നെഞ്ചുവേദന: ജസ്റ്റിസ് കര്‍ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: June 21, 2017 9:27 pm | Last updated: June 22, 2017 at 9:57 am

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റിസ് കര്‍ണനെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നെഞ്ച് വേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധന നടത്തുകയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റിലായ കര്‍ണനെ ഇന്ന് രാവിലെയാണ് കൊല്‍ക്കത്തയിലെത്തിച്ചത്. പിന്നീട് പ്രസിഡന്‍സി ജയിലിലേക്ക് മാറ്റുകയായിരുന്നു. കര്‍ണന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ബംഗാല്‍ പോലീസാണഅ കര്‍ണനെ പിന്തുടര്‍ന്ന് പിടികൂടിയത്.

ഒന്നരമാസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് അദ്ദേഹം പിടിയിലായത്. കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ട കര്‍ണന്‍ മെയ് ഒമ്പത് മുതല്‍ ഒളിവിലായിരുന്നു. ഈ മാസം 12ന് സര്‍വീസില്‍ നിന്ന് വിരമിച്ചതിനാല്‍, അറസ്റ്റിലാകുന്ന ആദ്യ സിറ്റിംഗ് ജഡ്ജി എന്ന ദുഷ്‌പേരില്‍ നിന്ന് ജസ്റ്റിസ് കര്‍ണന്‍ മോചിതനായി. എന്നാല്‍, സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ച ആദ്യ ജഡ്ജിയെന്ന് പേര് അദ്ദേഹത്തിന് തന്നെയാണ്. ആദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജി തടവ് ശിക്ഷക്ക് വിധിക്കപ്പെടുന്നത്. സുപ്രീം കോടതി ജഡ്ജിമാര്‍ക്കും മറ്റുമെതിരെ അഴിമതിയാരോപണം നടത്തുകയും വിചിത്ര വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്തതിന് കോടതിയലക്ഷ്യക്കേസിലായിരുന്നു കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന കര്‍ണനെതിരെ സുപ്രീം കോടതി നടപടിയെടുത്തത്.
ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. വിധിക്ക് ശേഷം അദ്ദേഹം ഒളിവില്‍ പോകുകയായിരുന്നു.
നീതിന്യായ വ്യവസ്ഥയില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കര്‍ണന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും 20 ജഡ്ജിമാരെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു കത്ത്. ജഡ്ജിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദളിതനായതിനാല്‍ ജുഡീഷ്യറിയില്‍ താന്‍ വിവേചനം നേരിടുന്നുവെന്നായിരുന്നു കര്‍ണന്റെ പ്രധാന ആരോപണം.
സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും 20 ജഡ്ജിമാരെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു കത്ത്. ജഡ്ജിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് കര്‍ണര്‍ പ്രതികരിച്ചു.