Malappuram
മാനദണ്ഡം പാലിക്കാതെ മലരപ്പുറം ജില്ലയില്‍ സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു

അരീക്കോട്: ജില്ലയിലെ സ്വകാര്യ ബസുകളില്‍ സ്പീഡ് ഗവര്‍ണറും ഫസ്റ്റ്എയ്ഡ് ബോക്‌സും ഇല്ല. ഇവ ഉണ്ടെന്ന് ഉറപ്പിക്കാന്‍ വേണ്ട പരിശോധനയും ആര്‍ ടി ഒ നടത്തുന്നില്ല. ബസുകളുടെ വേഗത 40 കീലോ മീറ്ററില്‍ കൂടുതലാകാതിരിക്കാന്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് സ്വകാര്യ ബസുകള്‍ അവഗണിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്ന് കൂടിയാണ് ഇതിന്റെ ലക്ഷ്യം. മാനദണ്ഡം നോക്കാതെയാണ് ബസുകളില്‍ സീറ്റുകള്‍ സ്ഥാപിക്കുന്നത്. നിശ്ചിത അകലം വേണമെന്ന നിയമം ഇവിടെ അവഗണിക്കുകയാണ്. അതിനാല്‍ തന്നെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടാറുണ്ട്. പരമാവധി ആ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീറ്റുകള്‍ നിര്‍മിക്കുന്നത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ ഇരിക്കാന്‍ ഏറെ പാടുപെടുകയാണ്. മിനി ബസുകളാണ് ഇക്കാര്യത്തില്‍ ഒരു പിടിമുന്നില്‍. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബസുകള്‍ക്ക് അനുമതി നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടെങ്കിലും ജില്ലയിലെ ഗതാഗത വകുപ്പ് അത് പാലിക്കുന്നില്ല. സുരക്ഷാ വാതില്‍, സ്റ്റപ്പുകളുടെ ഉയരം കുറക്കല്‍ എന്നിവയും പാലിക്കപെടുന്നില്ല.
2001 ലെ പൂക്കിപറമ്പ് വാഹനാപകടത്തോടെയാണ് ഇവയെല്ലാം കര്‍ക്കശമാക്കിയതെങ്കിലും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്‌കൂള്‍ ബസുകള്‍ക്കും ഇവ നിര്‍ബന്ധമാണെങ്കിലും കാല പഴക്കം ചെന്ന ബസുകളാണ് സ്‌കൂള്‍ കുട്ടികളുടെ യാത്രക്കായി ഉപയോഗിക്കുന്നത്. അപകടം ഉണ്ടാകുമ്പോള്‍ കണ്ണ് തുറക്കുന്ന അധികൃതര്‍ ഉണ്ടാകും മുമ്പേ സുരക്ഷാ മാനദണ്ഡം ഉറപ്പ് വരുത്താന്‍ തയ്യാറാകുന്നില്ല. ജില്ലയിലെ പല ബസുകളും പിന്‍ഭാഗത്തെ വാതില്‍ ഇല്ലാതെയാണ് ഓടുന്നത്. ദീര്‍ഘദൂര ബസുകളാണ് ഇക്കാര്യത്തില്‍ മുന്നില്‍. ജീവനക്കാരുടെ എണ്ണം കുറക്കുക എന്നതാണ് ഇതിലൂടെ ബസ് ഉടമകള്‍ കണക്ക് കൂട്ടുന്നത്.