ബില്ലടച്ചില്ല; കൃഷിഭവന്‍ ഓഫീസിലെ ഫ്യൂസ് വീണ്ടും ഊരി

Posted on: June 15, 2017 9:24 pm | Last updated: June 15, 2017 at 9:24 pm

കോട്ടക്കല്‍: വൈദ്യുതി ബില്ലടക്കാത്തതിനെ തുടര്‍ന്ന് കൃഷിഭവന്‍ കെട്ടിടത്തിലെ വിവിധ ഓഫീസുകളിലെ വൈദ്യുതി ബന്ധം വീണ്ടും വിഛേദിച്ചു. കൃഷിഭവന്‍, എം പി ഓഫീസ്, പ്രവാസി ക്ഷേമ വകുപ്പ് ജില്ലാ ലെയ്‌സന്‍ ഓഫീസ് എന്നിവയിലെ വൈദ്യുതിയാണ് കഴിഞ്ഞ ദിവസം വിഛേദിച്ചത്.

നഗരസഭയും, കൃഷി ഓഫീസും തമ്മിലുള്ള തര്‍ക്കമാണ് ഇതിലേക്ക് എത്തിച്ചത്. നഗരസഭയാണ് ബില്‍ അടക്കേണ്ടതെന്ന് കൃഷി വകുപ്പ് പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് കൃത്യസമയത്ത് ബില്‍ ലഭിക്കുന്നില്ലെന്ന് നഗരസഭയും വ്യക്തമാക്കുന്നു.
അതിനിടെ അതത് വകുപ്പുകളുടെ ഓഫീസ് ബില്ലുകള്‍ അവര്‍ തന്നെയാണ് അടക്കേണ്ടതെന്ന വാദവും നിരത്തുന്നുണ്ട്. മൂന്ന് ഓഫീസുകള്‍ക്കുമായി ഒറ്റ മീറ്ററാണിവിടെയുള്ളത്. ഇത് മാറ്റി ഓരോന്നിനും വെവ്വേറെ മീറ്ററുകള്‍ വെക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് കൃഷി ഓഫീസിലെ ടെലഫോണ്‍ ബന്ധവും വിഛേദിച്ചിട്ടുണ്ട്.