മലയോരം പനിച്ച് വിറക്കുന്നു;കൊതുക് വലയില്‍ മൂടിപ്പുതച്ച് രോഗികള്‍

Posted on: June 16, 2017 9:19 am | Last updated: June 16, 2017 at 9:18 am
നാദാപുരം താലൂക്ക് ആശുപത്രിയില്‍ പനി ബാധിതരെ കൊതുക്
വലക്കകത്താക്കിയ നിലയില്‍

നാദാപുരം: മലയോര മേഖലയെ ഭീതിയിലാക്കി ഡെങ്കിപ്പനിയും പകര്‍ച്ച വ്യാധികളും പടരുമ്പോള്‍ കൊതുക് വലയില്‍ മൂടി രോഗികള്‍. മേഖലയില്‍ അമ്പതോളം പേര്‍ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വളയം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കീഴിലാണ് ഡെങ്കിപ്പനി ബാധിച്ചവരിലേറെയും. നാദാപുരം പോലീസ് ബാരക്‌സിലെ രണ്ട് പോലീസുകാര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

ബാരക്‌സിന് ചുറ്റും വൃത്തിഹീനമായി കിടക്കുകയാണ്. അമ്പതോളം സേനാംഗങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഒഴിഞ്ഞ പാത്രങ്ങളും മറ്റും ബാരക്‌സിന് ചുറ്റും കുമിഞ്ഞ് കൂടിയിട്ടും യാതൊരു വിധ ശുചീകരണ പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നിട്ടില്ല. വിലങ്ങാട് മൂന്ന് പേര്‍ ഡെങ്കിപ്പനി ബാധിച്ച് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയാലാണ്. പാലോത്തെ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. ഉരുട്ടി, പാനോം ഭാഗങ്ങളില്‍ നിന്ന് പനി ബാധിച്ച് നിരവധി പേര്‍ ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ നിരീക്ഷണത്തിലാണ്. നാദാപുരം താലൂക്ക് ആശുപത്രിയില്‍ സ്ത്രീകളടക്കമുള്ളവരാണ് ചികിത്സയിലുള്ളത്. പനി ബാധിതരെയെല്ലാം കൊതുകുവലകള്‍ മൂടിയാണ് ചികിത്സിക്കുന്നത്. നാനൂറോളം പേരാണ് ദിനംപ്രതി പനിയും മറ്റ് മഴക്കാല രോഗങ്ങളും ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്.