സഊദി കിരീടാവകാശിക്ക് യു എ ഇ ഭരണാധികാരികളുടെ അഭിനന്ദനം

Posted on: June 22, 2017 10:29 pm | Last updated: June 22, 2017 at 10:29 pm

ദുബൈ: സഊദി കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് യു എ ഇ ഭരണാധികാരികളുടെ അഭിനന്ദനം. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിനെയാണ് ഇതുസംബന്ധമായി അഭിനന്ദനമറിയിച്ചത്. സഊദിയുടെ പുതിയ കിരീടാവകാശി ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാന് ശൈഖ് ഖലീഫ എല്ലാ വിജയാശംസകളും നേര്‍ന്നു. സഊദി ഭരണാധികാരിക്ക് എല്ലാ വിധ പിന്തുണയും നല്‍കാനും രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും സാധിക്കട്ടെ എന്നാശംസിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാനെ അഭിനന്ദിച്ചു.