Connect with us

Kerala

പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കില്ല; ജനങ്ങളുടെ ആശങ്ക ദുരീകരിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പുതുവൈപ്പിലെ ഐഒസി പദ്ധതി ഉപേക്ഷിക്കില്ലെന്നും നാട്ടുകാര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മാണം നടക്കുന്നത്. പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കുന്നത് വികസനത്തിന് തുരങ്കംവെക്കുന്നതിന് തുല്ല്യമാണ്. നാടിന്റെ വികസനത്തിന് ഉതകുന്ന പദ്ധതികളുമായി മുന്നോട്ട് പോകും. പദ്ധതികള്‍ വേണ്ടെന്ന് വെക്കുന്നത് തെറ്റായ സന്ദേശം നല്‍കും. ഐഒസി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന ആക്ഷേപം പരിശോധിക്കും. അതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. പദ്ധതി ചെലവിന്റെ മൂന്നിലൊന്നും സുരക്ഷക്ക് വേണഅടിയാണ്. ഐഒസി സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയല്ലെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ജനങ്ങള്‍ക്ക് നേരെ ക്രൂരമര്‍ദനം അഴിച്ചുവിട്ട യതീഷ് ചന്ദ്രയെ മാറ്റണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ നേരത്തെ, സമരസമിതിയും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. പദ്ധതിയെക്കുറിച്ച് പ്രദേശവാസികള്‍ ഉന്നയിച്ച ആശങ്കകള്‍ കണക്കിലെടുത്താണ് നിര്‍മാണം താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തത്.