ 01 എ ടി 6093 എന്ന നമ്പറിലാണ് രണ്ട് ആംബുലന്‍സുകള്‍ സര്‍വീസ് നടത്തിയിരുന്നത്. കെ എല്‍ 27 2914 എന്ന നമ്പറില്‍ രജിസ്‌ട്രേഷന്‍ പോലും എടുക്കാതെയായിരുന്നു മറ്റൊരു സര്‍വീസ്. കെ എല്‍ 01 എ ടി 6093 എന്ന നമ്പരിലുളള രണ്ട്്് ആംബുലന്‍സുകളില്‍ ഒന്നിന് ചേസിസ് നമ്പറില്ല. സാധാരണ ഗതിയില്‍ മോഷണ വാഹനങ്ങളിലാണ് ഇത്തരം കൃത്രിമങ്ങള്‍ നടത്താറുള്ളത്. എസ് കെ എസ് എസ് എഫിന്റെ സാന്ത്വനം കെയര്‍ എന്ന പേരിലാണ് ആംബുലന്‍സുകള്‍ സര്‍വീസ് നടത്തിയിരുന്നത്. പിടിച്ചെടുത്ത ആംബുലന്‍സുകള്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കെ എല്‍ 01 എ ക്യു 5085 നമ്പറില്‍ സര്‍വീസ് നടത്തിയിരുന്ന മറ്റൊരു ആംബുലന്‍സ് തൃശൂരില്‍ നേരത്തെ അപകടത്തില്‍പ്പെട്ട് നശിച്ച ആംബുലന്‍സിന്റെ നമ്പറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കണിയാപുരം കേന്ദ്രീകരിച്ച് സര്‍വീസ് നടത്തിയിരുന്ന ഈ വാഹനവും മോട്ടോര്‍ വാഹന വകുപ്പ്്് പിടിച്ചെടുത്തു. മുന്‍ ഭാഗത്തെ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ചാണ് ഈ ആംബുലന്‍സ് സര്‍വീസ് നടത്തിയിരുന്നത്. ചേസിസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍ തുടങ്ങിയവ ഇല്ലാതെയാണ് ആംബുലന്‍സുകള്‍ സര്‍വീസ് നടത്തിയിരുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.