Connect with us

Palakkad

ഇടക്കനാദത്തില്‍ റമസാന്‍ ഗീതമൊരുക്കി ഞെരളത്ത് ഹരിഗോവിന്ദന്‍

Published

|

Last Updated

വടക്കഞ്ചേരി: കേരളീയ ക്ഷേത്രകലാരൂപമായ സോപാന സംഗീതത്തില്‍ റമസാന്‍ ഗീതമൊരുക്കി ശ്രദ്ധേയമാവുകയാണ് ഞെരളത്ത് രാമ പൊതുവാളിന്റെ മകനും പ്രശസ്ത സോപാന സംഗീത കലാകാരനുമായ ഞരളത്ത് ഹരിഗോവിന്ദന്‍.
ഇമ്പമാര്‍ന്ന മുസ്‌ലീം ഗാനങ്ങളില്‍ പാരമ്പര്യവാദ്യങ്ങളായ അറബനമുട്ടും, ദഫ് വാദ്യവും ഉള്‍പ്പെടുത്തി നിരവധിഗാനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ഇടക്ക നാദത്തില്‍ ഒരുക്കിയ റമസാന്‍ ഗീതം ആസ്വാദന രംഗത്ത് വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജാതിമതഭേദമന്യേ ആയിരക്കണക്കിനാളുകള്‍ നവ മാധ്യമങ്ങളിലൂടെ ഞരളത്ത് ഹരിഗോവിന്ദന്റെ റമസാന്‍ ഗീതം നെഞ്ചിലേറ്റിയിരിക്കുന്നത്. പ്രമുഖ നവ മാധ്യമങ്ങളായ യൂ ട്യൂബ്, ഫൈസ് ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവയിലൂടെ വലിയ ഒരു തരംഗം തന്നെയാണ് ഈ റമളാന്‍ ഗീതം സൃഷ്ടിച്ചിരിക്കുന്നത്. ലൈലത്തുല്‍ ഖദിറിന്റെ മാസം റമസാന്‍, റസൂലിന്റെ പാവന പുണ്യം റമസാന്‍ എന്നു തുടങ്ങുന്ന 10 ഓളം വരികളുള്ള ഗീതമാണ് ഇടക്ക വിസ്മയത്തിലൂടെ തീര്‍ത്തിരിക്കുന്നത്. മതാതീതമായ മനുഷ്യ സൗഹാര്‍ദ്ദത്തെ സംബന്ധിച്ച കാഴ്ച്ചപ്പാടിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് റമളാന്‍ ഗീതത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഞരളത്ത് ഹരിഗോവിന്ദന്‍ പറയുന്നു.

കേരളത്തിലെ ക്ഷേത്ര കലാരൂപമായ സോപാനസംഗീതം ഒരു ക്ഷേത്രകല മാത്രമായി ഒതുങ്ങുമ്പോള്‍ പ്രത്യേകിച്ച് സാമൂഹ്യ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. വിശ്വാസികളുടെ ആചാരങ്ങള്‍ പൂര്‍ത്തീകരിക്കാനും, വിശ്വാസത്തെ കൊണ്ട് നടക്കാനും മാത്രമേ ഈ കല കൊണ്ട് കഴിയുകയുള്ളു. മതാതീതമായ ആത്മീയതയില്‍ ചിന്തിക്കുമ്പോള്‍ ഇത്തരം കലാരൂപങ്ങളുടെ സങ്കേതത്തെ എല്ലാ വിഭാഗം മനുഷ്യമനസ്സുകളുടേയും ഇടപെടലുകളിലേക്ക് ചെന്നെത്തിക്കാന്‍ സാധിക്കുന്ന ഒന്നാക്കി പരിവര്‍ത്തിപ്പിക്കലാണ് ഒരു കലാകാരന്റെ ധര്‍മ്മം. പഠിച്ചത് അത് പോലെ പാടുകയും കൊട്ടുകയും ചെയ്യുന്നതില്‍ കലാകാരന്‍മാര്‍ക്ക് അതു കൊണ്ട് സാമൂഹ്യപരമായി ഒരു ധര്‍മ്മവുമില്ല എന്ന് ഹരിഗോവിന്ദന്‍ പറഞ്ഞു.
മതാതീതമായിട്ടുള്ള ആത്മിയ സമീപനമായിട്ടാണ് താന്‍ എപ്പോഴും ജീവിതത്തെ കാണുന്നത്. പ്രണയം, ആത്മീയം വിഷങ്ങളില്‍ വിപ്ലവകരമായ സമീപനം സ്വീകരിക്കുമ്പോള്‍ മാത്രമാണ് അതിന് ഒരു ഉള്‍ക്കരുത്ത് ലഭിക്കുന്നത്. അത്തരത്തിലുള്ള ഉള്‍ക്കരുത്താര്‍ന്ന കലാപ്രവര്‍ത്തനങ്ങളായിരിക്കണം തന്റേതെന്ന നിശ്ചയദാര്‍ഢ്യമാണ് ഇത്തരം കൃതികള്‍ ക്ക് ജന്മം നല്‍കാന്‍ ഞരളത്ത് ഹരിഗോവിന്ദനെ പ്രേരിപ്പിക്കുന്നത്.

ഈ പ്രേരണ കൊണ്ട് തന്നെയാവാം ഇത്തരത്തിലുള്ള വിവിധ സന്ദര്‍ഭങ്ങളിലെല്ലാം തന്റേതായ സൃഷ്ടിയില്‍ 50 ഓളം പാട്ടുകള്‍ രചിച്ച് ആലപിക്കാന്‍ ഹരിഗോവിന്ദന് കഴിഞ്ഞിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നടന്ന ചില മൃഗീയ കൊലപാതകങ്ങള്‍, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടായചേരിതിരിവ്, നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ അനുഭവിച്ച ദുരിതം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പാട്ടെഴുതി ഇടക്ക നാദത്തോടെ ആലപിച്ച ഗീതങ്ങള്‍ ഒരുപാട് ശ്രദ്ധേയമായത്.
ഇന്ത്യക്കകത്തും, വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളില്‍ ഇടക്കനാദ വിസ്മയം തീര്‍ക്കുന്ന ഞരളത്ത് ഹരിഗോവിന്ദനെ നിരവധി പുരസ്‌കാരങ്ങളും തേടി എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് വിതരണത്തില്‍ ഈ വര്‍ഷത്തെ സോപാന സംഗീതത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനില്‍ നിന്നും ഞരളത്ത് ഹരിഗോവിന്ദന്‍ ഏറ്റുവാങ്ങിയിരുന്നു.