യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡിജിപി; പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു

Posted on: June 20, 2017 2:57 pm | Last updated: June 20, 2017 at 8:11 pm

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നുവെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. പുതുവൈപ്പ് ഐഒസി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ പ്രതിഷേധിച്ചത് പ്രധാനമന്ത്രി പോകേണ്ട വഴിയിലാണ്. ഈ സാഹചര്യത്തില്‍ ഡിസിപി യതീഷ് ചന്ദ്ര ചെയ്തത് ശരിയെന്നും ഡിജിപി ടിപി സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയത്. പോലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. യതീഷ് ചന്ദ്ര ചെയ്തതില്‍ തെറ്റില്ല. മാധ്യമങ്ങളാണ് തെറ്റായ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുവൈപ്പിനില്‍ പൊലീസ് ആരുടെയും വീട്ടില്‍ പോയി ആക്രമിച്ചിട്ടില്ല. വികസനത്തിന്റെ പ്രശ്‌നം വന്നാല്‍ ആര്‍ക്കേലും ഉപദ്രവമുണ്ടാകും. ഒരു പ്രൊജക്റ്റ് വരുന്നേരം അതിലെന്താണ് നടപടി വേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കേരളം മാത്രമാണ് ഇങ്ങനെയുളളത്. മൂവായിരമോ നാലായിരമോ ജനങ്ങള്‍ക്കായിരിക്കും ഒരു വികസനം വരുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്.

മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഇപ്പോഴും നമ്മുടെ ദേശീയപാത കിടക്കുന്നത് കണ്ടില്ലേ.വാഹനങ്ങളൊക്കെ പെരുകുകയാണ്. റോഡിന് വീതി കൂട്ടാന്‍ കഴിയുന്നില്ലെന്നും ഡിജിപി പറഞ്ഞു.