Connect with us

Sports

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിലപിടിപ്പുള്ള ഡിഫന്‍ഡര്‍ !

Published

|

Last Updated

ലണ്ടന്‍: സ്വീഡിഷ് വെറ്ററന്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിന് കരാര്‍ പുതുക്കി നല്‍കാന്‍ മടി കാണിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മറ്റൊരു സ്വീഡിഷ് താരത്തെ ടീമിലെത്തിച്ചു. ഇരുപത്തിരണ്ടുകാരനായ ഡിഫന്‍ഡര്‍ വിക്ടര്‍ ലിന്‍ഡെല്‍ഫ്. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയില്‍ നിന്നാണ് സ്വീഡിഷ് താരം വരുന്നത്. 31 ദശലക്ഷം പൗണ്ടിന്റെ കരാറിലാണ് ട്രാന്‍സ്ഫര്‍.

സ്വീഡന് വേണ്ടി പന്ത്രണ്ട് രാജ്യാന്തര മത്സരങ്ങള്‍ കളിച്ച വിക്ടര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഏറ്റവും വിലപിടിപ്പുള്ള ഡിഫന്‍ഡര്‍ എന്ന റെക്കോര്‍ഡും ഇതോടെ സ്വന്തമാക്കി.
2002 ല്‍ ഇംഗ്ലീഷ് ഡിഫന്‍ഡര്‍ റിയോ ഫെര്‍ഡിനാന്‍ഡിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 29.1 ദശലക്ഷം പൗണ്ടിന് ടീമിലെത്തിച്ചതിന്റെ റെക്കോര്‍ഡാണ് ഇവിടെ തകര്‍ക്കപ്പെട്ടത്. നാല് വര്‍ഷവും വേണ്ടി വന്നാല്‍ ഒരു വര്‍ഷം അധികമായി ലഭിച്ചേക്കാവുന്നതുമായ കരാറിലാണ് സ്വീഡിഷ് താരം ഒപ്പുവെച്ചത്. ബെന്‍ഫിക്കക്കായി 47 മത്സരങ്ങള്‍ കളിച്ച വിക്ടര്‍ കഴിഞ്ഞ സീസണില്‍ പോര്‍ച്ചുഗലില്‍ ഇരട്ടക്കിരീടങ്ങളില്‍ പങ്കാളിയായി.
ബെന്‍ഫിക്ക വലിയ അനുഭവമായിരുന്നു വിക്ടറിന്. എന്നാല്‍, ഓള്‍ഡ്ട്രഫോര്‍ഡില്‍ ജോസ് മൗറിഞ്ഞോയുടെ ടീമിന്റെ ഭാഗമാകാന്‍ പോകുന്നുവെന്നത് സ്വീഡിഷ് താരത്തെ ആവേശം കൊള്ളിക്കുന്നു. വിക്ടറില്‍ മൗറിഞ്ഞോക്ക് വലിയ പ്രതീക്ഷയുണ്ട്. പ്രതിഭാധനനായ യുവ ഡിഫന്‍ഡര്‍, അയാള്‍ക്ക് കീഴടക്കാന്‍ ഏറെയുണ്ട്, മാഞ്ചസ്റ്റര്‍ യുനൈറ്റഡായിരിക്കും അയാളുടെ ഭാവി – മൗറിഞ്ഞോ പറഞ്ഞു.
2013 ല്‍ അലക്‌സ് ഫെര്‍ഗൂസന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പിറകോട്ടടിക്കാന്‍ പ്രധാന കാരണം സെന്‍ട്രല്‍ ഡിഫന്‍സില്‍ സ്ഥിരത പുലര്‍ത്താഞ്ഞതാണ്. ഫില്‍ ജോണ്‍സ്, മാര്‍കോസ് റോജോ, ക്രിസ് സ്മാളിംഗ്, ഡാലെ ബ്ലിന്‍ഡ് എന്നിവര്‍ക്കൊന്നും റിയോ ഫെര്‍ഡിനാന്‍ഡിന്റെ സ്ഥിരതയില്ലായിരുന്നു.

മുന്നേറ്റ നിരയിലേക്ക് റയല്‍മാഡ്രിഡിന്റെ സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയെ മാഞ്ചസ്റ്റര്‍ ലക്ഷ്യമിടുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഇന്റര്‍മിലാനില്‍ നിന്ന് ഇയാന്‍ പെര്‍സിസിചും മൗറിഞ്ഞോയുടെ റഡാറിലുണ്ട്. ക്രൊയേഷ്യന്‍ വിംഗര്‍ക്ക് ഇന്റര്‍മിലാന്റെ വില 44 ദശലക്ഷം പൗണ്ടാണ്. 2015 ല്‍ പതിനാല് ദശലക്ഷത്തിനാണ് പെരിസിചിനെ വോള്‍സ്ബര്‍ഗില്‍ നിന്ന് ഇന്റര്‍ സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ നല്‍കുന്ന ഓഫര്‍ മുപ്പത് ദശലക്ഷം പൗണ്ടാണ്. ക്രൊയേഷ്യന്‍ താരത്തിനായുള്ള വിലപേശല്‍ തുടരുകയാണ്.