സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് പെണ്‍കുട്ടിയുടെ കാമുകന്‍ രംഗത്ത്

Posted on: June 19, 2017 10:51 pm | Last updated: June 19, 2017 at 10:51 pm

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് പെണ്‍കുട്ടിയുടെ കാമുകന്‍ രംഗത്ത്. പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്നും പെണ്‍കുട്ടിയെ കാണാനില്ലെന്നും കാണിച്ച് അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു. ഹരജിയില്‍ കോടതി പോലീസിനോടു വിശദീകരണം തേടി. സ്വാമിയുടെ നിരപരാധിത്വം പ്രഖ്യാപിച്ച് പെണ്‍കുട്ടി രംഗത്തുവന്നതിന് പിന്നില്‍ സംഘ്പരിവാര്‍ ബന്ധമുള്ളവരാണെന്നും അയ്യപ്പദാസ് ആരോപിച്ചു. സ്വാമിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നയാളാണ് പെണ്‍കുട്ടിയുടെ കാമുകനായ അയ്യപ്പദാസ്.

അതേസമയം, സ്വാമി ഗംഗേശാനന്ദയുടെ ജാമ്യഹരജിയില്‍ ഇന്നലെ തിരുവനന്തപുരം പോക്‌സോ കോടതി വാദം കേട്ടു. കേസില്‍ വിധി പറയാനായി ഇന്നത്തേക്ക് മാറ്റി. പെണ്‍കുട്ടി തന്നെ വ്യത്യസ്ത മൊഴികള്‍ പറയുന്നതിനാല്‍ ശരിയായ അന്വേഷണം സാധ്യമായിട്ടില്ലെന്നും കഴിഞ്ഞ 28 ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന ഗംഗേശാനന്ദയക്കു ജാമ്യം അനുവദിക്കണമെന്നും സ്വാമിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ അരോപണത്തില്‍ കഴമ്പില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ജാമ്യാപേക്ഷ എതിര്‍ക്കുകയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
കേസ് സി ബി ഐക്ക് വിടണം എന്ന പെണ്‍കുട്ടിയുടെ ഹരജിയും ഇതോടൊപ്പം തന്നെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേസ് സി ബി ഐക്ക് വിടാന്‍ പോക്‌സോ കോടതിക്ക് അധികാരം ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഹരജിയുടെ നിയമവശം സംബന്ധിച്ച വാദം ഇന്ന് കോടതി പരിഗണിക്കും. യുവതിയെ നുണ പരിശോധനക്ക് വിധേയമാക്കണം എന്ന പോലീസിന്റെ അപേക്ഷയിലും കോടതി നിലപാട് വ്യക്തമാക്കും.