പനി മരണങ്ങള്‍;ആരോഗ്യവകുപ്പ് പൂര്‍ണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല

Posted on: June 18, 2017 10:54 am | Last updated: June 18, 2017 at 12:34 pm

തിരുവനന്തപുരം: പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്തു പടര്‍ന്നുപിടിച്ചതിനു പിന്നാതെ ആരോഗ്യവകുപ്പിനെതിരേ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പനി നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പിണറായി വിജയനെ നേരിട്ടു കാണുകയും ചെയ്തു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചതിന്റെ ഉത്തരവാദിത്വം ആരോഗ്യ വകുപ്പിനാണ്. ആരോഗ്യ വകുപ്പ് പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ആരോഗ്യവകുപ്പ് ആവശ്യമായ നടപടികള്‍ എടുക്കാതിരുന്നതാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണം. മഴക്കാലപൂര്‍വ്വ ശുചീകരണങ്ങള്‍ നടത്തുന്നതിലും ആരോഗ്യ വകുപ്പ് പരാജയപ്പെട്ടു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ മാറ്റിയതാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റാന്‍ കാരണം.
യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചുവെന്ന കാരണം കൊണ്ട് അവരെ മാറ്റരുതായിരുന്നുവന്നെും ചെന്നിത്തല പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ സമരം നടത്താനല്ല പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു