ഖത്വറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് മികച്ചതായിരുന്നു: ബാഴ്‌സലോണ

Posted on: June 23, 2017 12:05 am | Last updated: June 23, 2017 at 12:05 am

ദോഹ: ഖത്വറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സേവനവും സമീപനവും മികച്ചതായിരുന്നുവെന്ന് ലോകോത്തര ഫുട്‌ബോള്‍ ക്ലബായി ബാഴ്‌സലോണ എഫ് സി. ഖത്വര്‍ ഫൗണ്ടേഷനും ഖത്വര്‍ എയര്‍വേയ്‌സും ശ്രദ്ധേയമായ രീതിയിലാണ് സ്‌പോണ്‍സര്‍ഷിപ്പ് വഹിച്ചതെന്ന് ക്ലബ് വക്താവ് ജോസഫ് വൈവ്‌സ് ബാഴ്‌സലോണയില്‍ മാധ്യമങ്ങളോട് പറഞ്ഞതായി ക്യു എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.

സ്‌പോണ്‍ഷിപ്പ് സമയത്ത് വളരെ കൃത്യതയോടെയും മികച്ച രീതിയിലുമാണ് അത് കൈകാര്യം ചെയ്തത്. സ്‌പോണ്‍സര്‍ എന്ന നിലയില്‍ അവരുടെ ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തി. നിര്‍ണായകവും വിവേകപൂര്‍വവുമായ വഴികളിലൂടെ സഞ്ചരിക്കാന്‍ എഫ് സി ബാഴ്‌സലോണയെ ഖത്വറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സഹായിച്ചിട്ടുണ്ട്. ക്ലബിന്റെ ഔദ്യോഗിക എയര്‍ലൈനായി ഖത്വര്‍ എയര്‍വേയ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഞങ്ങള്‍ പ്രാദേശിക രാഷ്ട്രീയമോ മറ്റെന്തെങ്കിലും പരിഗണനയോ വെച്ചല്ല കാര്യങ്ങളെ കാണുന്നത്. ഹൃദയം കൊണ്ടാണ് സംസാരിക്കുന്നത്. മറ്റു കാര്യങ്ങളൊന്നും ഞങ്ങളുടെ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാഴ്‌സ എഫ് സിയുമായുള്ള ഖത്വര്‍ എയര്‍വേയ്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ജൂണ്‍ അവസാനത്തോടെ തീരുകയാണ്. ഒരു ജപ്പാന്‍ കമ്പനിയുമായി ക്ലബ് പുതിയ കരാറിലെത്തിയിട്ടുണ്ട്. 2011 വരെയുള്ള കരാറിലൂടെ ക്ലബിന് പ്രതി വര്‍ഷം 55 മുതല്‍ 60 വരെ ദശലക്ഷം യൂറോ കൈവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.