Connect with us

Gulf

വേനലവധിയും പെരുന്നാളും; ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

Published

|

Last Updated

ദോഹ: ഇന്ത്യയടക്കമുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചു. അടുത്ത വ്യാഴം മുതല്‍ രാജ്യത്ത് സ്‌കൂള്‍ വേനലവധിയ ആരംഭിക്കുകയും ഈദുല്‍ ഫിത്വര്‍ അടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണിത്. അവധി മുന്‍കൂട്ടി കണ്ട് നേരത്തെ വിമാനടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ലെങ്കിലും 22ന് ശേഷം ടിക്കറ്റ് എടുക്കുന്നവര്‍ വിമാനകമ്പനികളുടെ യാത്രാക്കൊള്ളക്ക് വിധേയരാകുമെന്നതില്‍ സംശയമില്ല.

വേനല്‍ അവധി ആഘോഷിക്കാനായി സ്വദേശങ്ങളിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും യാത്രക്ക് തയ്യാറെടുക്കുന്നവര്‍ നിരവധിയാണ്. ജൂണ്‍ അവസാനത്തോടെയാണ് രാജ്യത്ത് സാധാരണ യാത്രക്കാരുടെ തിരക്ക് കൂടുന്നത്. ഈദുല്‍ ഫിത്വര്‍ അവധി കൂടി ഒരുമിച്ചെത്തുന്നതോടെ പെരുന്നാള്‍ ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്നവരുടെ എണ്ണവും വര്‍ധിക്കും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് തിരക്ക് വര്‍ധിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം മിക്ക വിമാനകമ്പനികളും നിരക്ക് വര്‍ധന തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്. ജൂണ്‍ 25 മുതല്‍ സെപ്തംബര്‍ ഒന്ന് വരെ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള എക്കോണമി ക്ലാസിലെ യാത്രാനിരക്ക് ഏകദേശം അയ്യായിരം റിയാലോളം വരും. കൊച്ചിയിലേക്ക് 5,100 റിയാലുമാണ് പുതിയ നിരക്ക്. ശ്രീലങ്കയിലെ കൊളംബോയിലേക്ക് ഇതേ കാലയളവില്‍ പോയി വരുന്നതിന് 3,000 റിയാലാണ് നിരക്ക്. കറാച്ചിയിലേക്കും ഇതേ കാലയളവില്‍ 1,750 റിയാല്‍ അധികം നല്‍കേണ്ടി വരും.
അതേസമയം നിലവിലെ പ്രതിസന്ധിയെ തുടര്‍ന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രാനിരക്കില്‍ ഈ വര്‍ഷം വര്‍ധനയുണ്ടാകില്ലെന്ന് യാത്രാ ഏജന്‍സികള്‍ പറയുന്നു. ജൂണ്‍ 25 മുതല്‍ സെപ്തംബര്‍ ഒന്ന് വരെ ലണ്ടനിലേക്ക് എക്കോണമി ക്ലാസില്‍ വന്നുപോകുന്ന നിരക്ക് 3,800 റിയാല്‍ മുതല്‍ക്കാണ്. പാരീസില്‍ നിന്ന് എക്കോണമി ക്ലാസില്‍ മടക്ക ടിക്കറ്റിന് 3,200 ആണ് നിരക്ക്. ന്യൂയോര്‍ക്കില്‍ നിന്നുള്ള മടക്ക ടിക്കറ്റിനും 4,800 റിയാലാണ് നിരക്ക്.
പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് നിരവധി ഓണ്‍ലൈന്‍ പ്രമോഷന്‍ ഓഫറുകള്‍ ഖത്വര്‍ എയര്‍വേയ്‌സ് നല്‍കുന്നുണ്ട്. ഖത്വര്‍ എയര്‍വേയ്‌സിന്റെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ സൗജന്യ വിസയും ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സൗജന്യ രാത്രി താമസവും നല്‍കുന്നുണ്ട്. ഈദുല്‍ ഫിത്വര്‍, വേനലവധിക്കായി യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ക്രമീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest